24 April Wednesday

പോള നീക്കാൻ യന്ത്രം; വിദഗ്ധ സംഘമെത്തി

വെബ് ഡെസ്‌ക്‌Updated: Saturday Jun 25, 2022

തോടുകളിലെയും നദികളിലെയും പോള നീക്കാനുള്ള യന്ത്രം രൂപകൽപന ചെയ്യുന്നതിന്റെ സാധ്യതകൾ ചർച്ചചെയ്യാനെത്തിയ വിദഗ്‌ധസംഘം കലക്ടർ ഡോ. പി കെ ജയശ്രീക്കൊപ്പം വൈക്കം തോട്ടുവക്കത്ത് സന്ദർശനം നടത്തിയപ്പോൾ

കോട്ടയം
തോടുകളിലെയും നദികളിലെയും പോള നീക്കാൻ പൊതുജനങ്ങൾക്ക് അനായാസം കൈകാര്യം ചെയ്യാവുന്ന യന്ത്രം രൂപകൽപന ചെയ്യുന്നതിന്റെ സാധ്യതകൾ ചർച്ചചെയ്യാൻ സാങ്കേതിക വിദഗ്ധ സംഘം ജില്ല സന്ദർശിച്ചു. തിരുവനന്തപുരം ബാർട്ടൻ ഹിൽ ഗവ. എൻജിനിയറിങ് കോളേജ്, ട്രാൻസ്ലേഷണൽ റിസർച്ച് ആൻഡ് പ്രൊഫഷണൽ ലീഡർഷിപ്പ് സെന്റർ എന്നിവിടങ്ങളിൽനിന്നുള്ള അധ്യാപകരടങ്ങുന്ന സാങ്കേതിക വിദഗ്ധരുടെ സംഘമാണ് എത്തിയത്.  
കുമരകം കാർഷിക വിജ്ഞാന കേന്ദ്രത്തിലെത്തിയ സംഘം കലക്ടർ ഡോ. പി കെ ജയശ്രീ, കാർഷിക വിജ്ഞാനകേന്ദ്രം ഡയറക്ടർ ഡോ. ജി ജയലക്ഷ്മി എന്നിവരുമായി ചർച്ച നടത്തി. തുടർന്ന് കുമരകം, വൈക്കം തോട്ടുവക്കം എന്നിവിടങ്ങളിലെ പോളശല്യം നേരിടുന്ന പ്രദേശങ്ങൾ സന്ദർശിച്ചു. 
തോടുകളിൽ ഇറങ്ങാതെ കരയിൽനിന്നു തന്നെ പോളയും മറ്റ് മാലിന്യങ്ങളും നീക്കംചെയ്യാൻ കഴിയുന്ന തരത്തിലുള്ള യന്ത്രം വികസിപ്പിക്കുന്നതിന്റെ പ്രാഥമിക ചർച്ചകളാണ് നടന്നത്. തോടുകളിൽനിന്ന്‌ നീക്കുന്ന പോളയും മറ്റും കൃഷിക്ക് അനുയോജ്യമാകുന്ന തരത്തിൽ കമ്പോസ്റ്റ് വളമാക്കി മാറ്റാനുള്ള സാധ്യതയെക്കുറിച്ചും ചർച്ച ചെയ്തു. ടിപിഎൽസി കോ-ഓർഡിനേറ്റർ ഡോ. ആർ സുജ, എൻജിനിയറിങ് കോളേജ് അസി. പ്രൊഫ. അനീഷ് കെ ജോൺ, ടിപിഎൽസി അസി. പ്രൊഫ. സി ആർ രാജലക്ഷ്മി, പ്രോജക്ട് മാനേജർ ബി എസ് ലക്ഷ്മി, പ്രോജക്ട് സ്റ്റാഫ് ശബരിനാഥ് എന്നിവരാണ് സംഘത്തിലുണ്ടായത്.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top