25 April Thursday

പുരസ്‌കാരനിറവിൽ 
ജില്ലാ പഞ്ചായത്ത്‌

വെബ് ഡെസ്‌ക്‌Updated: Monday Mar 27, 2023

 കോട്ടയം

കോവിഡ്‌ കാലത്തെയടക്കം മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ്‌ ജില്ലാ പഞ്ചായത്തിനെ ആർദ്രകേരളം പുരസ്‌കാരം തേടിയെത്തിയത്‌. 2021–-22 വർഷത്തെ ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങളിൽ സംസ്ഥാനത്ത്‌ മൂന്നാം സ്ഥാനം ജില്ലാ പഞ്ചായത്ത്‌ നേടി.
  കോട്ടയം ജനറൽ ആശുപത്രി, ജില്ലാ ആയുർവേദ ആശുപത്രി, ജില്ലാ ഹോമിയോ ആശുപത്രി എന്നിവയാണ്‌ ജില്ലാ പഞ്ചായത്തിന്‌ കീഴിലുള്ള പ്രധാന ആരോഗ്യസ്ഥാപനങ്ങൾ. കോവിഡ്‌ സമയത്ത്‌ സംസ്ഥാനത്തെ ഏറ്റവും വലിയ സിഎഫ്‌എൽടിസി തുടങ്ങിയത്‌ കോട്ടയം ജില്ലാ പഞ്ചായത്തായിരുന്നു. ജനറൽ ആശുപത്രിയിൽ കോവിഡ്‌ പ്രതിരോധത്തിനുള്ള എല്ലാ സൗകര്യങ്ങളും അതിവേഗം ഒരുക്കി. സൗജന്യമായി ഭക്ഷണം വിതരണംചെയ്‌തു.
 സമഗ്ര വയോജന പരിരക്ഷാ പദ്ധതിയിലൂടെ ജനറൽ ആശുപത്രിയെ വയോജന സൗഹൃദമാക്കി. വയോജന ഹെൽപ്‌ ഡെസ്‌ക്‌ ആരംഭിച്ചു. ഗൈനക്കോളജി വിഭാഗത്തിൽ പുതിയ ഉപകരണങ്ങൾ നൽകി ആധുനികവൽക്കരിച്ചു. 
  ജില്ലാ ആയുർവേദ ആശുപത്രിയിൽ 30 ലക്ഷം രൂപയുടെ വികസനപദ്ധതികൾ നടപ്പാക്കി. ജില്ലാ ഹോമിയോ ആശുപത്രിയിൽ 2021–-22 കാലയളവിൽ മരുന്ന്‌ വാങ്ങിക്കാൻ എട്ട്‌ ലക്ഷം രൂപ ചെലവിട്ടു. 
  ജില്ലയിലെ സ്‌കൂളുകൾക്ക്‌ സാനിറ്ററി നാപ്‌കിൻ സൂക്ഷിക്കാനുള്ള അലമാരക്കും ഇൻസിനറേറ്ററിനുമായി 11 ലക്ഷം രൂപ അനുവദിച്ചു. അമ്പത്തിരണ്ട്‌ സ്‌കൂളുകൾക്ക്‌ അലമാരയും മുപ്പത്‌ സ്‌കൂളുകൾക്ക്‌ ഇൻസിനറേറ്ററും നൽകി.
  അങ്കണവാടികളിൽ പോഷകാഹാര വിതരണത്തിനും ജില്ലാ പഞ്ചായത്ത്‌ മുൻകൈ എടുത്തു. അംഗപരിമിതർക്ക്‌ മുച്ചക്രവാഹനം നൽകാൻ 60 ലക്ഷം രൂപ ചെലവഴിച്ചു. 1.81 കോടി രൂപ ചെലവഴിച്ച്‌ 17 പഞ്ചായത്തുകൾക്ക്‌ ആംബുലൻസുകൾ നൽകി. ബ്രഹ്മപുരം എഫ്‌എച്ച്‌സി  കെട്ടിടനിർമാണത്തിന്‌ 30 ലക്ഷം രൂപ നൽകി. ആരോഗ്യമേഖലയ്‌ക്ക്‌ ജില്ലാ പഞ്ചായത്ത്‌ എന്നും സവിശേഷ ശ്രദ്ധ നൽകിയാകും പ്രവർത്തിക്കുകയെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വി ബിന്ദു പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top