20 April Saturday

കെആർഎൽ വലിയ പ്രതീക്ഷ നൽകുന്നത്‌

പി സി പ്രശോഭ്‌Updated: Monday Mar 27, 2023
കോട്ടയം
റബർ ബോർഡ്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്ടർ സ്ഥാനത്തുനിന്ന്‌ പുതിയ ചുമതലകളിലേക്ക്‌ മാറുകയാണ്‌ ഡോ. കെ എൻ രാഘവൻ. നാല്‌ വർഷം ബോർഡിന്റെ വിവിധ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വംനൽകി. പ്രതിസന്ധികളും ചർച്ചകളും അവസാനിക്കാത്ത റബർ മേഖലയെക്കുറിച്ച്‌ കെ എൻ രാഘവൻ ദേശാഭിമാനിയോട്‌ സംസാരിക്കുന്നു.
 
വെള്ളൂരിൽ നിർമാണത്തിലിരിക്കുന്ന കേരള റബർ ലിമിറ്റഡിനെക്കുറിച്ച്‌
കേരളത്തിലെ റബർമേഖലക്ക്‌ വലിയ പ്രതീക്ഷനൽകുന്ന പദ്ധതിയാണ്‌ വെള്ളൂരിലെ കെആർഎൽ. വ്യവസായികൾ നേരിട്ട്‌ നടത്തുന്ന നിക്ഷേപത്തിലൂടെ രൂപീകരിക്കുന്ന കെആർഎൽ കേരളത്തിലെ ഏറ്റവും വലിയ റബർ പാർക്കായി മാറും. വ്യവസായത്തിന്‌ വലിയ സൗകര്യങ്ങൾ ഇവിടെ വരുന്നുണ്ട്‌. റബർ മേഖല ടയറിനുപരിയായി മറ്റുൽപന്നങ്ങൾക്ക്‌ പ്രാധാന്യം നൽകണം. പ്ലാസ്‌റ്റിക്കിന്‌ പകരമായി ഉപയോഗിക്കാവുന്നതാണ്‌ റബർ. പ്രവർത്തനമാരംഭിച്ച്‌ അഞ്ച്‌ വർഷത്തിനുള്ളിൽ റബർ മേഖലയിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ കെആർഎല്ലിന്‌ സാധിക്കും. ഇതിന്‌ ബോർഡ്‌ പിന്തുണ നൽകും. 
കോമ്പൗണ്ട് റബറിന്റെ ഇറക്കുമതിച്ചുങ്കം ഉയർത്തിയത്‌ ഗുണം ചെയ്യുമോ
കോമ്പൗണ്ട് റബറിന്റെ ഇറക്കുമതിച്ചുങ്കം 10 ശതമാനത്തിൽനിന്ന് 25 ശതമാനമായി ഉയർത്തിയത്‌ ഇറക്കുമതി കുറച്ചേക്കാം. പക്ഷേ, കോമ്പൗണ്ടിങ്‌ റബറിന്റെ മറവിൽ സ്വാഭാവിക റബർ ഇറക്കുമതി ചെയ്യുന്നതാണ്‌ പ്രശ്‌നം. ഇത്‌ തടയാൻ നിലവിൽ സംവിധാനമില്ല. കോമ്പൗണ്ടിങ്‌ റബറിൽ എത്ര ശതമാനം വേണമെങ്കിലും സ്വാഭാവിക റബർ ആകാമെന്ന സാഹചര്യമാണിപ്പോൾ. സ്വാഭാവിക റബറിന്റെ അളവ്‌ പരമാവധി 75 ശതമാനമാക്കി നിജപ്പെടുത്താൻ റബർ ബോർഡ്‌ നിർദേശിച്ചിട്ടുണ്ട്‌. ഇത്‌ കേന്ദ്ര സർക്കാർ നടപ്പാക്കുമെന്നാണ്‌ പ്രതീക്ഷ.
റബർ ബോർഡ്‌ ഇല്ലാതാക്കാൻ നടന്ന നീക്കങ്ങളെക്കുറിച്ച്‌
