ചേറ്റുതോട്
ബാബുവിന്റെ സങ്കടം ആ ഗ്രാമമാകെ ഏറ്റെടുത്തു. ജീവിത വഴിയടഞ്ഞ കുടുംബത്തിന്റെ ആശങ്കകൾക്ക് ആശ്വാസം. മോഷണംപോയ ഓട്ടോയ്‌ക്ക് പകരം പുതിയ വണ്ടി വാങ്ങിനൽകാനൊരുങ്ങുകയാണ് ചേറ്റുതോട് ഗ്രാമം.
ഏതാനും ദിവസങ്ങൾമുൻപാണ് അമ്മയുടെ ക്യാൻസർ ശസ്‌ത്രക്രിയയ്‌ക്കായി കോട്ടയം മെഡിക്കൽകോളേജിലെത്തിയ ചേറ്റുതോട് സ്വദേശിയായ പൊങ്ങൻപാറ ബാബു നാരായണന്റെ ഓട്ടോമോഷണംപോയത്. 2005 മുതൽ ഓട്ടോ ഓടിക്കുന്ന ബിജു 2011 ലാണ് ഈ ഓട്ടോ വാങ്ങിയത്. ഭാര്യയും രണ്ടുമക്കളും ക്യാൻസർ രോഗിയായ അമ്മയും അസുഖങ്ങളാൽ വലയുന്ന പ്രായമായ അച്ഛനുമുള്ള കുടുംബത്തിന്റെ ഏക വരുമാന മാർഗമായിരുന്നു ഓട്ടോ.
‘‘ ആ ഓട്ടോ ആയിരുന്നു എന്റെ കുടുംബത്തിന്റെ വിശപ്പ് അടക്കിയിരുന്നത്. ആശുപത്രി വളപ്പിൽനിന്ന് കടത്തിക്കൊണ്ടുപോയവർക്ക് അതിന്റെ വിലയറിയില്ല.’’ ബാബു പറയുന്നു.
ജീവിതമാർഗം നിലച്ചതോടെ നിത്യച്ചെലവിന്പോലും പണമില്ലാതെ വഴിമുട്ടി നിൽക്കുകയാണ് കുടുംബം. ഈ ദുരിതങ്ങൾക്കിടയിൽ മറ്റൊരു ഓട്ടോ വാങ്ങാനുള്ള സാമ്പത്തികശേഷി ബാബുവിനില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് നാട്ടുകാർ ഒരുമിച്ച് പുതിയ ഓട്ടോമേടിക്കാൻ തീരുമാനിച്ചത്. ഇതിനായി പഞ്ചായത്തംഗം ജോയിച്ചൻ കാവുങ്കൽ ചെയർമാനും, തോമസ് വടകര പ്രസിഡന്റും, ജോസഫ് സെബാസ്റ്റ്യൻ ട്രഷററുമായ കമ്മിറ്റിയും രൂപീകരിച്ചു. ഞായർ രാവിലെ വാർഡിലെ മുഴുവൻ വീടുകളിലും കയറി ഇതിനാവശ്യമായ തുക ശേഖരിക്കും. മീനച്ചിൽ ഈസ്റ്റ് ബാങ്കിന്റെ പിണ്ണാക്കനാട് ശാഖയിൽ ബാബു പൊങ്ങപാറയിൽ കുടുംബസഹായ നിധി പേരിൽ അക്കൗണ്ടും ആരംഭിച്ചു.അക്കൗണ്ട് നമ്പർ : 2000000000005091, ഐഎഫ്എസ്‌സി :FDRL01 MEUCB
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..