28 March Thursday

ഒരുങ്ങുന്നു, "മെക്‌സിക്കൻ' അപാരത

പി സി പ്രശോഭ്‌Updated: Sunday Nov 27, 2022

എംജി സർവകലാശാലയിൽ നിർമാണം നടക്കുന്ന ഫുട്ബോൾ മെെതാനം

കോട്ടയം
"പ്രിയദർശിനി ഹിൽസ്‌' എന്നത്‌ എംജി സർവകലാശാലയുടെ വിലാസമാണ്‌. എന്നാൽ ഈ പ്രദേശം ഇനി മറ്റൊന്നിന്റെ പേരിൽകൂടി അറിയപ്പെടും. കോട്ടയത്തെ ആദ്യ അന്താരാഷ്‌ട്ര നിലവാരമുള്ള ഫുട്‌ബോൾ മൈതാനത്തിന്റെ പേരിൽ. ലോകം കാൽപന്തുകളിയുടെ ആവേശത്തിൽ മുഴുകിയിരിക്കുമ്പോൾ, മെക്‌സിക്കൻ പച്ച പുതച്ച ഫുട്‌ബോൾ സ്വപ്‌നങ്ങൾ കാണുകയാണ്‌ കോട്ടയം.
  "ഫിഫ' നിലവാരത്തിലുള്ള ഫുട്‌ബോൾ ഗ്രൗണ്ടിന്റെ നിർമാണം എംജി സർവകലാശാലയുടെ കീഴിൽ പ്രിയദർശിനി ഹിൽസിലുള്ള മൈതാനത്ത്‌ തുടങ്ങി. അന്താരാഷ്ട്ര മത്സരങ്ങൾ നടത്തുന്ന സ്‌റ്റേഡിയങ്ങളിലുള്ള മെക്‌സിക്കൻ ബർമുഡ ഗ്രാസ്‌ ടർഫായിരിക്കും മൈതാനത്ത്‌ ഉപയോഗിക്കുക. സംസ്ഥാന സർക്കാർ അനുവദിച്ച 2.75 കോടി രൂപ മുടക്കിയാണ്‌ എംജി യൂണിവേഴ്‌സിറ്റി മുൻകൈ എടുത്ത്‌ മൈതാനം നിർമിക്കുന്നത്‌.
 
    കാത്തിരിക്കാം, മത്സരങ്ങളുടെ ആരവത്തിന്‌
നിലവാരമുള്ള പുൽമൈതാനം ഇല്ലാത്തതിനാൽ ദേശീയ ഫുട്‌ബോൾ മത്സരങ്ങൾ കോട്ടയത്തിന്‌ അന്യമായിരുന്നു. അന്തർസർവകലാശാല മത്സരങ്ങൾ മികച്ച ടർഫ്‌ മൈതാനം തേടി മറ്റു ജില്ലകളിലേക്ക്‌ പോകുന്നു. കോട്ടയത്തിന്‌ പരിശീലനം നടത്താൻ പോലും മികച്ച മൈതാനമില്ല. 
  എംജി സർവകലാശാലാ ക്യാമ്പസിൽ ഇനി സന്തോഷ്‌ ട്രോഫി, ഐഎസ്‌എൽ മുതൽ ഫെഡറേഷൻ കപ്പിനുവരെ ആതിഥേയത്വം വഹിക്കാൻ കഴിയുന്ന സ്‌റ്റേഡിയം ഉയരുന്നത്‌ കോട്ടയത്ത്‌ പുതിയ കായികചരിത്രം തീർക്കും. മൈതാനത്തിന്റെ ഉദ്‌ഘാടനം ഒരു ദേശീയ ഫുട്‌ബോൾ മത്സരത്തോടെ നടത്താനാണ്‌ ആലോചന. നിർമാണം പൂർത്തിയാക്കിയ ശേഷം കേരള ഫുട്‌ബോൾ അസോസിയേഷനുമായി ഇതുസംബന്ധിച്ച കൂടിയാലോചന നടത്തും. 
 
     അതിനൂതന സൗകര്യങ്ങളോടെ നിർമാണം
ഫ്‌ളഡ്‌ലിറ്റും ഗ്യാലറിയും പവലിയനുമായി പൂർണ സൗകര്യത്തോടെയാണ്‌ മൈതാനം ഒരുങ്ങുന്നത്‌. ടർഫിനുള്ള മെക്‌സിക്കൻ പുല്ല്‌ ഇറക്കുമതി ചെയ്യും. നിലവിൽ ജില്ലയിൽ ഒരു മൈതാനത്തും മെക്‌സിക്കൻ പുല്ലില്ല. 
  സ്വിച്ചിട്ടാൽ മൈതാനം നനയ്‌ക്കുന്ന സ്‌പ്രിങ്ക്‌ളർ സംവിധാനം ഒരുക്കും. മൈതാനത്തിന്റെ അടിയിൽനിന്ന്‌ ഉയർന്നുവന്ന്‌, പുല്ല്‌ നനച്ച ശേഷം താഴേക്കിറങ്ങും. വിദേശ സ്‌റ്റേഡിയത്തിന്റെ അതേ മാതൃകയിലുള്ള ഡ്രെയ്‌നേജ്‌ സംവിധാനവും ഒരുക്കും. മൈതാനത്തിന്‌ ചുറ്റും 400 മീറ്റർ സിന്തറ്റിക്‌ ട്രാക്കും നിർമിക്കും.
 സ്‌പോർട്‌സ്‌ കേരള ഫൗണ്ടേഷനാണ്‌ നിർമാണ ചുമതല. മൈതാനത്തോട്‌ ചേർന്ന്‌ ഫുട്‌ബോൾ അക്കാദമിയും ആലോചിക്കുന്നുണ്ട്‌. നിലവിലെ ഇൻഡോർ സ്‌റ്റേഡിയം പുതുക്കിപ്പണിത്‌ കൂടുതൽ ഇൻഡോർ കായിക ഇനങ്ങൾ ഉൾപ്പെടുത്താവുന്ന രീതിയിൽ വിപുലമാക്കും. 
 
ഉയരങ്ങളിൽ ഒരു മൈതാനം
പ്രിയദർശിനി ഹിൽസിൽ പരീക്ഷാഭവന്റെയും അഡ്‌മിനിസ്‌ട്രേറ്റീവ്‌ ബ്ലോക്കിന്റെയും പിൻഭാഗത്താണ്‌ 20 ഏക്കറുള്ള നിലവിലെ മൈതാനം. സ്‌കൂൾ ഓഫ്‌ ഫിസിക്കൽ എജ്യുക്കേഷനാണ്‌ ഇത്‌ ഉപയോഗിച്ചുവരുന്നത്‌. മികച്ച ഗ്യാലറി പണിയാനുള്ള സ്ഥലവും ഇവിടെയുണ്ട്‌. സിന്തറ്റിക്‌ ട്രാക്ക്‌ പൂർത്തിയായ ശേഷം അവസാനഘട്ടമായി ഗ്യാലറി നിർമിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top