24 April Wednesday
ഇരട്ടപ്പാത യാഥാർഥ്യത്തിലേക്ക്‌

അനുമതിയായി; ശേഷിക്കുന്ന ജോലികൾ 28ന്‌ തീരും

വെബ് ഡെസ്‌ക്‌Updated: Wednesday May 25, 2022
കോട്ടയം
ചിങ്ങവനം –- ഏറ്റുമാനൂർ  ഇരട്ടപ്പാതയിലൂടെ വണ്ടിയോടിക്കാൻ അനുമതിയായതോടെ ശേഷിക്കുന്ന ജോലികൾ ത്വരിതഗതിയിൽ തുടങ്ങി. തിങ്കളാഴ്‌ചയാണ്‌ കമീഷൻ ഓഫ്‌ റെയിൽവേ സേഫ്‌റ്റി അഭയകുമാർ റായിയുടെ നേതൃത്വത്തിൽ ട്രാക്കിന്റെ പ്രവർത്തനക്ഷമതയും  ട്രെയിൻ ഓടിച്ച്‌ വേഗ പരിശോധനയും പൂർത്തിയാക്കിയത്‌.  ഇരുപരിശോധനയും തൃപ്‌തികരമായതിനാൽ പാളത്തിൽകൂടി വണ്ടി ഓടിക്കാൻ അനുവദിച്ചിരുന്നു. തുടർന്നാണ്‌  ശേഷിക്കുന്ന  പണികൾ വേഗം തീർക്കാൻ റയിൽവേ  നടപടി ആരംഭിച്ചത്‌. ദിവസവും 10 മണിക്കൂർ മറ്റ്‌ വണ്ടികൾ ആലപ്പുഴ വഴി തിരിച്ചുവിട്ടാണ്‌ ജോലികൾ തുടരുന്നത്‌. സിഗ്‌നൽ സംബന്ധിച്ച  ജോലികളും  പുതിയ പാളം പഴയതുമായി ബന്ധിപ്പിക്കുന്ന‘കട്ട്‌ ആൻഡ്‌ കണക്‌ഷൻ ’ജോലികളുമാണ്‌ പ്രധാനമായും തീരേണ്ടത്‌. 
പുതുതായി നിർമിച്ച ട്രാക്ക്‌ പഴയതുമായി മുട്ടമ്പലത്തും പാറോലിക്കലും ബന്ധിപ്പിക്കണം. ഇരുസ്ഥലങ്ങളിലും രണ്ടിടത്ത്‌ യോജിപ്പിക്കണം. കൂടാതെ ട്രാക്കിലെ മറ്റ്‌ ചെറിയ രീതിയിലള്ള ജോലികളും കട്ടിങ്ങ്‌ ഉള്ളിടത്ത്‌ അവസാന മിനുക്കുപണികളും തീർക്കണം. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ എല്ലാ വിഭാഗത്തിന്റെയും പ്രവർത്തന ക്ഷമത വിലയിരുത്തി. പാലം, മേൽപ്പാലം, കലുങ്കുകൾ, ചെറിയ പാലങ്ങൾ, ഇലക്‌ട്രിസിറ്റി ലഭ്യത, വളവുകൾ, ആർച്ചുകൾ തുടങ്ങി എല്ലാ പരിശോധനകളും നടത്തിയിരുന്നു.  110 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ കാർ പാളത്തിലൂടെ ഓടിച്ചുനോക്കിയാണ്‌ വേഗപരിശോധന നടത്തിയത്‌. അത്‌ പൂർണ വിജയമായിരുന്നു. സിആർഎസ്‌ നേരിട്ട്‌ നടത്തിയ എല്ലാ പരിശോധനകളും തൃപ്‌തികരമായതിനാലാണ്‌  വണ്ടി ഓടിക്കാൻ അനുമതി നൽകിയത്‌.  27, 28 തീയതികളിൽ നടക്കുന്ന കട്ട്‌ ആൻഡ്‌ കണകഷൻ പൂർത്തിയാകുന്നതോടെ ഈ റൂട്ടിൽ ഇരട്ടപ്പാത യാഥാർഥ്യമാകും. 29 മുതൽ ഈ വഴി ട്രെയിനുകൾ തടസ്സമില്ലാതെ ഓടിത്തുടങ്ങും. 28 വരെ  ഈ വഴിയുള്ള ട്രെയിനുകൾക്ക്‌ നിലവിലെ നിയന്ത്രണം തുടരും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top