26 April Friday

ജവാഹർ ബാലഭവൻ ഒഴിപ്പിക്കാൻ പബ്ലിക്‌ ലൈബ്രറി; തടയണമെന്ന്‌ ജീവനക്കാർ

വെബ് ഡെസ്‌ക്‌Updated: Saturday Jan 29, 2022
കോട്ടയം
ജവാഹർ ബാലഭവൻ ഒഴിപ്പിക്കാനുള്ള കോട്ടയം പബ്ലിക് ലൈബ്രറിയുടെ നീക്കത്തിനെതിരെ ജീവനക്കാർ രംഗത്ത്‌. കെട്ടിടം ഒഴിഞ്ഞുകിട്ടാൻ  സർക്കാരിന് വക്കീൽ നോട്ടീസ് നൽകിയതോടെ  ബാലഭവൻ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന നടപടിയുമായി പബ്ലിക് ലൈബ്രറി മുന്നോട്ടുപോകുകയാണെന്ന്‌ ജീവനക്കാരുടെ പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
  1967 ആഗസ്‌ത്‌ 15ന് മഹാകവി ജി ശങ്കരക്കുറുപ്പ് തറക്കല്ലിട്ട്‌ 1969 ജൂൺ ആറിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൊഫ. വി കെ ആർ വി റാവു ഉദ്ഘാടനം നടത്തിയ കെട്ടിടത്തിലാണ്  ബാലഭവനും കുട്ടികളുടെ ലൈബ്രറിയും പ്രവർത്തിക്കുന്നത്. മഹാനായ കെ പി എസ് മേനോൻ ജനിച്ച ഈ സ്ഥലം കുട്ടികളുടെ പ്രവർത്തനങ്ങൾക്ക് വേണ്ടി  നൽകിയതാണ്. അന്നത്തെ പബ്ലിക് ലൈബ്രറി സെക്രട്ടറി ഡി സി കിഴക്കേമുറിയുടെ നേതൃത്വത്തിൽ കെട്ടിടം പണിക്ക്‌ പണം കണ്ടെത്താൻ ലോട്ടറി നടത്താൻ സർക്കാർ അനുവാദം നൽകിയതിന്റെ അടിസ്ഥാനത്തിൽ ലോട്ടറിയുടെ ലാഭം കൊണ്ടാണ്  പണിതത്.
1971 ജൂലൈ ഒന്നിന് ജവാഹർ ബാലഭവൻ ആൻഡ് ചിൽഡ്രൻസ് ലൈബ്രറി എന്ന പേരിൽ സൊസൈറ്റി രജിസ്റ്റർ ചെയ്‌തു. പബ്ലിക് ലൈബ്രറിയുടെയും സർക്കാരിന്റെയും സംയുക്ത സംരംഭമാണ് ഈ സ്ഥാപനം. സർക്കാരിന്റെയും  ലൈബ്രറിയുടെയും അഞ്ച്‌ വീതം പ്രതിനിധികളടങ്ങുന്ന  ഡയറക്ടർ ബോർഡിനാണ്‌ ഭരണച്ചുമതല. പ്രതിവർഷം 18 ലക്ഷം രൂപ ബാലഭവന്റെ നടത്തിപ്പിന് സർക്കാർ നൽകുന്നുണ്ട്‌.  ഫർണിച്ചറുകളും സംഗീതോപകരണങ്ങളും വാങ്ങുന്നതിനും അറ്റകുറ്റപ്പണി  നടത്തുന്നതിനും സർക്കാർ ഫണ്ട് വിനിയോഗിക്കുന്നു. പാർക്കിലുള്ള കെട്ടിടം എംപി ഫണ്ട് ഉപയോഗിച്ചും   ട്രാഫിക് ട്രെയിനിങ് പാർക്ക്‌ നവീകരണം  സർക്കാർ ഫണ്ട്  ഉപയോഗിച്ചുമാണ്.
ബാലഭവൻ വേണ്ടെന്നുവയ്‌ക്കാനുള്ള പബ്ലിക് ലൈബ്രറിയുടെ തീരുമാനം സാധാരണക്കാരായ കുട്ടികൾക്കും കലാകാരന്മാരായ ജീവനക്കാർക്കും  ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.   നടപടി ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി,  സാംസ്കാരിക മന്ത്രി, സംസ്കാരിക വകുപ്പ് സെക്രട്ടറി, ഡയറക്ടർ എന്നിവർക്ക് പരാതി നൽകിയതായി ജീവനക്കാരായ പി ജി ഗോപാലകൃഷ്ണൻ, പി കെ ഹരിദാസ്, വി ജി ഹരീന്ദ്രനാഥ്, വി ജി ഉപേന്ദ്രനാഥ്  എന്നിവർ അറിയിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top