ഈരാറ്റുപേട്ട
മീനച്ചിൽ താലൂക്കിന്റെ കിഴക്കൻ മലയോരത്ത് വ്യാഴാഴ്‌ചയുണ്ടായ കനത്തമഴയിലും ഉരുൾപൊട്ടലിലും വൻ നാശനഷ്ടം. വെള്ളിയാഴ്‌ച മഴയുടെ ശക്തി അൽപം കുറഞ്ഞെങ്കിലും ജാഗ്രത കൈവിടാതെയാണ് ജനങ്ങൾ കഴിയുന്നത്. ഈരാറ്റുപേട്ട വാഗമൺ റോഡിൽ ഗതാഗതം പൂർണമായും പുനഃസ്ഥാപിച്ചു. തീക്കോയി, തലനാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വ്യാപകമായി കൃഷിനശിച്ചു. രണ്ടുപഞ്ചായത്തുകളിലായി 70 കർഷകരുടെ 25 ഏക്കറോളം ഭൂമിയിലെ കൃഷിയാണ് നശിച്ചത്. ഒന്നര കോടിയോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തലനാട് പഞ്ചായത്തിലെ ആനിപ്ലാവ്, തീക്കോയി പഞ്ചായത്തിലെ ഒറ്റയീട്ടി, തുമ്പശ്ശേരി, വെള്ളികുളം, കാരികാട്, മിഷ്യൻകര എന്നീ പ്രദേശങ്ങളിലുമാണ് മണ്ണിടിച്ചിലുണ്ടായത്. പല വീടുകളുടെയും മുറ്റം ഇടിഞ്ഞു. വൈദ്യുതി പോസ്‌റ്റുകൾ തകർന്നു. റോഡുകളുടെ ഓടകളും കലുങ്കുകളും മണ്ണും കല്ലും ചെളിയും അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു.
തലനാട് പഞ്ചായത്തിൽ വെള്ളാനി, ആനിപ്ലാവ് എന്നിവിടങ്ങളിൽ ഉരുൾപൊട്ടലിൽ ഏക്കർകണക്കിന് കൃഷിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. വെള്ളാനി കരിപ്പുക്കാട്ടിൽ സജികുമാറിന്റെ സ്ഥലത്താണ് ഉരുൾപൊട്ടിയത്.
തലനാട് ആനിപ്ലാവിൽ തേനമാക്കൽ ഭാഗത്ത് കൈത്തോടിന്റെ ഉത്ഭവസ്ഥാനത്തുനിന്ന് പൊട്ടിയ ഉരുൾ മീനച്ചിലാറ്റിൽ പതിച്ചു. വിവിധയിടങ്ങളിൽ മണ്ണ് ഇടിച്ചിലുണ്ടായി. റോഡുകളിലെ തടസ്സം പൂർണമായും നീക്കി; ഗതാഗതം പുനഃസ്ഥാപിച്ചു.
തീക്കോയി പഞ്ചായത്തിലെ ഇഞ്ചപ്പാറ, അട്ടിക്കളം എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടിയത്. പ്രദേശത്ത് വ്യാപക കൃഷിനാശവും ഉണ്ടായി. റോഡിൽ ഗതാഗത തടസം ഉണ്ടായതോടെ പ്രദേശത്തെ താമസിക്കുന്ന നാലുകുടുംബങ്ങൾ വ്യാഴാഴ്ച രാത്രി ഒറ്റപ്പെട്ടു. വിദ്യാർഥികളും, ജോലി കഴിഞ്ഞെത്തിയവരും രാത്രിയിൽ മറ്റ് വീടുകളിൽ താമസിച്ച് വെള്ളി രാവിലെയാണ് സ്വന്തം വീടുകളിലേക്ക് മാറിയത്.
വിവിധ പ്രദേശങ്ങളിൽ വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ജോലികൾ നടക്കുന്നു. പൊലീസ്, അഗ്നിരക്ഷാസേന, റവന്യു, ആരോഗ്യവകുപ്പ്, കൃഷിവകുപ്പ് ഉദ്യേഗസ്ഥർ എത്തി നാശനഷ്ടങ്ങൾ വിലയിരുത്തി. കലക്ടർ വി വിഗ്‌നേശ്വരി വ്യാഴാഴ്ച രാത്രിയിൽ സ്ഥലം സന്ദർശിച്ചിരുന്നു. നാശനഷ്ടം നേരിട്ടവർക്ക് സർക്കാർ സഹായം എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..