27 April Saturday
സ്ത്രീകൾക്കെതിരായ അക്രമം

പ്രതിരോധിക്കാൻ കുടുംബശ്രീ

സ്വന്തം ലേഖകൻUpdated: Saturday Jun 25, 2022
കോട്ടയം
സ്‌ത്രീകൾക്കെതിരെ അതിക്രമങ്ങൾ കണ്ടെത്താനും തടയാനും കുടുംബശ്രീ    ക്രൈം മാപ്പിങ് തയ്യാറാക്കുന്നു. കുറ്റകൃത്യങ്ങളുടെ ഇടങ്ങൾ കണ്ടെത്തി നിയമ സഹായമുൾപ്പെടെ നൽകി അതിക്രമങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാനാണ്‌ കുടുംബശ്രീ ലക്ഷ്യം. ആദ്യഘട്ടമെന്ന നിലയിൽ ജില്ലയിലെ 11 ബ്ലോക്ക്‌ പഞ്ചായത്തുകളിൽനിന്നായി ഓരോ പഞ്ചായത്ത്‌ വീതം തെരഞ്ഞെടുത്തു. നഗരസഭകളിലും ശേഷിക്കുന്ന പഞ്ചായത്തുകളിലും   രണ്ടാംഘട്ടമായി പ്രവർത്തനം തുടങ്ങും. വിജയപുരം, ചെമ്പ്‌, വെള്ളൂർ, മാഞ്ഞൂർ, തിരുവാർപ്പ്‌, ചിറക്കടവ്‌, തിരുവാർപ്പ്‌, മീനച്ചിൽ, എലിക്കുളം, തലപ്പലം, മുണ്ടക്കയം എന്നീ പഞ്ചായത്തുകളെയാണ്‌ ആദ്യഘട്ടം തെരഞ്ഞെടുത്തത്‌. പ്രവർത്തനങ്ങളുടെ നടത്തിപ്പ്‌ ചുമതല   പഞ്ചായത്തുകളിലെ അധ്യക്ഷന്മാർക്കും സിഡിഎസുകൾക്കുമാണ്‌.    അയൽക്കൂട്ടങ്ങൾ ഓക്‌സലറി ഗ്രൂപ്പുകൾ എന്നിവിടങ്ങളിൽ നിന്നാണ്‌ വിവരങ്ങൾ ശേഖരിക്കുന്നത്‌. പ്രവർത്തനം ജൂൺ അവസാനത്തോടെ   പൂർത്തിയാക്കാനാണ്‌ ലക്ഷ്യമിടുന്നതെന്ന്‌ കുടുംബശ്രീ ജില്ലാ മിഷൻ  കോർഡിനേറ്റർ അഭിലാഷ്‌ കെ ദിവാകർ പറഞ്ഞു. 
വിവര ശേഖരണം
കുടുംബശ്രീയിൽനിന്ന്‌ തെരഞ്ഞെടുക്കുന്ന റിസോഴ്‌സ്‌ പേഴ്‌സന്മാർ അയൽക്കൂട്ട അംഗങ്ങളുടെ വീടുകളിൽ എത്തി സ്‌ത്രീകളിൽനിന്ന്‌ വിവരങ്ങൾ ശേഖരിക്കും. ലഭിക്കുന്ന വിവരങ്ങളുടെ രഹസ്യസ്വഭാവം സംരക്ഷിക്കും.  സ്‌ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ വാചകം, ശാരീരികം, ലൈംഗീകം(വീട്ടിനുള്ളിലും, പുറത്തും) സാമ്പത്തികം, സാമൂഹികം, വൈകാരികം എന്നീ ആറ്‌ മേഖലകളായി തിരിച്ചാണ്‌ സംസ്ഥാന കുടുംബശ്രീ മിഷൻ ചോദ്യാവലി തയ്യാറാക്കിയത്‌.   
ക്രൈം സ്‌പോട്ട്‌ കണ്ടെത്തൽ 
വാർഡുതലത്തിൽ അതിക്രമങ്ങൾ കൂടുതലായി നടക്കുന്ന ഇടങ്ങൾ  കണ്ടെത്തി റിസോഴ്‌സ്‌ പേഴ്‌സൺ പ്രത്യേകം അടയാളപ്പെടുത്തണം. അയൽക്കൂട്ടങ്ങൾ, കുടുംബാംഗങ്ങൾ, മറ്റ്‌ പൊതുജനങ്ങൾ എന്നിവരുടെ സഹായത്താൽ കുറ്റകൃത്യങ്ങൾ കൂടുതൽ നടക്കുന്ന ഇടങ്ങൾ കണ്ടെത്തും.    വിവര ശേഖരണത്തിലൂടെ ലഭിച്ച വിവരങ്ങൾ, വിശകലനങ്ങൾ, പ്രതിരോധ പ്രവർത്തനങ്ങൾ, പദ്ധതി നിർദേശങ്ങൾ മുതലായവ ഉൾപ്പെടുത്തി റിപ്പോർട്ട്‌ തയ്യാറാക്കും. 
പരിഹാര മാർഗം
കണ്ടെത്തുന്ന അതിക്രമങ്ങളുടെ രീതിക്കനുസരിച്ച്‌ സ്‌നേഹിത, ജെൻഡർ റിസോഴ്‌സ്‌ സെന്റർ, വിജിലന്റ്‌ ഗ്രൂപ്പ്‌ തുടങ്ങിയ കുടുംബശ്രീ സംവിധാനങ്ങളിലൂടെയും ജാഗ്രതാസമിതി, പൊലീസ്‌, കെൽസ തുടങ്ങിയ  നിയമ സംവിധാനങ്ങളിലൂടെയും പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top