20 April Saturday

അറിവ് കുടഞ്ഞെടുത്തു

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022

സ്‌റ്റെയ്‌പ്– ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് ജില്ലാതല മത്സരം കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല ഉദ്ഘാടനംചെയ്യുന്നു

കോട്ടയം
അറിവ്‌ മാറ്റുരയ്‌ക്കുന്ന വേദിയിൽ ഒരിക്കൽകൂടി ആവേശം നിറഞ്ഞു. കുട്ടികളുടെ മനസിലെ വിജ്ഞാനച്ചെപ്പുകൾ തുറന്നപ്പോൾ പിറന്നത്‌ അറിവിന്റെ നിറവെളിച്ചം. സ്‌റ്റെയ്‌പ്‌ –- ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ ജില്ലാ മത്സരങ്ങളാണ്‌ കുട്ടികളുടെ വിജ്ഞാനത്തിന്റെ ആഴമളന്ന്‌ വിസ്‌മയിപ്പിച്ചത്‌. 
  കോട്ടയം എംടി സെമിനാരി എച്ച്‌എസ്‌എസിലാണ്‌ എൽപി മുതൽ ഹയർസെക്കൻഡറി വരെ നാല്‌ വിഭാഗങ്ങളിലായി മത്സരങ്ങൾ നടന്നത്‌. സബ്‌ജില്ലകളിൽനിന്ന്‌ വിജയിച്ച മിടുക്കൻമാരും മിടുക്കികളും മികച്ച തയ്യാറെടുപ്പോടെയായിരുന്നു മത്സരത്തിനെത്തിയത്‌. കടുപ്പമുള്ളതെന്ന്‌ തോന്നാവുന്ന ചോദ്യങ്ങൾക്ക്‌ പോലും കുട്ടികൾ അതിവേഗം ഉത്തരം നൽകിയത്‌ അവരിലെ പ്രതിഭയുടെ പ്രതിഫലനമായി. ചോദ്യത്തിനൊപ്പം സ്‌ക്രീൻ പ്രസന്റേഷനും ലഘുവിവരണവുമെല്ലാം ചേർന്നപ്പോൾ കുട്ടികൾക്ക്‌ പാഠപുസ്‌തകങ്ങൾക്കപ്പുറമുള്ള ഒരുപാട്‌ അറിവുകൾ പകർന്നുകിട്ടി. വിദ്യാർഥികൾക്കായി കഥാ, കവിതാ രചനാമത്സരങ്ങളും പ്രത്യേകമായി നടത്തി.
  ജില്ലാതല മത്സരത്തിൽ ഓരോവിഭാഗത്തിലും ഒന്നും രണ്ടും സ്ഥാനം ലഭിച്ചവർ ഒരു ടീമായിട്ടാകും സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുക. ജില്ലാതലത്തിൽ ഒന്നാംസ്ഥാനക്കാർക്ക്‌ 10,000 രൂപയും രണ്ടാംസ്ഥാനക്കാർക്ക്‌ 5,000 രൂപയും സമ്മാനമായി നൽകി. ഒപ്പം സർട്ടിഫിക്കറ്റും മെമന്റോയും നൽകി. 
  ജില്ലാമത്സരം കേരള നോളജ്‌ ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി എസ്‌ ശ്രീകല ഉദ്‌ഘാടനംചെയ്‌തു. ദേശാഭിമാനി കോട്ടയം യൂണിറ്റ്‌ മാനേജർ രഞ്‌ജിത്‌ വിശ്വം അധ്യക്ഷനായി. ന്യൂസ്‌ എഡിറ്റർ എം ഒ വർഗീസ്‌, കെഎസ്‌ടിഎ സംസ്ഥാന എക്‌സിക്യൂട്ടിവംഗം കെ വി അനീഷ്‌ ലാൽ, സീനിയർ സബ്‌എഡിറ്റർ ടി പി മോഹൻദാസ്‌ എന്നിവർ സംസാരിച്ചു. അക്ഷരമുറ്റം ജില്ലാ കോർഡിനേറ്റർ ഷെല്ലിമോൻ ജേക്കബ്‌ സ്വാഗതം പറഞ്ഞു. 
  ലൈഫ്‌ മിഷൻ ജില്ലാ കോർഡിനേറ്റർ ഷെറഫ്‌ പി ഹംസ രക്ഷിതാക്കൾക്ക്‌ ബോധവത്‌കരണ ക്ലാസെടുത്തു. ആർടിസ്‌റ്റ്‌ സുജാതൻ സമാപന സമ്മേളനം ഉദ്‌ഘാടനംചെയ്‌ത്‌ സമ്മാനവിതരണം നടത്തി. ബ്യൂറോ ചീഫ്‌ എസ്‌ മനോജ്‌, കെഎസ്‌ടിഎ ജില്ലാ പ്രസിഡന്റ്‌ ടി രാജേഷ്‌, സെക്രട്ടറി കെ എസ്‌ അനിൽകുമാർ എന്നിവർ സംസാരിച്ചു. സീനിയർ സബ്‌ എഡിറ്റർ സിബി ജോർജ്‌ സ്വാഗതവും പ്രൂഫ്‌ റീഡർ നിയാസ്‌ മുഹമ്മദ്‌ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top