കാഞ്ഞിരപ്പള്ളി
തേനീച്ചകളെ മിത്രങ്ങളാക്കി നേട്ടം കൊയ്‌ത് സുരഭി. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ സുരഭി എപ്പികൾച്ചർ യൂണിറ്റിലെ വനികൾക്കാണ് തേൻ ഇരട്ടിമധുരമാകുന്നത്. ബ്ലോക്കിന് കീഴിലെ വീടുകളിലും സ്ഥാപനങ്ങളിലും തേനീച്ചപ്പെട്ടികൾ സ്ഥാപിച്ചാണ് ശുദ്ധമായ മധുരം കൊയ്‌ത് ഇവർ നേട്ടമുണ്ടാക്കുന്നത്. വിവിധ സ്ഥലങ്ങളിൽ നിന്ന് കൊണ്ടുവരുന്ന തേനിലെ ജലാംശം കളഞ്ഞ് സംസ്‌കരിച്ചാണ് വിൽപന. മുണ്ടക്കയം പഞ്ചായത്തിലെ വരിക്കാനി ജങ്ഷനിലാണ് സംസ്‌കരണ യൂണിറ്റ്. റോസിന ഇസ്മയിൽ, അൻസിയ ഷറഫ്, കെ എ ഷാനിമോൾ എന്നിവരുടെ നേതൃത്വത്തിലാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്. 20 രൂപ നൽകിയാണ് ഒരു ലിറ്റർ തേൻ ഇവിടെ സംസ്‌കരിക്കുന്നത്. നൂറോളം പെട്ടികൾ യൂണിറ്റിന് ചുറ്റുമായി സ്ഥാപിച്ചിട്ടുണ്ട്. ‘സുരഭി’ എന്ന പേരിലാണ് വിൽപന. ഒരു ലിറ്ററിന് 350 രൂപയാണ് വില. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് അനുവദിച്ച ഒന്നര ലക്ഷം രൂപ ഉപയോഗിച്ചാണ് യൂണിറ്റ് സ്ഥാപിച്ചത്. തേനിൽ നിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങളായ തേൻ നെല്ലിക്ക, ഇഞ്ചി തേൻ എന്നിവയും ഇവിടെ ഉത്പ്പാദിപ്പിക്കുന്നുണ്ട. ബ്ലോക്കിലെ വ്യവസായ വികസന ഓഫീസിന്റെ നേതൃത്വത്തിൽ നടത്തുന്ന ‘തേൻ മധുരം' പദ്ധതിയിലുൾപ്പെടുത്തി അഞ്ചു പഞ്ചായത്തുകളിലെ ഓരോ ഗ്രൂപ്പുകൾക്ക് ഒരു പെട്ടിക്ക് 350 രൂപ വച്ച് 50 പെട്ടികളും തേനീച്ചകളും നൽകിയിരുന്നു. തേൻ ഉത്‌പാദനത്തെക്കുറിച്ചുള്ള ക്ലാസുകളും നൽകുന്നുണ്ട്. ഇത്തവണ പദ്ധതിക്കായി എട്ടു ലക്ഷം രൂപ വകയിരുത്തിയത്. മൂല്യവർധിത ഉത്‌പന്നങ്ങൾക്കാണ് ഇത്തവണ മുൻതൂക്കമെന്ന് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസർ കെ കെ ഫൈസൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..