25 April Thursday
അനുമോദനവുമായി പ്രമുഖർ

‘ഹലോ... ഗഹന, 
മോഹൻലാലാണ്‌ ’

വെബ് ഡെസ്‌ക്‌Updated: Thursday May 25, 2023

 പാലാ

ഗഹനാ, ഇത് മോഹൻലാൽ ആണ്.... സിവിൽ സർവീസ് പരീക്ഷയിൽ ആറാം റാങ്ക് നേടിയതിൽ അഭിനന്ദനങ്ങൾ.  അപരിചിതമായ നമ്പരിൽനിന്ന്‌ എത്തിയ വിളിയിൽ ആദ്യം അമ്പരന്നെങ്കിലും ശബ്‌ദത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞതോടെ അമ്പരപ്പ്‌ ആഹ്ലാദത്തിന്‌ വഴിമാറി.  അഖിലേന്ത്യാ സിവിൽ സർവീസ്‌ പരീക്ഷയിൽ ദേശീയതലത്തിൽ ആറാം റാങ്കും കേരളത്തിലെ ആദ്യറാങ്കുകാരിയുമായ പാലാ പുലിയന്നൂർ ചിറയ്‌ക്കൽ ഗഹന നവ്യാ ജെയിംസിനെ തേടിയാണ്‌ സൂപ്പർ സ്‌റ്റാറിന്റെ വിളിയെത്തിയത്‌.
‘ഞാൻ ജപ്പാനിൽ പോയിരുന്നു. അപ്പോൾ ഗഹനയുടെ അങ്കിളിനെ കണ്ടിരുന്നു.   ഞങ്ങൾ വലിയ സുഹൃത്തുക്കളായി. അദ്ദേഹമാണ്  റാങ്ക്  വിവരം എന്നെ അറിയിച്ചത്. വളരെ സന്തോഷമുണ്ട് ’ –--ഗഹനയോട് മോഹൻലാൽ ഫോണിൽ പറഞ്ഞു.  സന്തോഷം അറിയിച്ച ഗഹന, താൻ ലാലേട്ടന്റെ ആരാധികയാണെന്നും മറുപടി പറഞ്ഞു.
പാലാ സെന്റ് തോമസ് കോളേജ്  ഹിന്ദി വകുപ്പ്‌ റിട്ട. മേധാവി പുലിയന്നൂർ ചിറയ്‌ക്കൽ ഡോ. സി കെ ജയിംസ് തോമസിന്റെയും കാലടി സർവകലാശാലയിൽനിന്ന്‌ വിരമിച്ച ഹിന്ദി അധ്യാപിക ദീപാ ജോർജിന്റെയും മകളാണ് ഗഹന.
 ലാലിന്റെ അടുത്ത സുഹൃത്താണ്‌ ഗഹനയുടെ മാതൃസഹോദരനും ജപ്പാനിലെ ഇന്ത്യൻ സ്ഥാനപതിയുമായ സിബി ജോർജ്‌. മോഹൻലാലും സുചിത്രയും ജപ്പാൻ സന്ദർശിച്ച വേളയിൽ സിബി ജോർജിനും കുടുംബത്തിനുമൊപ്പം  ചിലവഴിച്ചിരുന്നു.  
 ജോസ്‌ കെ മാണി എംപി, തോമസ്‌ ചാഴികാടൻ എംപി, സിപിഐ എം  ഏരിയ സെക്രട്ടറി പി എം ജോസഫ്‌ തുടങ്ങിയവർ  നേരിട്ടെത്തി റാങ്ക്‌ ജേതാവിനെ അഭിനന്ദിച്ചു.
എം  ഷാജർ വീട്ടിലെത്തി
   യുവജന കമീഷൻ ചെയർമാൻ എം  ഷാജർ വീട്ടിലെത്തി. യുവജന കമീഷൻ അംഗം കെ  പി  പ്രശാന്ത്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി സുരേഷ് കുമാർ, ബ്ലോക്ക്‌ സെക്രട്ടറി എൻ ആർ വിഷ്ണു, സിപിഐ എം ലോക്കൽ സെക്രട്ടറി പ്രദീപ് എന്നിവർ ഒപ്പമുണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top