24 April Wednesday

കോട്ടയത്തേക്ക്‌ മടങ്ങാനുള്ള
ആഗ്രഹം സാധിക്കാതെ

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022
കോട്ടയം
പത്താംക്ലാസിന്‌ ശേഷം കോട്ടയത്തോട്‌ വിടപറഞ്ഞെങ്കിലും അടുത്തകാലത്തായി ഇങ്ങോട്ട്‌ മടങ്ങിവരണമെന്ന ആഗ്രഹം സംഗീതയ്‌ക്കുണ്ടായിരുന്നു. അത്‌ സാധിക്കാതെയാണ് യാത്രയായത്‌. നാഗമ്പടത്ത്‌ സംഗീത ജനിച്ചുവളർന്ന തറവാട്‌ വീട്‌ ഇപ്പോഴുമുണ്ട്‌.
ഈരയിൽ വി ജി സചിത്തിന്റെയും രാജമ്മയുടെയും മകളായ സംഗീതക്ക്‌ കുട്ടിക്കാലംമുതലേ സംഗീതം ഹരമായിരുന്നു. കോട്ടയം സെന്റ്‌ ജോസഫ്‌ ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ മുതലേ നിരവധി ഗാനമേളകൾക്കും കച്ചേരികൾക്കും പോയിരുന്നു. കൂട്ടുകാർക്കിടയിൽ എപ്പോഴും വളരെ ഉല്ലാസവതിയായിരുന്ന സംഗീത എവിടെച്ചെന്നാലും ആളുകളുടെ ശ്രദ്ധ നേടുമായിരുന്നു. സ്‌കൂളിലെ വേദികളിലും നിറസാന്നിധ്യമായിരുന്നു.
സിനിമയിൽ പാടണമെന്ന ആഗ്രഹം കുട്ടിക്കാലത്തേ സംഗീതയ്‌ക്കുണ്ടായിരുന്നു. സഹോദരിക്ക്‌ അഭിനയത്തിലായിരുന്നു താൽപര്യം. സിനിമയിൽ അവസരം കിട്ടാൻ നല്ലത്‌ ചെന്നൈ ആയതിനാലാണ്‌ കുടുംബം അങ്ങോട്ടേക്ക്‌ മാറിയത്‌. എങ്കിലും സംഗീത ഇടയ്‌ക്കിടെ കോട്ടയത്ത്‌ വരുമായിരുന്നു. 
സംഗീതസംവിധാനത്തിലേക്ക്‌ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു സംഗീത ആഗ്രഹിച്ചിരുന്നത്‌. സംഗീത സംവിധാനരംഗം പൊതുവേ പുരുഷ കേന്ദീകൃതമാണ്‌. ഇതിനൊരു മാറ്റം വരുത്തണമെന്നും അവർ ആഗ്രഹിച്ചിരുന്നു. കോട്ടയത്തെ സുഹൃത്തുക്കളുമായുള്ള ബന്ധം അവർ എന്നും കാത്തുസൂക്ഷിച്ചു. അസുഖവിവരങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്‌ക്കാൻ ആഗ്രഹിച്ചിരുന്നില്ല.
നാഗമ്പടം ക്ഷേത്രത്തിൽ അരങ്ങേറ്റം
" ജ്‌ഞാനപ്പഴത്തെ പിഴിന്ത്‌ ' എന്ന പ്രശസ്‌തഗാനം കെ ബി സുന്ദരാംബാളിന്റെ ശബ്‌ദത്തിൽ പാടി സംഗീത വലിയ ശ്രദ്ധ നേടിയിരുന്നു. നാഗമ്പടം മഹാദേവ ക്ഷേത്രത്തിൽ അരങ്ങേറ്റ ദിവസവും ഈ ഗാനം തന്നെ സുന്ദരാംബാളിന്റെ ശബ്ദത്തിൽ പാടി സംഗീത സദസ്സിനെ വിസ്‌മയിപ്പിച്ചിരുന്നു.
അവസാനം എത്തിയത്‌ മൂന്നുവർഷംമുമ്പ്‌
സംഗീത അവസാനമായി നാഗമ്പടത്തെ തറവാട്ടുവീട്ടിൽ എത്തിയത്‌ മൂന്നുവർഷം മുമ്പായിരുന്നു. തറവാട്ടിൽ ഇപ്പോൾ താമസം സംഗീതയുടെ അച്ഛൻ സചിത്തിന്റെ അനുജനും ഡെന്റിസ്‌റ്റുമായ ഡോ. വി ജി സുനിലാണ്‌. ഇവിടെ അദ്ദേഹത്തിന്റെ ക്ലിനിക്കുമുണ്ട്‌. സചിത്ത്‌ മരിച്ചത്‌ രണ്ട്‌ വർഷം മുമ്പാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top