25 January Tuesday

ചികിത്സ ‘ഈ’സിയായി

ടി പി മോഹൻദാസ്‌Updated: Thursday Nov 25, 2021
കോട്ടയം
ജില്ലയിലെ ആരോഗ്യമേഖല വിപ്ലവകരമായ മാറ്റത്തിലേക്ക്‌ നീങ്ങുന്നു. ചികിത്സാ സൗകര്യം കൂടുതൽ ജനകീയമാക്കാൻ വിവര സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന ഇ ഹെൽത്ത്‌ സംവിധാനം ജില്ലയിൽ യാഥാർഥ്യമാകുന്നു.  ജില്ലയിലെ 88 ആശുപത്രികൾ പദ്ധതിയിലേക്ക്‌ മാറുകയാണ്‌. 11 പ്രാഥമിക ആശുപത്രികളിലും മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ രണ്ടു ക്ലനിക്കുകളിലും പദ്ധതിയുടെ പ്രവർത്തനം ആരംഭിച്ചു. രാവിലെ മുതൽ ആശുപത്രി വരാന്തകളിൽ ക്യു നിന്ന്‌ ഒപി ചീട്ട്‌ എടുക്കുന്ന രീതി ഇതോടെ ഇല്ലാതാകും.   പദ്ധതി നടപ്പാക്കാൻ ഊർജിത പ്രവർത്തനങ്ങളുമായി ഇ –-ഹെൽത്ത്‌ പ്രൊജക്ട്‌ മാനേജർ അടക്കമുള്ള ഒരു കൂട്ടം ജീവനക്കാർ രംഗത്തുണ്ട്‌. സംശയങ്ങൾക്കും  ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിൽ വിളിച്ച്‌ സഹായം തേടാം. 
എന്താണ്‌ ഇ ഹെൽത്ത്‌ 
ആരോഗ്യ മേഖലയിൽ എല്ലാവർക്കും ഇ ഗവേണൻസ് സേവനങ്ങൾ നൽകാൻ ആരോഗ്യവകുപ്പ് രൂപം നൽകിയ സംവിധാനമാണിത്‌. ഇ ഹെൽത്ത് വെബ് പോർട്ടൽ (https://ehealth.kerala.gov.in) വഴിയാണ്‌ ഇത്‌ നടപ്പാക്കിയത്‌.
 
