25 April Thursday
തെരഞ്ഞെടുപ്പ്‌ തീയതിയായി

ഇനി വോട്ടോട്ടം

പി സി പ്രശോഭ്‌Updated: Saturday Feb 27, 2021
കോട്ടയം
നിയമസഭാ തെരഞ്ഞെടുപ്പ്‌ തീയതി പ്രഖ്യാപിച്ചു. അങ്കത്തിന്‌ ഇനി 38 ദിവസം മാത്രം. നാടിന്റെ ഓരോ പ്രശ്‌നവും സജീവ ചർച്ചയാകുന്ന തെരഞ്ഞെടുപ്പ്‌ ദിനങ്ങളാണ്‌ ഇനി. മുന്നണികളുടെ സീറ്റ്‌ വിഭജനം, സ്ഥാനാർഥി നിർണയം, പത്രികാ സമർപ്പണം, പ്രചാരണം –- എല്ലാത്തിനും സമയം തുച്ഛം. നാടിന്റെ വികസന വിഷയങ്ങളും രാഷ്ട്രീയ കക്ഷികളുടെ നിലപാടുകളുമെല്ലാം ഓരോ മുക്കിലും മൂലയിലും ചർച്ച ചെയ്യപ്പെടുന്ന ദിനങ്ങളായി.
തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനത്തിനു വളരെ മുമ്പേ മുന്നണികൾ പ്രവർത്തനം തുടങ്ങിയിരുന്നു. യുഡിഎഫിന്റെയും എൽഡിഎഫിന്റെയും ജാഥകൾ ജില്ലയിൽ പര്യടനം നടത്തി. സംസ്ഥാന സർക്കാർ ചെയ്‌ത ജനക്ഷേമ പ്രവർത്തനങ്ങളിൽ ഊന്നിയാണ്‌ എൽഡിഎഫിന്റെ പ്രചാരണം. അത്‌ പരമാവധി ജനങ്ങളിലെത്തിക്കുന്നതിൽ എല്ലാ കക്ഷികളുടെയും എല്ലാ ഘടകങ്ങളും സജീവമായി രംഗത്തിറങ്ങിക്കഴിഞ്ഞു. 
 ജില്ലയിലാകെ ഒമ്പത്‌ നിയമസഭാ മണ്ഡലങ്ങൾ. വൈക്കം, ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലങ്ങളിൽ എൽഡിഎഫാണ്‌. പാലാ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ വിജയിച്ചെങ്കിലും മാണി സി കാപ്പൻ കാലുമാറി യുഡിഎഫിലെത്തി. ഇതടക്കം യുഡിഎഫിനുള്ളത്‌ അഞ്ച്‌‌ മണ്ഡലങ്ങൾ. പൂഞ്ഞാറിൽ കേരള ജനപക്ഷത്തിലെ പി സി ജോർജും. 
 സമീപകാല കേരള രാഷ്ട്രീയത്തിലെ സുപ്രധാന വഴിത്തിരിവുണ്ടായത്‌ കോട്ടയം ജില്ലയിലാണ്‌.- ജോസ്‌ കെ മാണി നയിക്കുന്ന കേരള കോൺഗ്രസ്‌ എമ്മിന്റെ എൽഡിഎഫ്‌ പ്രവേശം. ഇതോടെ കോട്ടയത്ത്‌ എൽഡിഎഫിന്‌ സീറ്റ്‌ വർധിക്കുമെന്ന കാര്യം ഉറപ്പായി.‌ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത്‌ പ്രകടമായിരുന്നു. 22 ജില്ലാ പഞ്ചായത്ത്‌ ഡിവിഷനുകളിൽ 14ലും, 11 ബ്ലോക്ക്‌ പഞ്ചായത്തുകളിൽ പത്തും, 71 പഞ്ചായത്തുകളിൽ 50 ഉം എൽഡിഎഫ്‌ നേടി. ആറ്‌ നഗരസഭ‌കളിൽ പാലാ പിടിച്ചെടുത്തു. രണ്ടെണ്ണത്തിൽ തുല്യനിലയിലും. 2015 നെക്കാൾ കൂടുതൽ സീറ്റും നേടാനായി. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ട്‌ നില അനുസരിച്ച്‌ ജില്ലയിലെ ഒമ്പത്‌ നിയോജകമണ്ഡലങ്ങളിലും എൽഡിഎഫിന്‌ വ്യക്തമായ ഭൂരിപക്ഷമുണ്ട്‌.  യുഡിഎഫ്‌ സീറ്റ്‌ തർക്കങ്ങളിൽ ഇപ്പോഴേ കുടങ്ങി‌. കേരള കോൺഗ്രസ് ജോസഫ്‌ വിഭാഗവുമായി കോൺഗ്രസിന്റെ തർക്കം തുടരുന്നു. എൽഡിഎഫ്‌ വികസനം മുൻനിർത്തി ജനങ്ങളെ സമീപിക്കുമ്പോൾ യുഡിഎഫ്‌ വിവാദങ്ങളുണ്ടാക്കി ജനങ്ങളെ തെറ്റിധരിപ്പിക്കാനാണ്‌ ശ്രമിക്കുന്നത്‌. ബിജെപി പതിവുപോലെ വർഗീയ പ്രചാരണങ്ങളിൽ തന്നെ ആശ്രയിക്കുന്നു.
വോട്ടർമാർ 15,80,348 
ജില്ലയിൽ ഇതുവരെയുള്ള കണക്കുപ്രകാരം 15,80,348 വോട്ടർമാരുണ്ട്‌. ഇതിൽ 7,71,772 പേർ പുരുഷന്മാരും 8,08,566 പേർ സ്ത്രീകളുമാണ്. ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട പത്തു വോട്ടർമാരുണ്ട്. വോട്ടർ പട്ടികയിൽ പേരുചേർക്കുന്ന നടപടി പുരോഗമിക്കുകയാണ്‌. ആകെ വോട്ടർമാരും പുരുഷ വോട്ടർമാരും ഏറ്റവും കൂടുതലുള്ളത് പൂഞ്ഞാറിലും കുറവ് കോട്ടയത്തുമാണ്. കടുത്തുരുത്തി നിയോജകമണ്ഡലത്തിലാണ് സ്ത്രീ വോട്ടർമാർ കൂടുതൽ. കുറവ് വൈക്കത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top