02 May Thursday
പ്രസവവാർഡില്ലാത്ത ആശുപത്രിയിൽ സൗകര്യമൊരുക്കി

ഏറ്റുമാനൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നാടോടി സ്‌ത്രീക്ക്‌ സുഖപ്രസവം

വെബ് ഡെസ്‌ക്‌Updated: Saturday Jan 29, 2022
ഏറ്റുമാനൂർ 
പ്രസവ വാർഡില്ലാത്ത ഏറ്റുമാനൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നാടോടി സ്ത്രീയ്ക്ക് സുഖപ്രസവമൊരുക്കി ആരോഗ്യപ്രവർത്തകർ. പരിമിത സൗകര്യങ്ങളിൽ ഇവരുടെ അവസരോചിത ഇടപെടൽമൂലം 24 കാരിക്ക് പെൺകുഞ്ഞ് പിറന്നു. അമ്മയേയും കുഞ്ഞിനെയും കോട്ടയം മെഡിക്കൽകോളേജ് ഗൈനക്കോളജി വിഭാഗത്തിലേക്ക് മാറ്റി. 
വെള്ളി വൈകിട്ട് 5.45 ഓടെയാണ് സംഭവം. പ്രസവവേദനയെ തുടർന്നാണ്‌ സ്ത്രീയും ഭർത്താവും ഏറ്റുമാനൂർ സിഎച്ച്സിയെ ആശ്രയിച്ചത്. സ്ത്രീ വേദനയെതുടർന്ന്‌ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. യാത്രചെയ്താൽ പ്രസവത്തെ സാരമായി ബാധിക്കുമെന്ന് മനസിലാക്കിയ ആരോഗ്യപ്രവർത്തകർ ചുരുങ്ങിയ സമയം കൊണ്ട് ആശുപത്രിയിൽ പ്രസവത്തിന്‌ സൗകര്യമൊരുക്കി. 5.58 ഓടെ യുവതിക്ക്‌ പെൺകുഞ്ഞ് പിറന്നു. അമ്മയേയും കുഞ്ഞിനേയും തുടർചികിത്സയ്‌ക്ക്‌ കോട്ടയം മെഡിക്കൽ കോളേജിലെത്തിക്കാൻ ആംബുലൻസ് അന്വേഷിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് തുടർന്ന് ഡ്യൂട്ടി ഡോക്ടർ ആനന്ദ് കൃഷ്ണന്റെ നേതൃത്വത്തിൽ ഓട്ടോയിൽ ഇവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിലാക്കി. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില മെച്ചപ്പെട്ടതായി കോട്ടയം മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.
ഡോ. എ ആനന്ദ് കൃഷ്ണൻ, നഴ്സുമാരായ സിനി, പ്രീതി, ഗിരിജ ജയ്‌മോൻ, ആരോഗ്യ പ്രവർത്തക സരസ്വതി എന്നിവരാണ് പ്രസവത്തിന് നേതൃത്വം നൽകിയത്. മന്ത്രി വി എൻ വാസവൻ ഫോണിലൂടെ വിളിച്ച് ഇവർക്ക്‌ അഭിനന്ദനം അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top