കോട്ടയം
നായ്ക്കളുടെ കാവലിൽ വൻതോതിൽ ലഹരി വിൽപ്പന നടത്തിയ സംഭവത്തിൽ പ്രതി കൊശമറ്റം കോളനി തെക്കേത്തുണ്ടത്തിൽ റോബിൻ ജോർജിനായി അന്വേഷണം ഊർജിതം. ഇയാൾ ഒളിവിലിരുന്ന കൊശമറ്റം ഭാഗത്ത് പൊലീസ് എത്തിയപ്പോൾ മീനച്ചിലാറ്റിൽ ചാടി രക്ഷപ്പെടുകയായിരുന്നു.
എന്നാൽ, ഇക്കാര്യം സ്ഥിരീകരിക്കാൻ ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് തയ്യാറായില്ല. പ്രതിയെ ഉടൻ പിടികൂടുമെന്ന് ജില്ലാ പൊലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞദിവസം പരിശോധനയ്ക്ക് എത്തിയപ്പോഴും പൊലീസിനെ വെട്ടിച്ച് റോബിൻ കടന്നുകളഞ്ഞു. ഇയാൾക്ക് കഞ്ചാവ് എവിടെനിന്ന് ലഭിക്കുന്നു, കൂട്ടാളികൾ ആരൊക്കെ തുടങ്ങിയ കാര്യങ്ങൾ അറിയേണ്ടതുണ്ട്.
രാത്രി വൈകിയും നിരവധിപേർ ഇവിയെത്താറുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇത് കഞ്ചാവ് വാങ്ങാൻവേണ്ടി മാത്രമായിരുന്നോ എന്നതും അന്വേഷിക്കേണ്ടിയിരിക്കുന്നു.
ഞായർ രാത്രിയാണ് കുടമാളൂർ വലിയാലിൻ ചുവട്ടിലുള്ള നായ സംരക്ഷണ കേന്ദ്രമായ ഡെൽറ്റ കെ 9നിൽ പരിശോധന നടത്തിയത്. റെയ്‌ഡിൽ 18 കിലോ കഞ്ചാവ് പിടികൂടി.
കഞ്ചാവ് കണ്ടെത്തിയ വീടിന് സമീപത്ത് രാത്രി വൈകി സംശയകരമായി കണ്ട രണ്ട് പേരെ ഗാന്ധിനഗർ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. വില്ലൂന്നി സ്വദേശികളായ റൊണാൾഡോ, ജേക്കബ് എന്നിവരാണ് പിടിയിലായത്. എന്നാൽ ഇവർക്ക് കേസുമായി ബന്ധമില്ലെന്ന് ഗാന്ധിനഗർ സ്റ്റേഷൻ എസ്എച്ച്ഒ കെ ഷിജി പറഞ്ഞു. ഇതിന് പിന്നാലെ ഒരു പൊലീസ് ഉദ്യോഗസ്ഥനെ ഇവിടെ കാവലിന് നിയോഗിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..