19 April Friday
ജില്ലാ വികസന സമിതി

പദ്ധതി വൈകിക്കുന്ന കരാറുകാർക്കെതിരെ നടപടിവേണം

സ്വന്തം ലേഖകൻUpdated: Sunday May 29, 2022
കോട്ടയം
വികസന പദ്ധതികളുടെ ഭാഗമായ നിർമാണപ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാത്ത കരാറുകാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ ആവശ്യം. കലക്ടർ ഡോ. പി കെ ജയശ്രീ അധ്യക്ഷയായി ഓൺലൈനിൽ ചേർന്ന യോഗത്തിൽ ജനപ്രതിനിധികൾ ഇക്കാര്യം ഉന്നയിച്ചു. 
പൊതുമരാമത്ത്, ജല അതോറിറ്റി തുടങ്ങി വിവിധ വകുപ്പുകൾ നടത്തുന്ന അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങൾ കാലവർഷത്തിനു മുമ്പായി പൂർത്തിയാക്കണം. കരാറുകാരുമായുള്ള ഉടമ്പടിയിൽ ഉൾപ്പെടുത്തിയ കാര്യങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് വകുപ്പുമേധാവികൾ ഉറപ്പാക്കണം. പദ്ധതികൾ യഥാസമയം പൂർത്തീകരിച്ചതായും പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുന്നതായും ഉറപ്പുവരുത്താത്ത ഉദ്യോഗസ്ഥരിൽനിന്ന് വിശദീകരണം തേടുമെന്ന് കലക്ടർ പറഞ്ഞു. 
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ കുടിവെള്ള വിതരണ പദ്ധതി, ചാമംപതാൽ ഗവൺമെന്റ് സ്‌കൂൾ, കൊടുങ്ങൂർ മിനി സിവിൽ സ്റ്റേഷൻ എന്നിവയുടെ നിർമാണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ആവശ്യപ്പെട്ടു. കാഞ്ഞിരപ്പള്ളി, കോട്ടയം നിയോജക മണ്ഡലങ്ങളിലെ കുടിവെള്ള പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശ്നങ്ങൾ ചർച്ചചെയ്യാൻ പൊതുമരാമത്ത്, ജലഅതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗം ചേരും.
സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ആവശ്യപ്പെട്ട പ്രകാരം എരുമേലി പൊലീസ് ക്യാമ്പിൽ മാലിന്യ പ്ലാന്റ് സ്ഥാപിക്കാൻ നടപടിയെടുക്കും. പൊലീസ് പദ്ധതി തയ്യാറാക്കി നൽകിയാൽ വനം-വന്യജീവി വകുപ്പ് നടപടി സ്വീകരിക്കും. ഈരാറ്റുപേട്ടയിൽ  കോടതിക്കായി നിർമിക്കുന്ന കെട്ടിടം അടിയന്തരമായി പൂർത്തിയാക്കി പ്രവർത്തനത്തിന് സജ്ജമാക്കണമെന്നും പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ജലജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. 
കോട്ടയം കെഎസ്ആർടിസി ബസ് ടെർമിനൽ നിർമാണം വേഗത്തിലാക്കാനും നഗരത്തിലുൾപ്പെടെയുള്ള റോഡുകളുടെ അവസ്ഥ മെച്ചപ്പെടുത്താനും  നടപടിയെടുക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആവശ്യപ്പെട്ടു. ചങ്ങനാശേരി ബൈപാസിൽ ഫ്ളൈ ഓവർ നിർമാണം, ഓട ശുചീകരണം, കുറിച്ചി ടെക്നിക്കൽ ഹൈസ്‌കൂൾ കെട്ടിടം നിർമാണം എന്നിവ അടിയന്തരമായി ആരംഭിക്കണമെന്നും ചങ്ങനാശേരി ബോട്ട് ജെട്ടിയിൽനിന്ന് മുടങ്ങിക്കിടക്കുന്ന രണ്ട് ബോട്ടുകളുടെ സർവീസ് പുനഃരാരംഭിക്കണമെന്നും ജോബ് മൈക്കിൾ എംഎൽഎ ആവശ്യപ്പെട്ടു. പാലാ ജനറൽ ആശുപത്രിയിൽ നടത്തേണ്ട വിവിധ വികസന പ്രവർത്തനങ്ങൾ തോമസ് ചാഴികാടൻ എംപിയുടെ പ്രതിനിധി അഡ്വ. സിബി വെട്ടൂർ ഉന്നയിച്ചു.  
 ജില്ലാ പ്ലാനിങ്‌ ഓഫീസർ ലിറ്റി മാത്യു പദ്ധതി പുരോഗതി റിപ്പോർട്ടവതരിപ്പിച്ചു. പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട പുരോഗതി സംബന്ധിച്ച് വിവിധ വകുപ്പു മേധാവികൾ വിശദീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top