19 April Friday
മാതാപിതാക്കളുടെ മരണം

പെൺകുട്ടികൾക്ക്‌ സംരക്ഷണമൊരുക്കി 
മന്ത്രി വി എൻ വാസവൻ

വെബ് ഡെസ്‌ക്‌Updated: Thursday May 26, 2022
കുമരകം 
അച്ഛനും അമ്മയും മരിച്ചതോടെ നിരാലംബരായ പെൺകുട്ടികൾക്ക്‌ ആശ്വാസവുമായി സഹകരണ മന്ത്രി വി എൻ വാസവൻ. ബുധനാഴ്‌ച വൈകുന്നേരം മന്ത്രി കുമരകത്തെ വീട്ടിലെത്തി. കുട്ടികളെ അഭയം ചാരിറ്റബിൾ സൊസൈറ്റി ഏറ്റെടുക്കുമെന്ന്‌ ഉപദേശകസമിതി ചെയർമാൻകൂടിയായ മന്ത്രി പറഞ്ഞു. മാതാപിതാക്കൾ മരിച്ചതോടെ ആശ്രയം നഷ്ടപ്പെട്ട പെൺകുട്ടികളെക്കുറിച്ച്‌  ദേശാഭിമാനി വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെതുടർന്നാണ്‌ മന്ത്രി ഇവരുടെ വീട്‌ സന്ദർശിച്ചത്‌.  
മൂത്ത പെൺകുട്ടി സാന്ദ്ര ബിഎസ്‌സി നേഴ്‌സിങ്‌ വിദ്യാർഥിനിയാണ്‌. ഇനി പ്രാക്‌ടിക്കൽ പരീക്ഷ കൂടിയുണ്ട്‌. ഇതിനുശേഷം ഈ കുട്ടിക്കുവേണ്ട സഹായം ഒരുക്കും. രണ്ടാമത്തെ മകൾ ആർദ്ര കോട്ടയം സിഎംഎസ്‌ കോളേജിൽ ബിരുദ പഠനം പൂർത്തിയാക്കി. ഇവരുടെ തുടർ പഠനത്തിനുവേണ്ട സഹായം നൽകുമെന്ന്‌ മന്ത്രി പറഞ്ഞു.  
 ഞായറാഴ്‌ചയാണ്‌ കുമരകം പഞ്ചായത്ത് ആറാം വാർഡിൽ പുല്ലൻപറമ്പിൽ പാപ്പച്ചൻ(56), ഭാര്യ സൂസമ്മ(51) എന്നിവർ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്‌. വാഹനാപകടത്തിൽ പരിക്കേറ്റ്‌ ചികിത്സയിലിരിക്കെയാണ്‌ സൂസമ്മ മരിച്ചത്‌. ഇവരുടെ മൃതദേഹം സംസ്‌കാരത്തിനായി വീട്ടിലെത്തിച്ചപ്പോൾ തലചുറ്റിവീണ പാപ്പച്ചൻ കുമരകം ഗവ. ആശുപത്രിയിലും മരിച്ചു. അർബുദ ബാധിതനായിരുന്നു ഇദ്ദേഹം. സിപിഐ എം സൗത്ത്‌ ലോക്കൽ സെക്രട്ടറി എം എൻ മുരളീധരൻ, ഏരിയ കമ്മിറ്റി അംഗം കെ എസ്‌ സലിമോൻ, കുമരകം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ധന്യ സാബു, ജില്ലാ പഞ്ചായത്തംഗം കെ വി ബിന്ദു, വാർഡ്‌ മെമ്പർ വി സി അഭിലാഷ്‌, പഞ്ചായത്തംഗം പി എസ്‌ അനീഷ്‌ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top