20 April Saturday

അടച്ചുപൂട്ടലിൽ വീട്ടിൽതന്നെ

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണത്തെ തുടർന്ന് കോട്ടയം നഗരത്തിൽ വാഹന പരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥർ കലക്ടറേറ്റ് റോഡിൽ നിന്നുള്ള ദൃശ്യം

കോട്ടയം
ലോക്‌ഡൗണിന്‌ സമാനമായ നിയന്ത്രണങ്ങൾ നടപ്പാക്കിയ ആദ്യ ഞായറിൽ നഗരത്തിൽ ശക്തമായ പൊലീസ്‌ പരിശോധനയാണ്‌ നടന്നത്‌. രാവിലെ ഏഴുമുതൽ നഗരത്തിൽ പൊലീസ്‌ നിലയുറപ്പിച്ചു. കലക്ടറേറ്റ്, തിരുനക്കര പഴയ പ്രസ്‌ ക്ലബിന്‌ മുൻവശം, ബേക്കർ ജങ്ഷൻ, നാഗമ്പടം, കെഎസ്‌ആർടിസി എന്നിവിടങ്ങളിൽ ബാരിക്കേട്‌ വച്ച്‌ വാഹനങ്ങൾ നിർത്തിയായിരുന്നു പരിശോധന. രേഖകളുമായി എത്തിയവരെ വിടുകയും അല്ലാത്തവർക്കെതിരെ കേസെടുക്കുകയും ചെയ്‌തു. 
പ്രൈവറ്റ്‌ ബസുകൾ സർവീസ്‌ നടത്തിയില്ല. കെഎസ്‌ആർടിസി ചുരുക്കം ചില ദീർഘദൂര സർവീസുകൾ നടത്തി. ഉള്ള സർവീസിൽ ആളുകൾ കുറവുമായിരുന്നു. അത്യാവശ്യം സ്വകാര്യവാഹനങ്ങളും നിരത്തിലിറങ്ങി. വിവാഹം, മരണാനന്തരച്ചടങ്ങ്, ദീർഘദൂരബസുകൾ, റെയിൽവേ, വിമാനത്താവളം ഇവിടങ്ങളിലേക്ക്‌ പോകേണ്ട വാഹനങ്ങൾ സത്യവാങ്ങ്‌മൂലം പരിശോധിച്ചാണ്‌ വിട്ടത്‌. ആശുപത്രിയിലേക്കും വാക്സിനേഷനും യാത്രചെയ്യാൻ അനുമതിയുണ്ടായിരുന്നു. പരീക്ഷകളിൽ പങ്കെടുക്കാൻ അഡ്മിറ്റ് കാർഡുകൾ ഹാജരാക്കി യാത്രചെയ്യാൻ അനുമതി നൽകി. കോട്ടയം- ആലപ്പുഴ ബോട്ട്‌ സർവീസ്‌ പകുതി മാത്രം നീറ്റിലിറങ്ങി.  
കമ്പോളങ്ങൾ എല്ലാംതന്നെ അടഞ്ഞുകിടന്നു. ചില ഹോട്ടലുകൾ തുറന്നെങ്കിലും പാഴ്‌സൽ മാത്രമാണ്‌ ഉണ്ടായിരുന്നത്‌. മരുന്ന്, ഹോട്ടൽ, ബേക്കറി, പഴം, പാൽ, പച്ചക്കറി, പലവ്യഞ്ജനം, മത്സ്യം, മാംസം, എന്നിവയുടെ കടകൾ രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുവരെ തുറക്കാൻ അനുമതി നൽകിയെങ്കിലും പരമാവധി ഹോം ഡെലിവറിയാണ്‌ പ്രോത്സാഹിപ്പിച്ചത്‌.
ഞായറാഴ്ച പ്രവൃത്തിദിനമായ സർക്കാർ-, സ്വകാര്യ സ്ഥാപനങ്ങൾ, കമ്പനികൾ, വർക്ക് ഷോപ്പുകൾ, മാധ്യമ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡുമായി സഞ്ചരിക്കാമായിരുന്നു. ബാറും മദ്യക്കടകളും പ്രവർത്തിച്ചില്ല. കള്ളുഷാപ്പുകൾ പ്രവർത്തിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top