27 April Saturday

പോർവിളിച്ച്‌ കലികയറി യൂത്ത്‌ കോൺഗ്രസുകാർ; കോട്ടയത്ത്‌ വ്യാപക അക്രമം

വെബ് ഡെസ്‌ക്‌Updated: Saturday Jun 25, 2022

കോട്ടയം ഗാന്ധി സ്‌ക്വയറിൽ റോഡിന് നടുവിൽ ടയർ കത്തിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുന്ന യൂത്ത് കോൺഗ്രസുകാർ

കോട്ടയം
യൂത്ത്‌ കോൺഗ്രസ്‌, കോൺഗ്രസ്‌ പ്രവർത്തകർ കോട്ടയത്ത്‌ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ വ്യാപക അക്രമം. വെള്ളി രാത്രി ഏഴരയോടെ ഗാന്ധിസ്‌ക്വയറിൽ സംഘടിച്ചെത്തിയ പ്രവർത്തകർ  പ്രകോപനപരമായി മുദ്രാവാക്യംവിളിച്ച്‌ എംസി റോഡിലെ വാഹനങ്ങൾതടഞ്ഞു. ചോദ്യംചെയ്‌ത യാത്രക്കാരെ ഭീഷണിപ്പെടുത്തി അസഭ്യംപറഞ്ഞു. വാഹനങ്ങൾ കടന്നുപോകാതിരിക്കാൻ ടയറുകൾ കത്തിച്ച്‌ റോഡിലിട്ടു. ബസുകൾ അടക്കം നിരവധി വാഹനങ്ങൾ ഒരുമണിക്കൂറോളം തടഞ്ഞു.
  മുൻ നിശ്‌ചയിച്ചപ്രകാരം മാർച്ച്‌ നടത്താനെത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകരെയും കല്ലെറിഞ്ഞു. ഇത്‌ സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഈസമയം വന്ന ആംബുലൻസും യൂത്ത്‌ കോൺഗ്രസുകാർ തടഞ്ഞു. പൊലീസ്‌ ഇടപെട്ടാണ്‌ കടത്തിവിട്ടത്‌. കോട്ടയം ഡിവൈഎസ്‌പി ജെ സന്തോഷ്‌കുമാർ, ചങ്ങനാശേരി ഡിവൈഎസ്‌പി ആർ ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ്‌   സ്ഥലത്തെത്തിയിരുന്നു.
   സിപിഐ എം സ്ഥാപിച്ച ഫ്‌ളക്‌സുകൾ കുത്തിക്കീറുകയും വലിച്ചെറിയുകയും ചെയ്‌തു. തിരുനക്കര മോട്ടോർ തൊഴിലാളി യൂണിയൻ ഓഫീസിലേക്ക്‌ കയറാൻ  ശ്രമിച്ചെങ്കിലും സിപിഐ എം –- ഡിവൈഎഫ്‌ഐ പ്രവർത്തകർ തടഞ്ഞു. യൂത്ത്‌ കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ചിന്തു കുര്യൻ ജോയി, യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ രാഹുൽ മറിയപ്പള്ളി, ഐഎൻടിയുസി നേതാക്കളായ ഫിലിപ്പ്‌ ജോസഫ്‌, കുഞ്ഞ്‌ ഇല്ലംപള്ളി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎയും മുതിർന്ന നേതാവ്‌ കെ സി ജോസഫും ഇവർക്കൊപ്പമുണ്ടായിരുന്നു.     
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ എം രാധാകൃഷ്‌ണൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ എം കെ പ്രഭാകരൻ, കെ ആർ അജയ്‌, ഏരിയ സെക്രട്ടറി ബി ശശികുമാർ, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ബി സുരേഷ്‌കുമാർ എന്നിവർ  സ്ഥലത്തെത്തിയിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top