20 April Saturday

‘സ്‌റ്റാർ’ മാജിക്കിൽ കൊറോണയും

എ എസ്‌ മനാഫ്‌Updated: Friday Nov 26, 2021

പുള്ളിക്കാരൻ സ്റ്റാറാ... ക്രിസ്മസ് വരവറിയിച്ച് നഗരത്തിലെ വ്യാപാരശാലയിൽ നക്ഷത്രങ്ങൾ ഒരുക്കിയപ്പോൾ. എംസി റോഡിൽ കോട്ടയം എസ്എച്ച്മൗണ്ടിൽനിന്നുള്ള രാത്രി ദൃശ്യം ഫോട്ടോ : കെ എസ് ആനന്ദ്

കോട്ടയം
ഒന്നൊന്നര വർഷമായി നാട്ടാരെ വട്ടംകറക്കിയവൻ ആണെങ്കിലും ‘കൊറോണ’ ആളിപ്പോൾ ‘സ്‌റ്റാറാണ്‌’. ക്രിസ്‌മസ്‌ അടുത്തതോടെ നഗരത്തിലെ നക്ഷത്രവിപണിയിലാണ്‌ കൊറോണയ്‌ക്ക്‌ താരപരിവേഷം കിട്ടിയത്‌. വില അൽപം കൂടുതലാണെങ്കിലും കൊറോണ വൈറസ്‌ മാതൃകയിലുള്ള നക്ഷത്രത്തിന്‌ ആവശ്യക്കാരുണ്ട്‌. 285 രൂപയാണ്‌ വില. 
വെള്ള പേപ്പറിൽ കൗതുകങ്ങൾ നൽകുന്ന വാൽനക്ഷത്രമായ ലൂസിഫറും സ്‌റ്റാർ തന്നെ. ഡൂം, മാലിക്‌, രണ്ട്‌ കളറിലുള്ള അയ്യപ്പനും കോശിയും, വൺ തുടങ്ങി വ്യത്യസ്‌ത തരത്തിലുള്ള നക്ഷത്രങ്ങൾ വിപണി കീഴടക്കിക്കഴിഞ്ഞു. എൽഇഡി നക്ഷത്രങ്ങളും മുന്നിൽതന്നെ. 200രൂപ മുതൽ 550രൂപ വരെയുള്ള എൽഇഡി നക്ഷത്രങ്ങളാണ്‌ വിപണിയിൽ. കടലാസ് നക്ഷത്രങ്ങൾക്ക് 10 മുതൽ 550 രൂപ വരെയാണ് വില. 
നക്ഷത്രങ്ങൾ മിക്കതും എത്തുന്നത് എറണാകുളത്തുനിന്നാണ്‌.  ചൈനീസ് നിർമ്മിത നക്ഷത്രങ്ങളും വിപണിയിലുണ്ടെങ്കിലും വരവ്‌ സാധാരണയിൽ അപേക്ഷിച്ച്‌ കുറവാണെന്ന്‌ എസ് എച്ച്‌ മൗണ്ട്‌ ഭാഗത്ത്‌ റോഡരികിൽ അഞ്ച്‌ വർഷത്തിലേറെയായി നക്ഷത്ര കച്ചവടം നടത്തുന്ന റിയാസ്‌ പറയുന്നു. അരൂർ സ്വദേശിയായ റിയാസും കൂട്ടരും പേപ്പർ നക്ഷത്രങ്ങൾ സ്വന്തമായാണ്‌ ഉണ്ടാക്കുന്നത്‌. 
ക്രിസ്മസ് ട്രീ, അലങ്കാര വസ്‌തുക്കൾ, സാന്താക്ലോസിന്റെ മുഖംമൂടി,  പുൽക്കൂട്, പുൽക്കൂട് സെറ്റ്, വേഷവിധാനങ്ങൾ, എൽഇഡി ലൈറ്റ് പിടിപ്പിച്ച ക്രിസ്മസ് തൊപ്പി എന്നിവയും വിപണിയിലുണ്ട്. ഇവയിൽ കൂടുതലും ചൈനീസ് ഉൽപന്നങ്ങൾ തന്നെ. ഒരടിമുതൽ 10അടിവരെ നീളമുള്ള ക്രിസ്മസ് ട്രീവരെ  ലഭ്യം. 200രൂപ മുതൽ 2000രൂപ വരെയാണ് വില. അലങ്കാരങ്ങൾക്ക് 50രൂപയിൽ തുടങ്ങുന്നു. മുഖംമൂടി 30മുതൽ 250 രൂപവരെ. തൊപ്പിക്ക്‌ 20. 200രൂപ മുതൽ 500രൂപ വരെയുള്ള പുൽക്കൂടുകളും തയ്യാർ. ആവശ്യം കഴിഞ്ഞാൽ മടക്കി സൂക്ഷിക്കാവുന്ന പുൽക്കൂടുകളാണ്‌ ഇവ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top