27 April Saturday

പാഠപുസ്‌തകങ്ങൾ കൈകളിൽ

വെബ് ഡെസ്‌ക്‌Updated: Saturday May 28, 2022
കോട്ടയം
വീണ്ടും സ്‌കൂൾ കാലം എത്താറായി. കോവിഡ്‌ മൂലമുള്ള ഓൺലൈൻ പഠനകാലത്തോട്‌ വിടപറഞ്ഞ്‌ കുട്ടികൾ വീണ്ടും  സ്‌കൂളുകളിലേക്ക്‌.  ഏറ്റവും ആവശ്യം  പാഠപുസ്‌തകങ്ങളാണ്‌. അവ സ്‌കൂളുകളിലേക്ക്‌ എത്തിക്കൊണ്ടിരിക്കുന്നു. ജില്ലയിൽ ആവശ്യമായ പാഠപുസ്‌തകങ്ങളുടെ വിതരണം ചൊവ്വാഴ്‌ചയോടെ പൂർത്തിയാകും. മൂന്നുവർഷത്തെ ഇടവേളയ്‌ക്ക്‌ ശേഷമാണ്‌ അധ്യയനം സാധാരണ നിലയിലേക്ക്‌ എത്തുന്നത്‌. ഒന്ന്‌ മുതൽ 10 വരെയുള്ള പാഠപുസ്‌തകങ്ങളുടെ അച്ചടി സമയബന്ധിതമായി പൂർത്തിയാക്കി. ഒരു സ്‌കൂളിൽ പോലും പാഠപുസ്‌തകങ്ങൾക്ക്‌ ക്ഷാമമുണ്ടാകാത്ത രീതിയിലാണ്‌ വിതരണം .
പുതുപ്പള്ളിയിലെ 
ഹബ്ബ്‌ സജീവം
 
ഈ അധ്യയനവർഷം  പാഠപുസ്‌തകങ്ങളുടെ ജില്ലാ ഹബ്ബ്‌ പൊൻകുന്നത്തു നിന്ന്‌ പുതുപ്പള്ളി സെന്റ്‌ ജോർജ്‌ സ്‌കൂളിലേക്ക്‌ മാറ്റി . ഇവിടെ നിന്ന്‌ സ്‌കൂൾ സൊസൈറ്റികളിലേക്ക്‌ പുസ്‌തകങ്ങൾ എത്തിച്ചുകൊണ്ടിരിക്കുന്നു. സ്‌കൂളുകൾ നൽകിയ ആദ്യ ഇന്റൻഡ്‌ പ്രകാരമുള്ള പുസ്‌തകങ്ങളാണ്‌ നൽകുന്നത്‌. പാഠപുസ്‌തകം തികയാതെ വന്നാൽ രണ്ടാമത്‌ ഇന്റൻഡ്‌ നൽകി പുസ്‌തകങ്ങൾ വാങ്ങാം.
  കുടുംബശ്രീയുടെ സേവനമാണ്‌ ഇത്തവണത്തെ പ്രത്യേകത. ഹബ്ബിൽ പുസ്‌തകങ്ങൾ പാക്ക്‌ ചെയ്യാനും എണ്ണി തിട്ടപ്പെടുത്താനും കയറ്റിവിടാനും കുടുംബശ്രീ പ്രവർത്തകർ സജീവമാണ്‌. ഹരിതകർമ സേനയുടെ സേവനവുമുണ്ട്‌. 
  സൊസൈറ്റിയിലെത്തിയ പുസ്‌തകങ്ങൾ വിദ്യാർഥികൾ നേരിട്ടെത്തി വാങ്ങുന്നുണ്ട്‌. ഒന്നിലധികം സ്‌കൂളുകൾക്ക്‌ ഒരു സൊസൈറ്റി എന്ന നിലയിലും പ്രവർത്തിക്കുന്നു . സൊസൈറ്റികളിൽ എത്തി പാഠപുസ്‌തകങ്ങൾ വാങ്ങാത്തവർക്ക്‌ സ്‌കൂൾ തുറക്കുമ്പോൾ വിതരണം ചെയ്യും.  
ജില്ലയിൽ സർക്കാർ, എയ്‌ഡഡ്‌ മേഖലകളിൽ 250 സ്‌കൂളുകളിൽ പാഠപുസ്‌തകം വിതരണം ചെയ്യുന്നുണ്ട്‌.  ആകെ ആവശ്യമുള്ളത്‌ 11.94 ലക്ഷം പാഠപുസ്‌തകങ്ങൾ. ഇതിനകം ഒമ്പത്‌ ലക്ഷത്തോളം പുസ്‌തകങ്ങൾ വിതരണം ചെയ്‌തു . മുഴുവൻ പുസ്‌തകങ്ങളും എത്തിയ സ്‌കൂളുകളുമുണ്ട്‌. 
 
തയ്യാറെടുത്ത്‌ 
സ്‌കൂളുകൾ
 
വിദ്യാർഥികളെ സ്വീകരിക്കാൻ സ്‌കൂളുകളിലെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലെത്തി. കോവിഡ്‌ മൂലം അടച്ചിട്ട സമയത്ത്‌ ഒട്ടുമിക്ക സ്‌കൂളുകളിലും നവീകരണം നടത്തിയിരുന്നു. ശേഷിക്കുന്നവയിൽ പെയിന്റിങ്‌ അടക്കമുള്ള പ്രവർത്തികൾ നടന്നുവരുന്നു. 
  പൊതുവിദ്യാലയങ്ങളിൽ ശുചീകരണം നടത്തണമെന്നും കിണറുകളും കുടിവെള്ള ടാങ്കുകളും വൃത്തിയാക്കണമെന്നും നിർദേശമുണ്ട്‌. ഇഴജന്തുക്കൾ വരുന്ന സാഹചര്യം ഒഴിവാക്കണം. സ്‌കൂളുകളുടെയും സ്‌കൂൾ വാഹനങ്ങളുടെയും ഫിറ്റ്‌നസ്‌ പരിശോധന പൂർത്തിയാകാറായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top