20 April Saturday
കൈയടിക്കാം ഈ പെൺകരുത്തിന്‌

" ഉദാഹരണം ആനി ജോസഫ്‌ '

വെബ് ഡെസ്‌ക്‌Updated: Thursday Jun 23, 2022

 കോട്ടയം

മകൾക്കൊപ്പം എസ്‌എസ്‌എൽസി പരീക്ഷയെഴുതി വിജയിച്ച അമ്മയുടെ കഷ്ടപ്പാടിന്റെ കഥ പറയുന്ന മഞ്‌ജു വാര്യരുടെ  ‘ഉദാഹരണം സുജാത’ എന്ന സിനിമ ആനി കണ്ടിട്ടില്ല. പക്ഷേ മകനൊപ്പം പ്ലസ്‌ടു പരീക്ഷയെഴുതി നാൽപ്പതാം വയസ്സിൽ ആനി വിജയിയായി. കൈയടിക്കേണ്ട നല്ല കലക്കൻ വിജയം. 
   കോട്ടയം കാരിത്താസ് ആശുപത്രിയിലെ ഹൗസ് കീപ്പിങ് വിഭാഗം  ജീവനക്കാരിയാണ് സംക്രാന്തി പള്ളിപ്പുറം കേളിയംപറമ്പിൽ ആനി ജോസഫ്. രണ്ട്‌ സെന്റ്‌ സ്ഥലത്തെ ഷീറ്റിട്ട കുഞ്ഞുവീട്ടിലിരുന്ന്‌ കണ്ട വലിയ സ്വപ്‌നമാണ്‌ നാഷണൽ ഓപ്പൺ സ്‌കൂൾ വഴി പഠിച്ച്‌ ആനി കൈയിലാക്കിയത്‌.
   വീട്ടിലെ പരിമിതികൾമൂലം പത്താംക്ലാസിൽ മുടങ്ങിയ പഠനം ഉള്ളിലൊരു തേങ്ങലായിരുന്നു ആനിക്ക്‌. കോട്ടയം സെന്റ്‌ ആൻസ്‌ സ്‌കൂളിലന്ന്‌ ഒപ്പം പഠിച്ചവരൊക്കെ ഉന്നത നിലയിലെത്തിയപ്പോൾ എങ്ങുമെത്താനാകാതെപോയ സങ്കടം ഉള്ളിലിട്ട്‌ കാത്തിരിക്കുകയായിരുന്നു ആ പെണ്ണ്‌. 20–-ാം വയസ്സിൽ കല്യാണം കഴിഞ്ഞു. രണ്ട്‌ മക്കളായി. പിന്നെ ജീവിതം രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ഓട്ടമായി. കൂലിപ്പണിക്കാരനായ ഭർത്താവ്‌ ജോർജിനൊപ്പം ആനിയും തൊഴിൽതേടിയലഞ്ഞു. കാരിത്താസ്‌ ആശുപത്രിയിൽ ജോലിക്കെത്തിയിട്ട്‌ ഏഴുവർഷമായി. പഠിച്ചതോ പരീക്ഷയെഴുതിയതോ സഹപ്രവർത്തകർപോലും അറിഞ്ഞില്ല. ചൊവ്വാഴ്‌ച വിജയമറിഞ്ഞപ്പോൾ അഭിനന്ദനംകൊണ്ടവർ ആനിയെ മൂടി. മകൻ എബി ജോർജ്‌ കുമാരനല്ലൂർ ദേവിവിലാസം സ്‌കൂളിൽനിന്നാണ്‌ പ്ലസ്‌ടു വിജയിച്ചത്‌. നഴ്‌സിങ്ങിന്‌ പോകാനുള്ള ആഗ്രഹത്തിലാണ്‌ എബി. ആനിയുടെ അടുത്തലക്ഷ്യം നഴ്‌സിങ്‌ അസിസ്റ്റന്റും. വിജയകഥയറിഞ്ഞ്‌ കാരിത്താസ് ആശുപത്രി ഡയറക്ടർ ഡോ. ബിനു കുന്നത്ത് ആനിയെ ആദരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top