24 January Monday

ഏരിയ സമ്മേളനങ്ങൾക്ക് ആവേശത്തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Nov 28, 2021

സിപിഐ എം കടുത്തുരുത്തി ഏരിയ സമ്മേളനം കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വൻ ഉദ്ഘാടനംചെയ്യുന്നു

 കടുത്തുരുത്തി

എണ്ണമറ്റ സമരപോരാട്ടങ്ങളിലൂടെ ജ്വലിച്ചുയർന്ന സിപിഐ എമ്മിന്റെ കടുത്തുരുത്തി ഏരിയ സമ്മേളനത്തിന് വി ആർ ഭാസ്കരൻ നഗറി(കടുത്തുരുത്തി ഗൗരിശങ്കരം ഓഡിറ്റോറിയം)ൽ ഉജ്വല തുടക്കം. പാർടി ജില്ലാ സെക്രട്ടറിയറ്റംഗം സി ജെ ജോസഫ് പതാക ഉയർത്തിയതോടെ ആരംഭിച്ച സമ്മേളനത്തിൽ പ്രതിനിധികൾ രക്തസാക്ഷിമണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി. കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വൻ ഉദ്ഘാടനംചെയ്തു. സ്വാഗത സംഘം ചെയർമാൻ കെ ജയകൃഷ്ണൻ താൽകാലിക അധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗങ്ങളായ കെ പി പ്രശാന്ത് രക്തസാക്ഷി പ്രമേയവും ബെന്നി ജോസഫ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. 
ഏരിയ സെക്രട്ടറി കെ ജി രമേശൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സ്വാഗതസംഘം കൺവീനർ ടി സി വിനോദ് സ്വാഗതം പറഞ്ഞു. സമ്മേളന നടത്തിപ്പിന് വിവിധ കമ്മിറ്റികളെ തെരഞ്ഞെടുത്തു. പ്രസീഡിയം- –-കെ ജയകൃഷ്ണൻ (കൺവീനർ), അമീഷ് എസ് അഷറഫ്, സ്വപ്ന സുരേഷ്. പ്രമേയം- –-ടി എസ് ശരത്‌ (കൺവീനർ), കെ ടി സുഗുണൻ, ബേബി ജോസഫ്, അഡ്വ. കെ രവികുമാർ, സിബി ജോസഫ് വല്യോളിൽ. മിനിറ്റ്‌സ്‌- –-വി കെ സുരേഷ്‌കുമാർ (കൺവീനർ), തോമസ് ജോൺ, കെ എം പത്രോസ്, ടി എസ് എൻ ഇളയത്. ക്രഡൻഷ്യൽ –-ടി ടി ഔസേഫ്(കൺവീനർ), കെ ബി സത്യൻ, എം എസ് പ്രസന്നകുമാർ, ഇ ടി ബാലകൃഷ്ണൻ, കെ പി ദേവദാസ്, പ്രണവ് ഷാജി, പി ഹേമലത. 12 ലോക്കൽ കമ്മിറ്റികളിൽ നിന്ന് 135 പ്രതിനിധികളും 18 ഏരിയകമ്മിറ്റി അംഗങ്ങളുമാണ് പ്രതിനിധികൾ. ആദ്യകാല പാർടി നേതാക്കളായ കെ വി ജോസഫ്, കെ ആർ മാധവൻ, കെ ഗോമതിയമ്മാൾ, വി എ ഗോപി, എം എൻ നാരായണൻ നായർ, എം കെ തങ്കപ്പൻ, ഇ ബി സദാശിവൻ നായർ, എ കെ ജയപ്രകാശ്‌, ടി എം ജോൺ, കെ ടി മാത്യു, പി രാജപ്പൻ നായർ, കെ എം രാജമ്മ, പി കെ സുമതി എന്നിവരെ വൈക്കം വിശ്വൻ  പൊന്നാടയണിച്ച് ആദരിച്ചു. സമ്മേളന അനുബന്ധ പരിപാടികളായി നടന്ന ബാഡ്മിന്റൺ വിജയികളായ ഡോ. മുഹമ്മദ്‌ സുഹൈൽ–-പീറ്റർമാത്യു, ഹരിശങ്കർ–-ക്രിസ്‌റ്റിൻജോസ്‌ എന്നിവർക്കും ഫുട്ബോൾ ടൂർണമെന്റുകളിൽ വിജയികളായ ഐസൊ കൂട്ടാനിക്കൽ, നവോദയ വേലിയാങ്കര എന്നീ ടീമുകൾക്കും വൈക്കം വിശ്വൻ സമ്മാനങ്ങൾ നൽകി. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി ജെ ജോസഫ്, അഡ്വ. പി കെ ഹരികുമാർ, ടി ആർ രഘുനാഥൻ, ലാലിച്ചൻ ജോർജ്, ജില്ലാ കമ്മിറ്റിയംഗം പി വി സുനിൽ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നു. പ്രതിനിധി സമ്മേളനം ഞായറാഴ്ചയും തുടരും.
കാഞ്ഞിരപ്പള്ളി
