20 April Saturday

5 കോടി തട്ടി കുടുംബസമേതം മുങ്ങിയ ‘പെട്ടി മോഹനൻ’ ഡൽഹിയിൽ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 25, 2022
പാലാ
ചിട്ടിനിക്ഷേപം സ്വീകരിച്ചും സ്വന്തം വീടും സ്ഥലവും വില്പനക്കായി പരസ്യം നൽകി പലരുമായി കരാർ ഉടമ്പടിവെച്ച് അഡ്വാൻസ്‌ വാങ്ങിയും കബളിപ്പിച്ച്‌ അഞ്ച്‌ കോടി രൂപാ തട്ടിയെടുത്ത്‌ കുടുംബസമേതം മുങ്ങിയ എൽഐസി ഏജന്റ്‌ 14 വർഷത്തിനുശേഷം ഡൽഹിൽ പിടിയിൽ. പാലാ നെച്ചിപ്പൂഴൂർ മണ്ഡപത്തിൽ പി കെ മോഹൻദാസിനെ (58)യാണ് ഡൽഹിയിലെ രോഹിണിയിൽനിന്ന്‌ പാലാ എസ്‌എച്ച്‌ഒ കെ പി തോംസൺന്റെ നേതൃത്വത്തിലുള്ള അന്വേഷക സംഘം അറസ്റ്റ് ചെയ്തത്. പാലാ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്‌തു.
ചിട്ടിനിക്ഷേപത്തിന്റെ പേരിൽ വീടുകളിൽ പെട്ടി സ്ഥാപിച്ചതോടെയാണ്‌ ഇയാൾക്ക്‌ ‘പെട്ടി മോഹനൻ’ എന്ന പേര്‌ വീണത്‌. പതിനഞ്ചോളം വഞ്ചനാ കേസുകളിൽ പ്രതിയായി 2008ൽ പിടിയിലായ ഇയാൾ കോടതിയിൽനിന്ന്‌ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. വാറണ്ട്‌ കേസിൽ പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന പൊലീസ്‌ റിപ്പോർട്ടിനെ തുടർന്ന്‌ ഇയാളെ പാലാ ജുഡീഷ്യൽ ഒന്നാം  ക്ലാസ് മജിസ്‌ട്രേട്ട്‌ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
എൽഐസി ഏജന്റായിരുന്ന മോഹൻദാസ് പോളിസി ഉടമകൾ അടയ്‌ക്കാൻ ഏൽപ്പിച്ച തുക അടയ്‌ക്കാതെ ചിട്ടി കമ്പനിയിൽ നിക്ഷേപിച്ചു. തുടർന്ന് വീടും സ്ഥലവും വില്പനക്കായി പരസ്യം നൽകി പലരുമായും കരാർ ഉണ്ടാക്കി കോടികൾ അഡ്വാൻസായി വാങ്ങി. വഞ്ചിതരായവർ പാലാ പൊലീസിൽ പരാതി നൽകിയതോടെയാണ്‌ 2008ൽ ഇയാൾ ജയിലിലായത്‌. പിന്നീട്‌ ജാമ്യത്തിലിറങ്ങിയ മോഹൻദാസ്‌ ഭാര്യയ്‌ക്കും മക്കൾക്കുമൊപ്പം മുങ്ങി. 
പ്രതിക്കായി പൊലീസ്‌ പല അന്വേഷകസംഘം രൂപീകരിച്ചെങ്കിലും കുടുംബാംഗങ്ങളുമായോ നാടുമായോ യാതൊരു ബന്ധവുമില്ലാതെ ജീവിച്ച പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല. മൂന്നുമാസം മുമ്പ്‌ ജില്ലാ പൊലീസ് മേധാവി ഡി ശില്പയുടെ നിർദേശപ്രകാരം പാലാ ഡിവൈഎസ്‌പി ഷാജു ജോസ് പുതിയ അന്വേഷകസംഘം രൂപീകരിച്ച്‌ സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തിവരികയായിരുന്നു. എഎസ്ഐ ബിജു കെ തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷെറിൻ സ്റ്റീഫൻ, സിപിഒ സി രഞ്ജിത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്‌റ്റ്‌ ചെയ്‌ത് നാട്ടിൽ എത്തിച്ചത്‌. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top