26 April Friday

കുരുന്നുഹൃദയങ്ങൾ 
തുടിക്കും ‘ഹൃദ്യ’ത്തിലൂടെ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 28, 2022

ജില്ലാ ഏർളി ഇന്റർവൻഷൻ സെന്റർ

കോട്ടയം
നവജാത ശിശുക്കളുടെയും കുട്ടികളുടെയും  ഹൃദയസംരക്ഷണത്തിനായി ‘ഹൃദ്യം പദ്ധതി’ രക്ഷകർത്താക്കൾക്ക്‌ ഹൃദ്യമാകുന്നു. 
  സംസ്ഥാന സർക്കാർ എൻഎച്ച്‌എം വഴി നടപ്പാക്കുന്ന പദ്ധതിയിലൂടെയാണ്‌ കുരുന്നുകൾ പുതുജീവൻ നേടുന്നത്‌. ജില്ലാ ജനറൽ ആശുപത്രിക്കുസമീപമുള്ള ഡിസ്‌ട്രിക്‌ ഏർളി ഇന്റർവെൻഷൻ സെന്റർ(ഡിഇഐസി)  മുഖേനയാണ്‌ ജന്മനാ ഗുരുതരമായ ഹൃദയ രോഗങ്ങൾ ബാധിച്ച കുട്ടികൾക്ക്‌ ചികിത്സ ഒരുക്കുന്നത്‌. നവജാത ശിശുക്കൾമുതൽ 18 വയസുവരെയുള്ളവരാണ്‌ പദ്ധതിയുടെ ഗുണഭോക്താക്കൾ. 
സ്വകാര്യമേഖലയിൽ  ഉൾപ്പെടെയുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികളിലാണ്‌ ചികിത്സ  ലഭ്യമാക്കുന്നത്‌.ശസ്‌ത്രക്രിയ ഉൾപ്പെടെ ലക്ഷങ്ങൾ ചെലവാകുന്ന ചികിത്സയാണ്‌ സർക്കാർ ചെലവിൽ നടത്തുന്നത്‌. വരുമാന പരിധിയില്ലാതെ എല്ലാവരും സൗജന്യ ചികിത്സയ്‌ക്ക്‌ അർഹരാണ്‌.    ശലഭം പോർട്ടലിലൂടെയാണ്‌ രജിസ്‌ട്രേഷൻ.   ഹൃദ്‌രോഗത്തിന്‌  പുറമെ 29 ഇനം രോഗങ്ങൾക്ക്‌ രാഷ്‌ട്രീയ ബാൽ സ്വാസ്‌ഥ്യ കാര്യക്രം–(ആർബിഎസ്‌കെ) രാഷ്‌ട്രീയ കിഷോർ സ്വാസ്‌ഥ്യ കാര്യക്രം (ആർകെഎസ്‌കെ) എന്നിവയിൽ ഉൾപ്പെടുത്തി  ചികിത്സനൽകുമെന്ന്‌ ജില്ലാ പ്രോഗ്രാം മാനേജർ  ഡോ. അജയ്‌മോഹൻ പറഞ്ഞു. 
രോഗം നേരത്തെ കണ്ടെത്തുന്നു 
 എല്ലാ സർക്കാർ ആശുപത്രികളിലെയും പ്രസവ കേന്ദ്രത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങളെ  സൂക്ഷ്‌മരോഗ പരിശോധനയ്‌ക്കായി സ്‌ക്രീനിങ് ടെസ്‌റ്റ്‌ നടത്തും. നവജാത ശിശുക്കളുടെ പ്രകടമായി കാണുന്ന  ന്യൂനതകൾ, കേൾവിക്കുള്ള കോട്ടങ്ങൾ, പോഷണ പരിണാമമായ ന്യൂനതകൾ, ജന്മനായുള്ള ഹൃദയ വൈകല്യങ്ങൾ  എന്നിവയാണ്‌ സ്‌ക്രീനിങ്ങിലൂടെ കണ്ടെത്തുന്ന പ്രധാന രോഗങ്ങൾ. 
വിദഗ്‌ധർ രോഗം
നിർണയിക്കും
സ്‌ക്രീനിങ്ങിൽ രോഗങ്ങളും മറ്റ്‌ ന്യൂനതകളും കണ്ടെത്തുന്ന കുട്ടികളെ വിദഗ്‌ധ ഡോക്ടർമാർ  പരിശോധിച്ച്‌ രോഗനിർണയം നടത്തും.    അടിയന്തര ശസ്‌ത്രക്രിയ ഉൾപ്പെടെ   ആവശ്യമുള്ളവരെ മെഡിക്കൽകോളേജിലോ  അമൃത ഉൾപ്പെടെയുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി  ആശുപത്രികളിലോ എത്തിച്ച്‌ ചികിത്സിക്കും. 
 ക്ലബ്‌ ഫുട്ടിന്‌ പ്രത്യേക ചികിത്സ 
ആരോഗ്യമന്ത്രി വീണ ജോർജ്‌ പ്രത്യേക താൽപര്യമെടുത്ത്‌ ആരംഭിച്ചതാണ്‌  കുട്ടികളുടെ കാൽപ്പാദത്തിലുണ്ടാകുന്ന വൈകല്യമായ ക്ലബ്‌ ഫുട്ട്‌ അവസ്ഥയ്‌ക്ക്‌ പ്രത്യേക ചികിത്സ. നടക്കാനും കുത്തിയിരിക്കാനും ബുദ്ധിമുട്ടുന്ന  കുഞ്ഞുങ്ങൾക്ക്‌ ആശ്വാസമാണ്‌ പദ്ധതി. സർക്കാർ –- സ്വകാര്യ മേഖലകളിലെ  അസ്ഥിരോഗ സർജന്മാരുടെ പാനൽ തയ്യാറാക്കി ആവശ്യമുള്ളവർക്ക്‌ ശസ്‌ത്രക്രിയയുൾപ്പെടെ നടത്തി വൈകല്യം ഇല്ലാതാക്കും.   
മറ്റ്‌ ചികിത്സകൾ 
കുട്ടികളിലെ കാഴ്‌ചക്കുറവ്‌, മുച്ചുണ്ട്‌, സംസാരവൈകല്യം, പല്ല്‌ സംബന്ധമായ വൈകല്യങ്ങൾ, തൊലിപ്പുറത്തെ രോഗങ്ങൾ,  ഗോയിറ്റർ തുടങ്ങിയ 29 രോഗങ്ങൾക്ക്‌  സൗജന്യചികിത്സയും പരിചരണവും ലഭിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top