19 December Friday
എലിക്കുളത്തിന്‌ സംസ്ഥാന വയോസേവന പുരസ്‌കാരം

ഈ ആദരം കൈവിടാത്ത കരുതലിന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 26, 2023
എലിക്കുളം
മുതിർന്നവരുടെ ക്ഷേമത്തിനായി നടത്തിയ  മികവാർന്ന പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന പുരസ്‌കാരം എലിക്കുളം പഞ്ചായത്തിന്‌. വയോജനങ്ങളുടെ ആരോഗ്യ, ക്ഷേമ പ്രവർത്തനങ്ങൾക്കായി പഞ്ചായത്ത്‌ നടപ്പിലാക്കുന്ന വിപുലമായ പരിപാടികളാണ്‌ സാമൂഹിക നീതി വകുപ്പിന്റെ വയോസേവന പുരസ്‌കാരത്തിന്‌ പഞ്ചായത്തിനെ അർഹമാക്കിയത്‌. 50,000 രൂപയാണ് അവാർഡ്തുക.
എൽഡിഎഫ്‌ ഭരിക്കുന്ന പഞ്ചായത്തിൽ വയോജനങ്ങൾക്കായി  
ഒട്ടേറെ ക്ഷേമ പദ്ധതികളാണ്  നടപ്പാക്കുന്നത്. 5342 വയോജനങ്ങളാണ്  പഞ്ചായത്തിലുള്ളത്.‘നിറവ് @ 60 പ്ലസ് ’ എന്ന കൂട്ടായ്മ പഞ്ചായത്ത് തലത്തിൽ   ക്ഷേമപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. 16 വാർഡിലും വയോജനക്യാമ്പുകളും അവയുടെ മേൽനോട്ടത്തിന്‌ പഞ്ചായത്ത് തലത്തിൽ സമിതിയുമുണ്ട്. ഇവരുടെ നിയന്ത്രണത്തിൽ ആറു പകൽവീടുകൾ പ്രവർത്തിക്കുന്നു. മുതിർന്നവർക്കായി  കലാകായികമേള, വിനോദയാത്രകൾ, മെഡിക്കൽ ക്യാമ്പ്, യോഗാപരിശീലനം എന്നിവയും നടത്തുന്നു.  കൂട്ടിരിപ്പുകാർക്ക് ഫിസിയോതെറാപ്പി പരിശീലനം, സംരഭകത്വ പരിശീലനം, നേത്രപരിശോധന ക്യാമ്പ്, സ്മാർട്ട് ഫോൺ ഉപയോഗ പരിശീലനം എന്നിവയുമുണ്ട്‌.  
 വയോജന സൗഹൃദ  പഞ്ചായത്തിന്റെ ഓഫീസിൽ എത്തുന്ന എല്ലാവർക്കും ചായയും ലഘുഭക്ഷണവും നൽകുന്നു. സൗജന്യ രക്തസമ്മർദ, പ്രമേഹ പരിശോധനകളും നടത്താം.  എല്ലാ ചൊവ്വയും കൗൺസലിങ്, പഞ്ചായത്ത് ഓഫീസിൽ പൊലീസ് ഹെൽപ് ഡെസ്‌ക് എന്നിവയുമുണ്ട്. കിടപ്പുരോഗികളായ 76 വയോജനങ്ങൾക്ക് ആഴ്ചയിലൊരിക്കൽ വീട്ടിലെത്തി സാന്ത്വന പരിചരണം നൽകുന്നു. വയോജന, ഭിന്നശേഷി ഗായകരെ ഉൾക്കൊള്ളിച്ച് മാജിക് വോയ്‌സ് എന്ന ഗാനമേള ട്രൂപ്പും ഇതിനകം ഏറെ ശ്രദ്ധേയമായിരുന്നു.  അർബുദരോഗികൾക്ക് സൗജന്യമരുന്ന്, വൃക്കരോഗികൾക്ക് സൗജന്യ ഡയാലിസിസ് എന്നിവയും നൽകുന്നു. ആശാവർക്കർമാർ പാലിയേറ്റീവ് ടീമിനൊപ്പം വീടുകളിലെത്തി എല്ലാ വയോജനങ്ങൾക്കും ബിപി അപ്പാരറ്റസ്, ഗ്ലൂക്കോമീറ്റർ എന്നിവ ഉപയോഗിച്ച്  പരിശോധന നടത്തുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top