25 April Thursday

കൂടുതൽ നിയമനം നടത്തിയത്‌ ഏത്‌ സർക്കാരെന്ന്‌‌ വ്യക്തം: എ എ റഹിം

സ്വന്തം ലേഖകൻUpdated: Thursday Feb 25, 2021

ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യുവജന സംഗമം സംസ്ഥാന സെക്രട്ടറി അഡ്വ. എ എ റഹിം ഉദ്ഘാടനംചെയ്യുന്നു

കോട്ടയം
തസ്തിക വെട്ടിക്കുറയ്‌ക്കലും നിയമന നിരോധനവുമായിരുന്നു ഉമ്മൻചാണ്ടിയുടെ യുഡിഎഫ്‌ സർക്കാരിന്റേതെങ്കിൽ തസ്‌തികകൾ സൃഷ്ടിച്ച്‌ സർക്കാർ സർവീസിൽ പരമാവധി നിയമനം നൽകുകയായിരുന്നു പിണറായി വിജയൻ സർക്കാരെന്ന്‌ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം. ഏത്‌ സർക്കാരിന്റെ കാലത്താണ്‌ കൂടുതൽ നിയമനം നടന്നതെന്ന്‌ കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാകും. കള്ളം പറയുന്ന പ്രതിപക്ഷം, സത്യം പറയുന്ന പിഎസ്‌സി കണക്കുകൾ എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച യുവജനസംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു റഹിം.   
കഴിഞ്ഞ ക്യാബിനറ്റിൽ മൂവായിരത്തിലധികം തസ്‌തികകൾ സൃഷ്ടിച്ചു. നവംബർവരെയുള്ള കണക്കുപ്രകാരം ഒന്നരലക്ഷംപേർക്ക്‌ പിഎസ്‌സി നിയമന ശുപാർശ നൽകി. റാങ്ക്‌ലിസ്‌റ്റിൽപ്പെട്ടവരുടെ സമരത്തോട്‌ ഡിവൈഎഫ്‌ഐയ്‌ക്ക്‌ എതിർപ്പില്ല. ചില തെറ്റുകളുണ്ടായത്‌ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. യൂത്ത്‌കോൺഗ്രസും യുവമോർച്ചയും സമരാഭാസം നടത്തുകയാണ്‌. 30,000 തസ്തികകൾ പുതുതായി സൃഷ്ടിച്ച സർക്കാരാണിത്‌. 
കേരളത്തിലെ സിവിൽ സർവീസ് തകർത്തത് ഉമ്മൻചാണ്ടി സർക്കാരാണ്‌. എൽജിഎസിൽ മാത്രം അയ്യായിരത്തിൽപരം പേർക്ക്‌ നിയമനം ലഭിച്ചു. മുഴുവൻ തസ്‌തികകളിൽ നിയമനം നടത്തിയിട്ടുണ്ട്‌. സെക്രട്ടറിയറ്റ്‌, പിഎസ്‌സി, എജി ഓഫീസടക്കം എൽജിഎസ്‌ ലിസ്‌റ്റിൽനിന്നായിരുന്നു മുമ്പ്‌ നിയമനം. ഉമ്മൻചാണ്ടി സർക്കാർ ഈ സ്ഥാപനങ്ങൾക്കായി പ്രത്യേക പരീക്ഷ നടത്താൻ തീരുമാനിച്ചു. അതുകൊണ്ടാണ്‌ എൽജിഎസിലെ നിയമന എണ്ണം കുറഞ്ഞത്‌. രാഷ്ട്രീയപ്രേരിതമായി വിഷയങ്ങളുയർത്തി കലാപം സൃഷ്ടിക്കലാണ്‌ കെഎസ്‌യുവും യൂത്ത്‌കോൺഗ്രസും. എല്ലാ പ്രതീക്ഷകളും നിറവേറ്റിയ പിണറായി വിജയൻ സർക്കാർ യുവജനങ്ങൾക്ക് തൊഴിൽസാധ്യതകൾ തുറന്നിടുകയാണെന്നും അദ്ദേഹം പറഞ്ഞു.  
തിരുനക്കര പ്രൈവറ്റ്‌ ബസ്‌സ്‌റ്റാൻഡ്‌ മൈതാനിയിൽ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ പ്രസിഡന്റ്‌ കെ ആർ അജയ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ബിന്ദു അജി, എൻ അനിൽകുമാർ, ജില്ലാ നേതാക്കളായ അഡ്വ. മഹേഷ് ചന്ദ്രൻ, എ എം എബ്രഹാം, കെ പി പ്രശാന്ത്‌, എ എൻ അൻഷാദ്‌, ടി എസ് ശരത്, ബി സുരേഷ്‌കുമാർ, കെ കെ ശ്രീമോൻ, ആർ രോഹിത്‌ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സജേഷ് ശശി സ്വാഗതവും കോട്ടയം ബ്ലോക്ക്‌ സെക്രട്ടറി എസ്‌ ബിനോയ്‌ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top