29 March Friday

അടിയുറച്ച‌്‌ വൈക്കം

സിബി ജോർജ്‌Updated: Friday Feb 26, 2021
കമ്യൂണിസ്‌റ്റ്‌ പാർടികൾക്ക്‌ ജില്ലയിൽ ഏറ്റവും ശക്തമായ അടിത്തറയുള്ള മണ്ഡലമാണ്‌ വൈക്കം. 1957 മുതൽ 2016 വരെയുള്ള തെരഞ്ഞെടുപ്പ്‌ ചരിത്രത്തിൽ ഇടതുപക്ഷമല്ലാതെ മൂന്നു തവണ മാത്രമാണ്‌ കോൺഗ്രസ്‌ വിജയം. രണ്ടരപതിറ്റാണ്ടായി ഇടതുപക്ഷത്തിനാണ്‌ തുടർച്ചയായ വിജയം. അയിത്തോച്ചാടനത്തിനെതിരായ കേരളത്തിലെ നവോത്ഥാന പോരാട്ടത്തിൽ വൈക്കം സത്യഗ്രഹം എക്കാലവും ജ്വലിച്ചുനിൽക്കുന്ന ചരിത്രമാണ്‌. ഗാന്ധിജിയുടെ സന്ദർശനവും സമരവുമെല്ലാം വൈക്കത്തിന്റെ പ്രബുദ്ധത വാനോളമുയർത്തുന്നു. കമ്യൂണിസ്‌റ്റ്‌ പാർടി സ്ഥാപകൻ പി കൃഷ്‌ണപിള്ളയുടെ ജന്മം കൊണ്ടും വൈക്കം ചുവന്നുനിൽക്കുന്നു. ഇടതുപക്ഷത്ത്‌ അടിയുറച്ച മണ്ണായി വൈക്കം മാറ്റപ്പെടാൻ ഇത്തരം സാഹചര്യങ്ങളെല്ലാം അനുകൂലമായി. 
കയർ തൊഴിലാളികളും നെൽ കർഷകരും കർഷകത്തൊഴിലാളികളും ഉൾനാടൻ മത്സ്യത്തൊഴിലാളികളുമെല്ലാം കാലാകാലങ്ങളിൽ വൈക്കത്തെ ചുവപ്പിച്ചുകൊണ്ടേയിരുന്നു. കാലത്തിനനുസരിച്ചുള്ള മാറ്റവും വിദ്യാഭ്യാസ പുരോഗതിയും ആരോഗ്യമേഖലയിലെ കുതിച്ചുചാട്ടവുമെല്ലാം വൈക്കം മണ്ഡലത്തിന്‌ സമ്മാനിച്ചത്‌ ഇടതുപക്ഷ എംഎൽഎമാരുടെ പ്രവർത്തന മികവിലാണ്‌.
നവകേരളത്തെ പടുത്തുയർത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാരും വൈക്കത്തിന്‌ ഒട്ടേറെ വികസനപദ്ധതികൾ നടപ്പാക്കി. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ സി കെ ആശ കാൽലക്ഷത്തോളം വോട്ടിനാണ്‌ ജയിച്ചത്‌. 1957ൽ കെ ആർ നാരായണനും 1965ൽ പി പരമേശ്വരനും 1991ൽ കെ കെ ബാലകൃഷ്‌ണനും മാത്രമാണ്‌ കോൺഗ്രസിന്‌ അവകാശപ്പെടാവുന്ന വിജയം. നാലുപ്രാവശ്യം തെരഞ്ഞെടുക്കപ്പെട്ട സിപിഐയിലെ എം കെ കേശവനാണ്‌ കൂടുതൽ കാലം വൈക്കത്തെ നയിച്ചത്‌.  
വെച്ചൂർ, തലയാഴം, ടിവി പുരം,  ഉദയനാപുരം, മറവന്തുരുത്ത്, ചെമ്പ്, വെള്ളൂർ, തലയോലപ്പറമ്പ്, കല്ലറ പഞ്ചായത്തുകളും വൈക്കം നഗരസഭയും അടങ്ങുന്നതാണ് മണ്ഡലം. ഇതിൽ ഏഴ്‌ പഞ്ചായത്തുകളിലും വ്യക്തമായ മുൻതൂക്കത്തോടെ എൽഡിഎഫിനാണ്‌ ഭരണം. മണ്ഡലത്തിൽ ഉൾപ്പെട്ടെ മൂന്നു ജില്ലാപഞ്ചായത്ത്‌ ഡിവിഷനുകളിലും വൻഭൂരിപക്ഷം‌ എൽഡിഎഫിനുണ്ട്‌‌. 
വൈക്കം അമ്മയും കുഞ്ഞും ആശുപത്രി യാഥാർഥ്യമാക്കാൻ കഴിഞ്ഞതും, വൈക്കം ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, തലയോലപ്പറമ്പ് എ ജെ ജോൺ സ്കൂൾ ഉൾപ്പടെയുള്ള സ്കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയതും, പുതിയ താലൂക്ക്‌ ആശുപത്രി നിർമാണവും, ടൂറിസം മേഖലയിലുണ്ടായ വികസനവും  ഇടതുപക്ഷത്തിന്‌ അനുകൂല ഘടകങ്ങളാണ്‌. തദ്ദേശ തെരഞ്ഞെടുപ്പിൽ‌ 8502 വോട്ടിന്റെ ഭൂരിപക്ഷം എൽഡിഎഫിനുണ്ട്‌. യുഡിഎഫിനും ബിജെപി നയിക്കുന്ന എൻഡിഎയ്‌ക്കും ‌‌2016നെ അപേക്ഷിച്ച്‌ ഓരോ തെരഞ്ഞെടുപ്പിലും വോട്ടുകുറയുകയാണ്‌‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top