കോട്ടയം
വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ കർണാടക ബാങ്കിലേക്ക് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്ന് നേരിയ സംഘർഷം. ഡിവൈഎഫ്ഐ കേന്ദ്ര സെക്രട്ടറിയറ്റംഗം ജെയ്ക് സി തോമസ് അടക്കമുള്ള നേതാക്കൾക്കും ഏതാനും പ്രവർത്തകർക്കും ഉന്തിലും തള്ളിലും പരിക്കേറ്റു.
ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാഗമ്പടം ബസ് സ്റ്റാൻഡിൽനിന്ന് മാർച്ച് ആരംഭിച്ചു. ബാങ്കിന് മുന്നിൽ പൊലീസ് ഉയർത്തിയ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതിനെ തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.
പ്രതിഷേധ യോഗം ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ബി സുരേഷ് കുമാർ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് അഡ്വ. ബി മഹേഷ് ചന്ദ്രൻ അധ്യക്ഷനായി. കേന്ദ്ര സെക്രട്ടറിയറ്റംഗം ജെയ്ക് സി തോമസ്, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ റിജേഷ് കെ ബാബു, എൻ ആർ വിഷ്‌ണു, പ്രവീൺ തമ്പി, ജില്ലാ കമ്മിറ്റി അംഗങ്ങളായ അജിൻ കുരുവിള ബാബു, എസ് അമൃത, അജയ് മോഹൻ, പ്രതീഷ് ബാബു, രാഹുൽ പി ജയകുമാർ, ബ്ലോക്ക് പ്രസിഡന്റ് എം പി പ്രതീഷ് എന്നിവർ നേതൃത്വംനൽകി.
സംഭവം അറിഞ്ഞ് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.കെ അനിൽകുമാർ സ്ഥലത്ത് എത്തി. ഡിവൈഎസ്‌പി എം കെ മുരളിയുടെ നേതൃത്വത്തിൽ വൻ പൊലീസും എത്തിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..