19 April Friday
കൊലപാതകശ്രമം

ഒന്നാം പ്രതിക്ക് 24 വർഷം തടവും രണ്ടര ലക്ഷം രൂപ പിഴയും

വെബ് ഡെസ്‌ക്‌Updated: Saturday Nov 26, 2022
കോട്ടയം 
ദമ്പതികളെയും രണ്ട്‌ മക്കളെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതിക്ക് 24 വർഷം തടവും 2.5 ലക്ഷം രൂപ പിഴയും. അകലക്കുന്നം മറ്റക്കര കുളക്കാട്ട് വേലിപ്പടി ഭാഗത്ത് തമ്പാൻകുന്നേൽ ടി എം ജോയി, ഭാര്യ ലൂസി, മക്കളായ ജോയൽ, ജോബിറ്റ് എന്നിവരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ കുളങ്ങരവീട്ടിൽ അനൂപ് ദേവസ്യ, സഹോദരൻ അരുൺ, ഇവരുടെ സുഹൃത്ത്‌ മുഴൂർ ഭാഗത്ത് പൂവത്തുങ്കൽവീട്ടിൽ അനീഷ് ജോസഫ് എന്നിവരെയാണ്‌ കോട്ടയം അഡീഷണൽ ജില്ലാ ജഡ്ജി സാനു എസ് പണിക്കർ ശിക്ഷിച്ചത്‌. ഒന്നാം പ്രതി അനൂപിന് കൊലപാതക ശ്രമത്തിന് 14 വർഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ രണ്ടുവർഷംകൂടി കഠിനതടവും ഗുരുതരമായി പരിക്കേൽപ്പിച്ചതിന് 10 വർഷം കഠിനതടവും 50,000 രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ ഒരുവർഷം കഠിനതടവും ഉൾപ്പെടെ 24 വർഷം കഠിനതടവും 2.5 ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. ഒന്നാംപ്രതി ശിക്ഷ തുടർച്ചയായി അനുഭവിക്കണമെന്ന് വിധിന്യായത്തിൽ എടുത്തുപറഞ്ഞിട്ടുണ്ട്. 
രണ്ടാം പ്രതി അനീഷ് ജോസഫിന് കൊലപാതകശ്രമത്തിന് ഏഴു വർഷം കഠിന തടവും 50,000 രൂപ പിഴയും പരിക്കേൽപ്പിച്ചതിന് അഞ്ചു വർഷവും 25,000 രൂപ പിഴയും മൂന്നാം പ്രതി അരുണിന് കൊലപാതകശ്രമത്തിന് മൂന്നു വർഷം കഠിനതടവും പരിക്കേൽപ്പിച്ചതിന് മൂന്നു വർഷവും 50,000 രൂപ പിഴയുമാണ് ശിക്ഷ. രണ്ടും മൂന്നും പ്രതികൾ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.
കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ ജയചന്ദ്രൻ ഹാജരായി.  പ്രതികളിൽനിന്ന് പിഴയായി ലഭിക്കുന്ന തുകയിൽ ഓരോ ലക്ഷം വീതം ഗുരുതരമായി പരിക്കേറ്റ ജോയിക്കും ജോയലിനും നൽകണം. 
കേസിനാസ്പദമായ സംഭവം നടന്നത് 2018 നവംബർ രണ്ടിനായിരുന്നു. ജോയിയുടെ ഭാര്യ ലൂസിയോട് അരുൺ മോശമായി പെരുമാറിയതിനെ തുടർന്ന് ലൂസി അരുണിനെ അടിച്ചു. പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഈ വിരോധംമൂലം പണികഴിഞ്ഞ് രാത്രി ഒമ്പതോടെ വീട്ടിലേക്ക് നടന്നുവന്ന ജോയിയെ പ്രതികൾ മൂവരുംകൂടി കമ്പിവടിക്ക് തലയ്‌ക്കടിച്ചു. നിലവിളി കേട്ട്‌ ഓടിച്ചെന്ന ഭാര്യയെയും രണ്ടു മക്കളെയും പ്രതികൾ ആക്രമിച്ചു. ജോയലിന്റെ തലയോട്ടി പൊട്ടി. മെഡിക്കൽ കോളേജിൽ അടിയന്തര ശസ്ത്രക്രിയ നടത്തി രക്ഷിക്കുകയായിരുന്നു. പള്ളിക്കത്തോട് പൊലീസാണ് കേസെടുത്തത്. പരിക്കിന്റെ ഗൗരവം പരിഗണിച്ച്  ജോയിക്കും ജോയലിനും അർഹമായ നഷ്ടപരിഹാരം വിക്ടിം കോമ്പൻസേഷൻ സ്കീം അനുസരിച്ച് നാലുമാസത്തിനകം നൽകണമെന്ന്‌ നിയമസഹായ അതോറിറ്റിയോട് കോടതി നിർദേശിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top