19 April Friday

4 വർഷത്തിനകം മുഴുവൻ ഭവനരഹിതർക്കും വീടൊരുക്കും: മന്ത്രി വി എൻ വാസവൻ

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022
കോട്ടയം
ആറ്‌ വർഷക്കാലം കൊണ്ട് സംസ്ഥാനത്തെ രണ്ട് ലക്ഷത്തിൽപരം ഭവനരഹിതർക്ക് വീടൊരുക്കി വിപ്ലവം സൃഷ്ടിച്ച പിണറായി വിജയൻ സർക്കാർ അടുത്ത നാല് വർഷംകൊണ്ട് സംസ്ഥാനത്തെ ബാക്കിയുള്ള മുഴുവൻ ഭൂരഹിത –- ഭവനരഹിതരുടെയും വീടെന്ന സ്വപ്‌നം യാഥാർഥ്യമാക്കുമെന്ന് സഹകരണ- മന്ത്രി മന്ത്രി വി എൻ വാസവൻ പറഞ്ഞു. നൂറുദിന കർമപരിപാടികളുടെ ഭാഗമായി ലൈഫ് പദ്ധതിയിൽ നിർമാണം പൂർത്തീകരിച്ച വീടുകളുടെ താക്കോൽ ദാനത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 
സർക്കാരിനോടൊപ്പം സഹകരണ മേഖലയിലടക്കമുള്ള ഏജൻസികളും ഇതിനായി മുൻകൈയെടുക്കും. സംസ്ഥാനത്തുടനീളം 2,200ലധികം വീടുകളും 40 ഫ്ലാറ്റുകളും നിർമിച്ചുനൽകിയ സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതിയിലൂടെ കൂടുതൽ ഫ്ലാറ്റുകൾ നിർമിക്കാനുള്ള പ്രവർത്തനങ്ങൾ എല്ലാ ജില്ലകളിലും നടക്കുന്നതായും അദ്ദേഹം പറഞ്ഞു. 
 ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി അധ്യക്ഷയായി. "മനസ്സോടിത്തിരി മണ്ണ്' എന്ന പദ്ധതിയിൽ വെള്ളൂർ പഞ്ചായത്തിൽ ലൈഫ് പദ്ധതിക്കായി ഭൂമി വിട്ടുനൽകിയ ആർ വി ബാബു, കുര്യാക്കോസ് തോട്ടത്തിൽ, ഡോ. രാജലക്ഷ്മി എന്നിവരെ ചടങ്ങിൽ ആദരിച്ചു. കലക്ടർ ഡോ. പി കെ ജയശ്രീ മുഖ്യപ്രഭാഷണം നടത്തി. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ വിശിഷ്ടാതിഥിയായി.
ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് പി വി സുനിൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ വി കെ പ്രദീപ് കുമാർ, സബിത പ്രേംജി, ബിജു വലിയമല, റോസിലി ടോമിച്ചൻ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് കോട്ടൂർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ ഷാജിമോൻ, ലൈഫ് മിഷൻ ജില്ലാ കോഓർഡിനേറ്റർ പി എസ് ഷിനോ, ജില്ലാ വനിതാക്ഷേമ ഓഫീസർ ലക്ഷ്‌മി പ്രസാദ്, ഏറ്റുമാനൂർ ബിഡിഒ രാഹുൽ ജി കൃഷ്ണൻ എന്നിവർ പങ്കെടുത്തു. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റശേഷം ഒരുവർഷത്തിനുള്ളിൽ ലൈഫ് പദ്ധതിയിലൂടെ ജില്ലയിൽ 1,444 വീടുകളാണ് പൂർത്തീകരിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top