ബോർഡിനെ ഒരിക്കലും ഇല്ലാതാക്കാൻ കഴിയില്ല. മേഖലയിലെ എല്ലാ പ്രവർത്തനങ്ങൾക്കും ചുക്കാൻപിടിക്കുന്നത്‌ റബർ ബോർഡാണ്‌. റബറിന്‌ വില കൂടണമെന്ന്‌ കർഷകരും വില കുറയണമെന്ന്‌ വ്യാപാരികളും ആഗ്രഹിക്കുന്നു. ഈ വൈരുദ്ധ്യം നിലനിൽക്കുമ്പോൾ, രണ്ടു കൂട്ടരെയും സമന്വയിപ്പിച്ച്‌ കൊണ്ടുപോകുക എന്ന ദൗത്യം നിറവേറ്റാൻ റബർ ബോർഡിന്‌ മാത്രമേ സാധിക്കൂ.
  റബറിന്റെ ഇപ്പോഴത്തെ വിലയാണ്‌ മറ്റൊരുപ്രശ്‌നം. കേരള സർക്കാർ റബറിന്‌ താങ്ങുവില പ്രഖ്യാപിച്ച്‌ സബ്‌സിഡി നൽകുന്നത്‌ വലിയൊരു കാര്യമാണ്‌. റബറിനെ കാർഷികവിളയായി കണക്കാക്കുന്നതും കൂടുതൽ സഹായം നൽകേണ്ടതുമെല്ലാം കേന്ദ്രസർക്കാർ നയപരമായി എടുക്കേണ്ട തീരുമാനങ്ങളാണ്‌. കേരളത്തിന്റെ മാതൃകയിൽ മറ്റു സംസ്ഥാനങ്ങളും സബ്‌സിഡി നൽകാൻ തയ്യാറാകണമെന്ന നിർദേശം ബോർഡ്‌ മുന്നോട്ടുവച്ചിട്ടുണ്ട്‌. അസം, തമിഴ്‌നാട്‌, ത്രിപുര എന്നീ സംസ്ഥാനങ്ങൾ ഇതിനോട്‌ അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്‌.
ഇതുവരെ നടത്തിയ
പ്രവർത്തനങ്ങൾ
നാല്‌ വർഷം മുമ്പ്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്ടറായി ചുമതല ഏറ്റെടുത്തപ്പോൾ പ്രധാന ദൗത്യമായി ഞാൻ കണ്ടത്‌റബർ ബോർഡ്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്ടർ സ്ഥാനത്തുനിന്ന്‌ പുതിയ ചുമതലകളിലേക്ക്‌ മാറുകയാണ്‌ ഡോ. കെ എൻ രാഘവൻ.  ടാപ്പിങ്‌ നിർത്തിയ തോട്ടങ്ങളിൽ അത്‌ പുനരാരംഭിക്കുക എന്നതായിരുന്നു. നാല്‌ വർഷത്തിനിടെ 55,000 ഹെക്ടർ സ്ഥലത്ത്‌ ടാപ്പിങ്‌ പുനരാരംഭിക്കാൻ സാധിച്ചു. ഇതുവഴി ഉൽപാദനം വർധിച്ചു. റെയിൻ ഗാർഡിങ്ങും മരുന്ന്‌ തളിക്കലും കൂടുതൽ തോട്ടങ്ങളിലേക്ക്‌ വ്യാപിപ്പിച്ചു. ഇൻഡസ്‌ട്രി സപ്പോർട്‌ സ്‌കീം വഴി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പുതുതായി 27,500 ഹെക്ടറിൽ കൃഷി ആരംഭിച്ചു. 
റബറിന്റെ ഭാവി
റബർ വ്യവസായം ഇനി ഡിജിറ്റൽ രൂപത്തിലേക്ക്‌ മാറുകതന്നെ വേണം. ഇതിനാണ്‌ റബർ ബോർഡ്‌ "എംറൂബ്‌' എന്ന ഓൺലൈൻ വ്യവസായ സംവിധാനം ആരംഭിച്ചത്‌. ഇതുവഴി ഏതാനും മാസങ്ങൾകൊണ്ട്‌ തന്നെ 7,000 ടണ്ണിന്റെ കച്ചവടം നടന്നു. റബർമേഖല നാല്‌ ടയർ കമ്പനികളുടെ കൈയിൽ മാത്രമായി ഒതുങ്ങിയിരിക്കുന്ന അവസ്ഥയാണ്‌. ഇതിന്‌ മാറ്റംവരാൻ ഇത്തരം ഓൺലൈൻ സ്വതന്ത്രവ്യാപാരം ശക്തിപ്രാപിക്കണം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top