25 April Thursday
തൊഴിൽമേള ഫെബ്രുവരി 16ന്

1950 വനിതകൾക്ക് ജോലിയൊരുക്കി കുടുംബശ്രീ

സ്വന്തം ലേഖകൻUpdated: Saturday Jan 28, 2023
കോട്ടയം
മാർച്ച് എട്ടിനുമുമ്പ്‌ ജില്ലയിൽ 1950 വനിതകൾക്ക് ജോലി ലഭ്യമാക്കാൻ കുടുംബശ്രീ. ഒരു തദ്ദേശസ്ഥാപനത്തിൽനിന്ന് 25 പേർക്ക് വീതം ജില്ലയിലെ 78 തദ്ദേശ സ്ഥാപനങ്ങളിൽനിന്നാണ് ഇത്രയുംപേർ ജീവിത സുരക്ഷയിലേക്ക് എത്തുന്നത്. 20 ലക്ഷം പേർക്ക് തൊഴിൽ എന്ന സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം നിറവേറ്റുന്നതിന്റെ ഭാഗമായാണ് അഭ്യസ്‌ത വിദ്യരായ സ്‌ത്രീകൾക്കായി കുടുംബശ്രീ ഈ ദൗത്യം ഏറ്റെടുത്തത്.
പദ്ധതിയുടെ നടത്തിപ്പിനായുള്ള ഒരുക്കങ്ങൾ അതിവേഗം മുന്നേറുകയാണ്.  തൊഴിലന്വേഷകരുടെ വിശദമായ സർവെ നടത്തി. ഇതിൽ 58 ശതമാനവും സ്‌ത്രീകളാണെന്നും കണ്ടെത്തിയിരുന്നു. തൊഴിൽ അന്വേഷകരെയും തൊഴിൽദാതാക്കളെയും ബന്ധിപ്പിക്കുന്ന സർക്കാർ പോർട്ടലിൽ ഇവരെ രജിസ്‌റ്റർ ചെയ്യിപ്പിച്ചു. തൊഴിലന്വേഷകരെ സഹായിക്കാൻ 78 തദ്ദേശസ്ഥാപനങ്ങളിലും കമ്മ്യൂണിറ്റി അംബാസിഡർമാരെ നിയോഗിച്ചു. പോർട്ടലിൽ പേര്‌ രജിസ്‌റ്റർ ചെയ്യുന്നതു മുതൽ വ്യക്തിത്വ വികസന പരിശീലനമടക്കം തൊഴിലന്വേഷകരെ കൂടുതൽ പ്രാപ്‌തരാക്കാൻ ഏഴുതരം സേവനങ്ങൾ  ലഭ്യമാക്കി. അടുത്ത ഘട്ടമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തൊഴിൽമേളകളും ഒരുക്കും. ആദ്യ തൊഴിൽമേള ഫെബ്രുവരി 16ന് സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്തുമായി ആലോചിച്ച് ഇതിന്റെ വേദി നിശ്ചയിക്കുമെന്ന്‌ കുടംബശ്രീ മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ കെ ജി പ്രീത അറിയിച്ചു. 
മാർച്ച് എട്ടിനുമുമ്പ്‌ ഓഫർ ലെറ്ററുകൾ ലഭ്യമാക്കാനുള്ള പ്രവർത്തനമാണ് മുന്നേറുന്നത്.  ജില്ലയ്‌ക്ക്‌ അകത്ത്‌ തന്നെ പരമാവധി  തൊഴിലവസരം കണ്ടെത്തി തൊഴിലന്വേഷകരെ ബന്ധിപ്പിക്കാനാണ്‌ ശ്രമം. പദ്ധതിക്കുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിലെ തദ്ദേശസ്ഥാപന ഭരണമേധാവികൾക്ക്  പരിശീലനം നൽകിയിരുന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top