19 April Friday
ഹർത്താൽ അക്രമം

നടപടി കർക്കശമാക്കി പൊലീസ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022
കോട്ടയം
പോപ്പുലർ ഫ്രണ്ട്‌ ഹർത്താലിന്റെ മറവിൽ ജില്ലയിലാകെ നടത്തിയ ആക്രമണത്തിൽ ശക്തമായ നടപടി സ്വീകരിച്ച്‌ ജില്ലാ പൊലീസ്‌. എൻഐഎ നടത്തിയ പരിശോധനയിലും അറസ്‌റ്റിലും പ്രതിഷേധിച്ച്‌ പോപ്പുലർ ഫ്രണ്ട്‌ ആഹ്വാനം ചെയ്‌ത ഹർത്താലിലാണ്‌  ആക്രമണം നടത്തിയത്‌. 
     മുഖം പുറത്തുകാണാതിരിക്കാൻ ഹെൽമെറ്റ്‌ ധരിച്ചായിരുന്നു അക്രമികൾ എത്തിയത്‌. ബൈക്ക്‌ യാത്രികരെയടക്കം മർദിച്ചു. കുറിച്ചിയിൽ മൂന്ന്‌ ബസുകളുടെ ചില്ല്‌ തകർത്തു. കാരാപ്പുഴ തെക്കുംഗോപുരത്തും അയ്‌മനത്തും എറ്റുമാനൂർ 101 കവലയിലും കെഎസ്‌ആർടിസി ബസ്‌ കല്ലെറിഞ്ഞു തകർത്തിരുന്നു.   ബൈക്കിലെത്തിയവർ സംക്രാന്തിയിലെ ലോട്ടറിക്കടയും അടിച്ചുതകർത്തു. 
   വിവിധ ആക്രമണങ്ങളിൽ താഴത്തങ്ങാടി പള്ളിപ്പറമ്പ്‌ ഷാഹുൽഹമീദ്‌(40), കുമ്മനം വാഴക്കാലയിൽ മുഹമ്മദ്‌ നിഷാദ്‌(41) എന്നിവരെ കോട്ടയത്ത്‌ ആക്രമണം നടത്തിയതിനും, തൃക്കൊടിത്താനം കിളിമല മൂശാരിപറമ്പിൽ, അഷ്‌കർ(24), ചങ്ങനാശേരി ഓവേലിൽ വേലശ്ശേരി റിയാസ്‌ വി റഷീദ്‌(36) എന്നിവരെ ചങ്ങനാശേരി, ചിങ്ങവനം ഭാഗത്ത്‌ ആക്രമണം നടത്തിയതിനും അറസ്‌റ്റ്‌ ചെയ്‌ത്‌  റിമാൻഡിലാക്കി. 
   ജില്ലയിൽ ആകെ 27 ക്രിമിനിൽ കേസുകളാണ്‌   വിവിധ സ്‌റ്റേഷനുകളിലായി എടുത്തത്‌. ആക്രമണത്തിലും മറ്റുമായി 390 പേർ ചൊവ്വാഴ്‌ച വരെ   പിടിയിലായി.  കരുതൽ തടങ്കലിലായവരും ഇതിലുണ്ട്‌.  12 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം കേസെടുത്തു.  ഈരാറ്റുപേട്ടയിൽ ഗതാഗതം തടസ്സപ്പെടുത്തിയ  87 പേർക്കെതിരെയാണ്‌   കേസ്‌.   അറസ്‌റ്റ്‌ ഇനിയും ഉണ്ടാകുമെന്നും പൊലീസ്‌ അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top