27 April Saturday
സമ്പൂർണ സാക്ഷരത

രാജ്യനെറുകയിൽ കോട്ടയം; ഇന്ന് 33

സ്വന്തം ലേഖകൻUpdated: Saturday Jun 25, 2022

കോട്ടയം നഗരത്തെ സമ്പൂർണ സാക്ഷരതയിലേക്ക് നയിക്കാനായി 1989 മാർച്ച് നാലിന് കോട്ടയത്ത് നടത്തിയ 
കൂട്ടയോട്ടം (ഫയൽചിത്രം)

കോട്ടയം
സമ്പൂർണ സാക്ഷരതനേടിയ ഇന്ത്യയിലെ ആദ്യ നഗരമായി കോട്ടയത്തെ പ്രഖ്യാപിച്ചിട്ട്‌ ശനിയാഴ്‌ച 33 വർഷം.  നൂറുദിവസം നീണ്ട ജനബോധന സാക്ഷരത യജ്ഞത്തിലൂടെയാണ് 1989 ജൂൺ 25ന് കോട്ടയം സമ്പൂർണ സാക്ഷരതയെന്ന നേട്ടം കൈവരിച്ചത്.
കൂട്ടയോട്ടത്തോടെ തുടക്കം
1989 മാർച്ച് നാലിന് കോട്ടയം ഗാന്ധിസ്‌ക്വയറിൽനിന്ന്  മാമ്മൻ മാപ്പിളഹാളിലേക്ക് മഹാത്മാഗാന്ധി സർവകലാശാല വൈസ്ചാൻസലറായിരുന്ന പ്രൊഫ. യു ആർ അനന്തമൂർത്തിയുടെ നേതൃത്വത്തിൽ കൂട്ടയോട്ടത്തോടെയായിരുന്നു തുടക്കം. എം എം ജേക്കബ്‌  സാക്ഷരതായജ്ഞം ഉദ്ഘാടനംചെയ്‌തു. 
'ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്ക്' എന്ന പേരിലായിരുന്നു കൂട്ടയോട്ടം.     
തിരുനക്കര മൈതാനത്ത് യു ആർ അനന്തമൂർത്തി നൽകിയ സാക്ഷരത പതാക ഭിന്നശേഷിക്കാരനായ സുകുമാരൻ ഉയർത്തി വൈസ് ചാൻസലറും നഗരസഭാധ്യക്ഷൻ മാണി എബ്രഹാം ഉൾപ്പെടെ കലക്ടറും എസ്‌പിയുമൊക്കെ സാക്ഷരതയ്ക്കായി ഒരുമിച്ചോടിയത് നാടിനാകെ കൗതുകമായി. കോട്ടയത്തെ 32 വാർഡുകളിലും  അന്നേദിവസം സാക്ഷരത പതാകയുയർത്തി. 
2208 നിരക്ഷരർക്ക്‌ 
അക്ഷരവെളിച്ചം 
നെഹ്റു ജന്മശതാബ്ദിയുടെ ഭാഗമായാണ് മഹാത്മാഗാന്ധി സർവകലാശാല നാഷണൽ സർവീസ് സ്‌കീം കോട്ടയം നഗരത്തെ സമ്പൂർണ സാക്ഷരതയിലേക്ക് നയിക്കാനായി ജനബോധന സാക്ഷരത യജ്ഞമെന്ന പദ്ധതി മുന്നോട്ടുവച്ചതെന്ന് അന്നത്തെ സർവകലാശാല എൻഎസ്എസ്‌ കോ -ഓർഡിനേറ്റർ ഡോ. സി തോമസ് എബ്രഹാം പറഞ്ഞു. സർവേയിലൂടെ കണ്ടെത്തിയ 2208 നിരക്ഷരരെയാണ്‌ അക്ഷരംപഠിപ്പിച്ചത്‌.    
പ്രഖ്യാപനം നൂറാം ദിനത്തിൽ
നൂറുദിവസം നീണ്ട യജ്ഞത്തിലൂടെയാണ് 1989 ജൂൺ 25ന് കോട്ടയം സമ്പൂർണ സാക്ഷരതയെന്ന മഹത്തായ നേട്ടം കൈവരിച്ചത്. കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി എൻ പി  സാഹിയാണ് അന്നു പ്രഖ്യാപനംനടത്തിയത്. മുഖ്യമന്ത്രി ഇ കെ നായനാർ, മന്ത്രിമാർ എന്നിവർ പങ്കെടുത്തിരുന്നു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top