കനലെരിയും സമരപഥങ്ങൾ താണ്ടി മലയോരമണ്ണിനെ ചുവപ്പിച്ച സിപിഐ എം  കാഞ്ഞിരപ്പള്ളി ഏരിയ സമ്മേളനത്തിന് ഹൈറേഞ്ചിന്റെ കവാടമായ മുണ്ടക്കയത്തെ പി ഐ ഷുക്കൂർ നഗറി(മുണ്ടക്കയം സിഎസ്ഐ ഹാൾ)ൽ ആവേശത്തുടക്കം. 
 കൂട്ടിക്കലും മുണ്ടക്കയത്തും ദുരന്തംവിതച്ച  പ്രളയക്കെടുതിയിൽനിന്ന്‌ മലയോര ജനതയെ കരകയറ്റാൻ പുതിയ ദൗത്യങ്ങൾ ഏറ്റെടുത്തതിനൊപ്പമാണ്‌ ബ്രാഞ്ച്‌, ലോക്കൽ സമ്മേളനശേഷം ഏരിയസമ്മേളനം ആരംഭിച്ചത്‌. മുതിർന്ന നേതാവും പാർടി ജില്ലാ കമ്മിറ്റി അംഗവുമായ പി എൻ പ്രഭാകരൻ പതാക ഉയർത്തി. തുടർന്ന് പ്രതിനിധികൾ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം പി എസ് സുരേന്ദ്രൻ താൽകാലിക അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ രാജേഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.  ബാലസംഘം കൂട്ടുകാർ സ്വാഗതഗാനം ആലപിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ എസ് ഷാജി രക്തസാക്ഷി പ്രമേയവും ഷമീം അഹമ്മദ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ സി വി അനിൽകുമാർ സ്വാഗതം പറഞ്ഞു. 
സമ്മേളനം നിയന്ത്രിക്കാൻ വിവിധ കമ്മിറ്റികളെയും തെരഞ്ഞെടുത്തു. പ്രസീഡിയം–-പി എസ് സുരേന്ദ്രൻ (കൺവീനർ), അജാസ് റഷീദ്, വിദ്യ രാജേഷ്, ടി കെ ജയൻ. മിനിറ്റ്സ്-–-വി സജിൻ (കൺവീനർ), ജയിംസ് പി സൈമൺ, അർച്ചന സദാശിവൻ, വി എൻ പീതാംബരൻ.
പ്രമേയം–-കെ സി ജോർജുകുട്ടി (കൺവീനർ), പി കെ അബ്ദുൾ കരീം, പി കെ ബാലൻ, എം വി ഗിരീഷ് കുമാർ, പി കെ സുധീർ, സുപ്രഭ രാജൻ, എം എ റിബിൻഷാ. ക്രഡൻഷ്യൽ–-വി എൻ രാജേഷ് (കൺവീനർ), റജീന റഫീഖ്, ബി ആർ അൻഷാദ്, വി ഐ അജി, ബാരി എം ഇർഷാദ്, പി എസ് സജിമോൻ, അമൽ ഡൊമിനിക്‌. ഏരിയ കമ്മിറ്റിയംഗങ്ങൾ ഉൾപ്പെടെ 137 പ്രതിനിധികൾ പങ്കെടുക്കുന്നു.  
 സമ്മേളനത്തിന്റെ ഭാഗമായി ബിരിയാണി ചലഞ്ചിലൂടെ ചികിത്സാസഹായമായി സമാഹരിച്ച തുക 40 പേർക്ക് ജില്ലാ സെക്രട്ടറി എ വി റസൽ വിതരണം ചെയ്തു. ഏരിയ കമ്മിറ്റി അംഗം ഷമീം അഹമ്മദിന്റെ മകൻ മദ്രാസ്‌ ഐഐടിയിൽ കെമിക്കൽ എൻജിനിയറിങ്ങിൽ പ്രവേശനം ലഭിച്ച ഫയാസ് അഹമ്മദിന്‌ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ് മെമന്റേ നൽകി അനുമോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച്  ‘ഇതിഹാസ’ എന്നപേരിൽ മുണ്ടക്കയം മുരിക്കുംവയൽ യൂണിറ്റിലെ ബാലസംഘം പ്രവർത്തകർ തയ്യാറാക്കിയ പുസ്തകം കെ ജെ തോമസ് പ്രകാശിപ്പിച്ചു.  
ജില്ലാ സെക്രട്ടറി എ വി റസൽ,  ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പ്രൊഫ. എം ടി ജോസഫ്, അഡ്വ. കെ സുരേഷ് കുറുപ്പ്, കെ എം രാധാകൃഷ്‌ണൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി എൻ പ്രഭാകരൻ, വി പി ഇബ്രാഹിം, വി പി ഇസ്‌മയിൽ, അഡ്വ. പി ഷാനവാസ്, തങ്കമ്മ ജോർജ്‌കുട്ടി എന്നിവർ പങ്കെടുക്കുന്നു. ഞായറാഴ്‌ച സമ്മേളനം സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top