26 April Friday

കർഷകസമരം ബിജെപി സർക്കാരിന്റെ 
അടിത്തറയിളക്കി: കെ ജെ തോമസ്‌

വെബ് ഡെസ്‌ക്‌Updated: Sunday Nov 28, 2021
കാഞ്ഞിരപ്പള്ളി
ബിജെപി സർക്കാരിന്റെ അടിത്തറ ഇളകിത്തുടങ്ങിയതിന്‌ തെളിവാണ്‌ കർഷകസമരത്തിന്റെ വിജയമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ്. സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.  
ഒന്നര മാസത്തിനിടെ പല സംസ്ഥാനങ്ങളിലായി നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി കിട്ടി. കാർഷിക ബില്ല്‌ പിൻവലിക്കാനും ഇന്ധനവില കുറയ്‌ക്കാനും മോദി തയ്യാറായത്‌ ഇതുകൊണ്ടാണ്.
രാജ്യത്തിന് പുറത്തുനിന്ന് മറ്റുള്ളവർക്ക് വരാമെങ്കിലും മുസ്ലിം വിഭാഗത്തിൽപ്പെട്ടവർക്ക് പൗരത്വം നിഷേധിച്ചു. രാജ്യത്തിന്റെ സമ്പത്തുകൾ സകലതും വിൽക്കുന്നു. തിരുവനന്തപുരം വിമാനത്താവളംവരെ വിറ്റ്‌ തുലച്ചു. മോദിയുടെ വിശ്വസ്തനായ അദാനി ഇപ്പോൾ അംബാനിയെക്കാൾ സമ്പന്നനായി. അദാനിയുടെ ഒരുദിവസത്തെ വരുമാനം ആയിരം കോടി രൂപയാണെന്നാണ്‌ പുറത്തുവരുന്ന കണക്കുകൾ. 2014ൽ ബിജെപി അധികാരത്തിൽ വരുന്നതിന്‌ മുമ്പ് 72 രൂപയായിരുന്ന പെട്രോൾ വില 112 രൂപയായി. 52 രൂപയുണ്ടായിരുന്ന ഡീസൽ വില 105 രൂപയായി. മണ്ണെണ്ണയ്‌ക്കും പാചകവാതകത്തിനുംകൂടി വില കൂട്ടിയപ്പോൾ ജീവിക്കാൻ കഴിയാത്ത സാഹചര്യമായി. പറഞ്ഞുകൊണ്ടിരുന്ന വാഗ്ദാനങ്ങളൊന്നും പാലിക്കാൻ ബിജെപിക്കായില്ല.   
മതനിരപേക്ഷതയും ജനാധിപത്യവും ശക്തിപ്പെടുമ്പോൾ ബിജെപിയുടെ വർഗീയവാദം അധികകാലം നിലനിൽക്കില്ല. ഇടതുപക്ഷ സർക്കാരുകൾ ഭരണത്തിലേറിയ നാളുകളിലാണ് കേരളത്തിൽ നല്ലഭരണം ഉണ്ടായത്. പട്ടിണിയില്ലാത്ത സംസ്ഥാനമെന്നതാണ്‌ കേരളത്തിന്‌ ഏറ്റവുമൊടുവിൽ ലഭിച്ച അംഗീകാരം. വികസനം മതനിരപേക്ഷത, അഴിമതിരഹിത ഭരണം എന്നിവ മുന്നോട്ടു വച്ചാണ് ഇടതുപക്ഷം അധികാരത്തിലെത്തിയത്. 
ഇതിനിടെ സർക്കാരിനെ തകർക്കാൻ സ്വർണക്കടത്തിന്റെ പേരിൽ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണം എത്തുമെന്ന്‌ പ്രചരിപ്പിച്ചു. അതെല്ലാം അതിജീവിച്ചാണ് പിണറായി സർക്കാർ വീണ്ടും അധികാരത്തിൽ വന്നതെന്നും കെ ജെ തോമസ്‌ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top