29 March Friday
പ്രവേശനോത്സവം: സ്‌കൂളുകൾ ഒരുങ്ങി

ഒന്നിലേക്ക് 5291 കുരുന്നുകൾ

സ്വന്തം ലേഖകൻUpdated: Sunday May 29, 2022
കോട്ടയം
ജില്ലയിൽ മേയ് 27 വരെ 5291 വിദ്യാർഥികൾ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടി. മേയ് 31 നകം പ്രവേശന നടപടികൾ പൂർത്തിയാകുമ്പോൾ പതിനായിരത്തിലേറെ കുരുന്നുകൾ പ്രവേശനം നേടുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രതീക്ഷ. സമ്പൂർണ എന്ന ഓൺലൈൻ പോർട്ടൽ വഴിയാണ് പ്രവേശന നടപടികൾ. കുട്ടികളുടെ ആധാർ കാർഡിലെ ബയോമെട്രിക് വിവരങ്ങളടക്കം ഉൾപ്പെടുത്തിയാണ് ഇത്തവണ പ്രവേശനം നേടുന്നത്.
പുതിയ അധ്യയന വർഷം വിദ്യാർഥികളെ വരവേൽക്കാൻ ജില്ലയിലെ സ്‌കൂളുകൾ ഒരുങ്ങി. ജൂൺ ഒന്നിനാണ് സ്‌കൂളുകൾ തുറക്കുക. സ്‌കൂളുകളിലെ ഒരുക്കം അന്തിമഘട്ടത്തിലാണെന്നും പ്രവേശനോത്സവത്തിന് സ്‌കൂളുകൾ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നതെന്നും പൊതുവിദ്യാഭ്യാസ ഉപഡയറക്ടർ എൻ സുജയ പറഞ്ഞു. 
ജില്ലാതല പ്രവേശനോത്സവം കുടമാളൂർ ഗവ. എച്ച്എസ്എസിൽ രാവിലെ 9.30ന് സഹകരണ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനംചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി അധ്യക്ഷയാകും. തോമസ് ചാഴികാടൻ എംപി മുഖ്യപ്രഭാഷണം നടത്തും. കലക്ടർ ഡോ. പി കെ ജയശ്രീ വിദ്യാർഥികൾക്ക് സമ്മാനങ്ങൾ വിതരണംചെയ്യും. ബ്ലോക്ക് തലത്തിലും സ്‌കൂളുൾ തലത്തിലും പ്രവേശനോത്സവം നടക്കും.
ആറു സ്‌കൂളുകളിൽ 
പുതിയ കെട്ടിടം
ജില്ലയിൽ ആറു സ്‌കൂളുകളിൽ പുതിയ കെട്ടിടങ്ങൾ പൂർത്തീകരിച്ചു. പ്ലാൻഫണ്ടിലൂടെ താഴത്തുവടകര ഗവ. ഹൈസ്‌കൂൾ, ജിഎൽപിഎസ് വെളിയന്നൂർ, മുസ്ലിം ഗേൾസ് എൽപി സ്‌കൂൾ ഈരാറ്റുപേട്ട, സർക്കാർ ചലഞ്ച് ഫണ്ട് പദ്ധതിയിലൂടെ വിബി യുപിഎസ് തൃക്കൊടിത്താനം, സെന്റ് മേരീസ് എൽപിഎസ് ഇരവിമംഗലം, സെന്റ് റോക്കീസ് യുപി സ്‌കൂൾ അരീക്കര എന്നിവിടങ്ങളിലെ കെട്ടിട നിർമാണമാണ് പൂർത്തീകരിച്ചത്.  
സുരക്ഷയിൽ 
വിട്ടുവീഴ്‌ചയില്ല
സ്‌കൂൾ കെട്ടിടങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് കർശന മാർഗ നിർദേശങ്ങൾ നൽകിയതായി പൊതുവിദ്യാഭ്യാസ ഉപഡയറക്ടർ പറഞ്ഞു. ജില്ലയിലെ മിക്ക സ്‌കൂളുകളും കോൺക്രീറ്റ് കെട്ടിടങ്ങളിലേക്ക് മാറി. സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളിൽ ക്ലാസ് മുറികൾ അനുവദിക്കില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top