29 March Friday
അധ്യാപകൻ, ക്ഷേത്രകഴകക്കാരൻ, അക്കൗണ്ടന്റ്‌

ഒളിവുകാലത്ത്‌ വേഷങ്ങൾ പലത്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jan 25, 2022
പാലാ
സൗമ്യതയുടെ മുഖാവരണമണിഞ്ഞ്‌ നാട്ടുകാർക്കിടിയിൽ സ്വീകാര്യത നേടിയ മോഹൻദാസ് പോളിസി ഉടമകളെയും ചിട്ടിനിക്ഷേപകരെയും കബളിപ്പിച്ചായിരുന്നു തട്ടിപ്പിന്‌ തുടക്കമിട്ടത്‌. തട്ടിയെടുത്ത കോടികളുമായി മുങ്ങിയ ഇയാൾ വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞത്‌ വിവിധ വേഷങ്ങളിൽ. അധ്യാപകൻ, ക്ഷേത്ര കഴികക്കാരൻ, അക്കൗണ്ടന്റ്‌ എന്നീ ജോലികൾ ചെയ്‌തു. എട്ട്‌ വർഷമായി മോഹൻദാസ് ഡൽഹി രോഹിണിയിലെ  ക്ഷേത്രത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു.
ഇതിനിടെയാണ്‌ സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ്‌ കുടുക്കിയത്‌. മക്കളുടെ വിദ്യാഭാസ ആവശ്യത്തിനായി ഭാര്യയും മക്കളും തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിലേക്ക് താമസം മാറ്റിയെന്ന് മനസിലാക്കിയ പൊലീസ്‌ കോട്ടയം സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണമാണ്‌ ഇയാളെ പിടികൂടാൻ സഹായകമായത്‌. പൊള്ളാച്ചിയിലെ കുടുംബാംഗങ്ങളുടെ ഫോൺകോളുകൾ നിരീക്ഷിച്ച പൊലീസ്‌ ഡൽഹിയിലെ ഒരു ക്ഷേത്രത്തിലെ നമ്പറിൽനിന്ന്‌ മോൻദാസിന്റെ ഭാര്യക്കും മക്കൾക്കും ഇടയ്ക്കിടെ കോളുകൾ വരുന്നത് കണ്ടെത്തി. തുടർന്ന് ഡൽഹി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ്‌ ഇയാൾ പിടിയിലായത്‌. 
ബി കോം ബിരുദധാരിയായ മോഹൻദാസും ഭാര്യയും മൂന്ന്‌ വർഷത്തോളം ലുധിയാനയിൽ അധ്യാപകരായിരുന്നു. അധ്യാപക ജോലി പോയതോടെ അവിടെയുള്ള ക്ഷേത്രത്തിൽ കഴകക്കാരനായി. ഈ സമയത്ത് ലുധിയാനയിൽ വാടകക്ക് താമസിച്ചിരുന്ന വിലാസത്തിൽ ഇയാൾ ആധാർ കാർഡും സ്വന്തമാക്കി. 2013ൽ മോഹൻദാസിനെ അന്വേഷിച്ച് പൊലീസ് പഞ്ചാബിൽ എത്തിയെങ്കിലും വിവരമറിഞ്ഞ ഇയാൾ കുടുംബസമേതം ഡൽഹിയിലേക്ക് മുങ്ങി. പിന്നീട്‌  അവിടെയുളള ക്ഷേത്രകമ്മിറ്റിയെ പിറവം സ്വദേശി എന്ന് തെറ്റിദ്ധരിപ്പിച്ചാണ്‌ ഓഫീസിൽ ജോലിയിൽ പ്രവേശിച്ചത്‌.---

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top