രജിസ്ട്രഷൻ  
ആദ്യമായി  https://ehealth.kerala.gov.in എന്ന പോർട്ടലിൽ കയറി രജിസ്റ്റർ ലിങ്ക് ക്ലിക്ക് ചെയ്യണം. ഫോൺ നമ്പരുമായി ബന്ധപ്പെടുത്തിയിട്ടുള്ള ആധാർ നമ്പർ നൽകണം.  ഫോണിൽ ലഭിക്കുന്ന ഒടിപി നമ്പർ നൽകുമ്പോൾ ഓൺലൈൻ വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പർ ലഭ്യമാകും.   16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പറും പാസ് വേർഡും ഫോണിൽ സന്ദേശമായി ലഭിക്കും. ഇതുപയോഗിച്ച് ഏത്‌ ആശുപതികളിലേക്കും നിശ്ചിത തീയതിയിലേക്കും സമയത്തും ചീട്ടെടുക്കാം.
തിരിച്ചറിയൽ നമ്പരും പാസ്‌വേഡും ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്ത ശേഷം ന്യൂ അപ്പോയ്‌മെന്റ് ക്ലിക്ക് ചെയ്യുക. റെഫറൽ ആണെങ്കിൽ ആ വിവരം രേഖപ്പെടുത്തിയ ശേഷം ആശുപത്രി വിവരങ്ങളും ഡിപ്പാർട്ട്‌മെന്റും തെരഞ്ഞെടുക്കുക. തുടർന്ന് അപ്പോയ്‌മെന്റിന്‌ വേണ്ട തീയതി തെരഞ്ഞെടുക്കുമ്പോൾ ആ ദിവസത്തേക്കുള്ള ടോക്കണുകൾ ദൃശ്യമാകും.  ടോക്കൺ വിവരങ്ങൾ എസ്എംഎസ് ആയും ലഭിക്കും. ഇത് ആശുപത്രിയിൽ കാണിച്ചാൽ മതി.
ആശുപത്രിയുടെ വിവരങ്ങൾ 
രോഗിയുടെ ആരോഗ്യ സംബന്ധമായ എല്ലാ വിവരങ്ങളും ഉൾക്കൊള്ളുന്ന ഒരു ഏകീകൃത തിരിച്ചറിയൽ നമ്പർ (Unique Health ID)  വെബ്‌പോർട്ടല്ലിൽ ലഭ്യമാകുന്നതോടൊപ്പം ആശുപത്രിയെക്കുറിച്ചുള്ള വിവരങ്ങൾ, ലഭ്യമാകുന്ന സേവനങ്ങൾ, ചികിത്സാ സമയം, പ്രധാന പരിശോധനകൾ തുടങ്ങിയ  വിവരങ്ങള്ളും അറിയാം. മെഡിക്കൽ കോളേജ് പോലെയുള്ള റഫറൽ ആശുപത്രികളിലേക്ക് ചീട്ട്‌  എടുക്കാൻ താഴെനിന്നുള്ള റഫറൻസ് ആവശ്യമാണ്.
 കുറുപ്പന്തറ, വാഴൂർ, പനയ്ക്കച്ചിറ, മാടപ്പള്ളി, പായിപ്പാട്‌, ബ്രഹ്മമംഗലം, ഉദയനാപുരം, ഈരാറ്റുപേട്ട, മറവന്തരുത്ത്‌, വെളിയന്നൂർ, മീനച്ചിൽ തുടങ്ങിയ പ്രാഥമിക ആശുപത്രികളിൽ  ഇ ഹെൽത്ത്‌ സംവിധനത്തിലാണ്‌ ചികിൽസ. കല്ലറ, വെള്ളൂർ, മരങ്ങാട്ടുപിള്ളി, മീനടം എന്നിവിടങ്ങളിൽ ഉടൻ പ്രവർത്തന സജ്ജമാകും.  
ഇഷ്ട ഡോക്ടറെ കാണാം 
പ്രാഥമിക തലത്തിലെ പരിശോധനയിൽ രോഗിക്ക്‌ മെച്ചപ്പെട്ട പ്രത്യേക ചികിത്സ ലഭിക്കണമെങ്കിൽ അതിനായുള്ള പ്രത്യേക ഡോക്ടറെ നിശ്‌ചയിച്ച്‌ റഫർ ചെയ്യാം. റഫർ ചെയ്യുന്ന ആശുപത്രികളിൽ റജിസ്‌റ്റർ ചെയ്‌ത്‌ പ്രത്യേക വിഭാഗത്തിലെ പ്രത്യേക ഡോക്ടറെ കാണാം.   
  മെഡിക്കൽ കോളേജ്‌
ഗൈനക്കോളജി വിഭാഗത്തിലെ ഫെർട്ടിലിറ്റി, ആന്റി നാറ്റൽ ക്ലിനിക്കുകൾ പൂർണമായും ഇ ഹെൽത്ത്‌ സംവിധാനത്തിലാണ്‌. മറ്റ്‌ വിഭാഗങ്ങളിൽ തുടങ്ങാൻ   ദ്രുതഗതിയിലുള്ള പ്രവർത്തനം നടക്കുകയാണ്‌. പുതുക്കിപ്പണിയാൻ തീരുമാനിച്ചിട്ടുള്ള കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന വിഭാഗങ്ങളിൽ പദ്ധതി ആരംഭിക്കില്ല. പദ്ധതിയുടെ അടിസ്ഥാന സൗകര്യങ്ങൾക്കായി നല്ല ചെലവ്‌ വരുന്നതിനാൽ 10 വർഷമെങ്കിലും കെട്ടിടം മാറാത്ത വിഭാഗങ്ങളിലാണ്‌ ആദ്യഘട്ടം സംവിധാനം ഒരുക്കുന്നത്‌. സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിലും ഉടൻ സംവിധാനം ഒരുക്കും. ആറുമാസന്നതിനുള്ളിൽ  താലൂക്ക്‌, ജനറൽ ആശുപത്രികൾ ഉൾപ്പെടെ ജില്ലയിലെ എല്ലാ ആശുപത്രികളും ഇ ഹെൽത്തിലാകും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top