28 March Thursday
മന്ത്രി വി എന്‍ വാസവന്‍ ഇടപെട്ടു

തായ്‌ലൻഡില്‍ കുടുങ്ങിയ യാത്രാസംഘം തിരികെയെത്തി

സ്വന്തം ലേഖകൻUpdated: Sunday May 28, 2023

തായ്‌ലൻഡിൽനിന്നും തിരികെ എത്തിയ വിനോദയാത്രാ സംഘം

 

ഏറ്റുമാനൂര്‍
ഏറ്റുമാനൂരിലെ ട്രാവല്‍ ഏജന്‍സിയുടെ തട്ടിപ്പിൽ തായ്‌ലൻഡിൽ കുടുങ്ങിയ വിനോദയാത്രാ സംഘം മന്ത്രി വി എന്‍ വാസവന്റെ ഇടപെടലില്‍ തിരികെ നാട്ടിലെത്തി.ട്രാവല്‍ ഏജന്‍സി നടത്തിയ പാലക്കാട് സ്വദേശി അഖിലിന്റെ പേരില്‍ തട്ടിപ്പിന് പൊലീസ് കേസെടുത്തു. ജില്ലാ പൊലീസ്‌ മേധാവി കെ കാർത്തിക്കിനും പരാതി നൽകി. അന്വേഷണം ഊർജിതമാക്കണമെന്ന്‌ മന്ത്രി നിർദേശം നൽകി. അഖില്‍ ഒളിവിലാണെന്ന്‌ പൊലീസ്‌ പറഞ്ഞു.
കൊച്ചിയില്‍നിന്ന്‌ 20നാണ് വിനോദയാത്ര സംഘം പുറപ്പെട്ടത്. അധ്യാപകരും ടെക്‌നോപാര്‍ക്ക് ജീവനക്കാരും മാധ്യമപ്രവര്‍ത്തകരും അടങ്ങുന്ന സംഘമായിരുന്നു എയര്‍ ഏഷ്യ വിമാനത്തില്‍ പുറപ്പെട്ടത്. ഇതിനായി ട്രാവൽ ഏജൻസി പണവും കൈപ്പറ്റി. അഖില്‍ ഏർപ്പാടാക്കിയ പട്ടായയിലെ ഏജൻസിയുടെ പ്രതിനിധി കാര്‍ലുവായിരുന്നു തായ്‌ലൻഡിലെ ട്രാവല്‍ ഏജന്റ്. തായ്‌ലൻഡിലെത്തിയ രണ്ടാം ദിവസം  പരിപാടികളെക്കുറിച്ചുള്ള വിവരം ലഭിക്കാതെ യാത്രാസംഘം നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് മനസ്സിലായത്. പട്ടായയിലെ ഗോള്‍ഡന്‍ സി ഹോട്ടലിലായിരുന്നു സംഘം തങ്ങിയത്‌. ഇവിടെയെത്തിയ കാര്‍ലു യാത്രാസംഘത്തെ ഭീഷണിപ്പെടുത്തി. അഖില്‍ ഒരു രൂപ പോലും തന്നിട്ടില്ലന്നും യാത്ര തുടരണമെങ്കില്‍ മുഴുവന്‍ തുകയും നല്‍കണമെന്നും ഇല്ലെങ്കില്‍ പാസ്പോര്‍ട്ട് പിടിച്ചുവയ്ക്കുമെന്നും പറഞ്ഞു. കേസിൽ കുടുക്കുമെന്നും ഭീഷണിയായി. 
പ്രശ്‌നം സങ്കീര്‍ണമായതോടെ സംഘത്തിലുള്ളവര്‍ മന്ത്രി വി എന്‍ വാസവനെ ഫോണിൽ വിളിച്ചു. മന്ത്രി  തായ്‌ലൻഡിലുള്ള സുഹൃത്ത് അജയന്‍ വര്‍ഗീസിന്‌ വിവരങ്ങൾ കൈമാറി. അദ്ദേഹവും മാനേജർ കൻ ആനും വിഷയത്തിൽ ഇടപെട്ടു. യാത്രക്കാർ നിരപരാധികളാണെന്നും ഏജന്റ്‌ അഖിൽ പണം തട്ടുകയായിരുന്നെന്നും വ്യക്തമായി. തുടർന്ന്‌ ഇവരുടെ മുൻകൈയിൽ സംഘത്തെ സുരക്ഷിതരായി കൊച്ചിയിലെത്തിച്ചു. എത്‌ പാതിരാത്രിയിലും ഇത്തരം കാര്യങ്ങളിൽ ഇടപെടുന്നയാളാണ്‌ മന്ത്രിയെന്ന്‌ അറിയാമായിരുന്നെന്നും അതിനാലാണ്‌ വിളിച്ചതെന്നും സംഘാഗങ്ങൾ പറഞ്ഞു.
തട്ടിപ്പ്‌ തായ്‌ലൻഡിലെ ജോലി പരിചയത്തിന്റെ മറവിൽ
വര്‍ഷങ്ങളോളം പട്ടായയില്‍ ഹോട്ടൽ ജോലിചെയ്ത അഖില്‍ അവിടെ ടൂര്‍ ഗൈഡായിരുന്നു. ഈ പരിചയംവച്ചാണ് ഏറ്റുമാനൂരില്‍ ട്രാവല്‍ ഏജന്‍സി നടത്തിയത്. ചെറുതും വലുതുമായ തട്ടിപ്പുകൾ ഇയാൾ നടത്തിയിട്ടുണ്ടോയെന്ന്‌ പൊലീസ്‌ അന്വേഷിക്കുന്നുണ്ട്‌.കൊച്ചിയിലെ സംഘം യാത്ര പുറപ്പെട്ട ഉടൻ ഏറ്റുമാനൂരിലെ ഏജന്‍സി ഓഫീസ്‌ പൂട്ടി അഖില്‍ ഒളിവില്‍ പോയി. രണ്ടാം വിവാഹത്തിന്‌ ശേഷമാണ് അഖില്‍ ഏറ്റുമാനൂരില്‍ താമസമാക്കിയത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top