29 March Friday
സിൽവർലൈൻ

കല്ലിടൽ വീണ്ടും 
തുടങ്ങാൻ നിർദേശം

സ്വന്തം ലേഖകൻUpdated: Sunday Jan 23, 2022
കോട്ടയം
കാസർകോട്‌ –- -തിരുവനന്തപുരം അർധ അതിവേഗ റെയിൽപാതയായ സിൽവർലൈൻ പദ്ധതിക്ക്‌ ഭൂമി ഏറ്റെടുക്കുന്നതിന്‌ മുന്നോടിയായി ഈ ആഴ്‌ച മുതൽ വീണ്ടും കല്ലിട്ട്‌ തുടങ്ങും. കോട്ടയത്ത്‌ ആരംഭിച്ച കല്ലിടൽ നടപടി നിർത്തിവച്ചിരുന്നു. പനച്ചിക്കാട്‌ വില്ലേജിലെ വെള്ളുത്തുരുത്തി മേഖലയിൽ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞതാണ്‌ നടപടി നിർത്തിവയ്‌ക്കാനിടയാക്കിയത്‌. മുഴുവൻ ജില്ലകളിലും പ്രവർത്തനം വേഗത്തിൽ നടക്കുന്നതിനാൽ കല്ലിടുന്ന ജോലികൾ പുനഃരാരംഭിക്കണമെന്ന്‌ കെ റെയിൽ അധികൃതർ എൽഎ സ്‌പെഷ്യൽ തഹസിൽദാർക്ക്‌ നിർദേശംനൽകി.  
  കെ റെയിൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ്‌ കല്ലിട്ടുപോകുന്നത്‌. ഇതിന്‌ സഹായം നൽകാൻ എൽഎ സ്‌പെഷ്യൽ തഹസിൽദാരെ ലാൻഡ്‌ അക്വിസിഷൻ ഓഫീസറായി നിയമിച്ച്‌ കലക്ടറുടെ ഉത്തരവുണ്ട്‌.  
 ജില്ലയിൽനിന്ന്‌ ആകെ ഏറ്റെടുക്കേണ്ടത്‌ 310. 25 ഹെക്ടർ ഭൂമിയാണ്‌. കോട്ടയം, ചങ്ങനാശേരി, മീനച്ചിൽ, വൈക്കം താലൂക്കുകളിലായി അലൈൻമെന്റിനും സ്‌റ്റേഷനുകൾ നിർമിക്കാനും 108.11 ഹെക്ടറും പാളം നിർമാണത്തിന്‌ 202.14 ഹെക്ടറും ആവശ്യമുണ്ട്‌.  
മാടപ്പള്ളി, തോട്ടയ്‌ക്കാട്‌, വാകത്താനം, പുതുപ്പള്ളി, പനച്ചിക്കാട്‌, നാട്ടകം, മുട്ടമ്പലം, വിജയപുരം, പെരുമ്പായിക്കാട്‌, പേരൂർ, ഏറ്റുമാനൂർ, കാണക്കാരി, കുറവിലങ്ങാട്‌, കടുത്തുരുത്തി, മുളക്കുളം, ഞീഴൂർ വില്ലേജുകളിലൂടെയാണ്‌ സിൽവർലൈൻ പാത കടന്നുപോകുന്നത്‌. പരമാവധി 15 മുതൽ 25 മീറ്റർ വരെ വീതിയിൽ ഇരുവശത്തുമായി കല്ലിടാനാണ്‌ നിർദേശം.   
  പത്തനംതിട്ട ജില്ലയിലെ കുന്നന്താനം വില്ലേജിൽ നിന്നാണ്‌ കോട്ടയത്തേക്ക്‌ സിൽവർലൈൻ വരുന്നത്‌. ആദ്യം മാടപ്പള്ളിയും അവസാനിക്കുന്നത്‌ ഞീഴൂർ വില്ലേജിലും. മുട്ടമ്പലം വില്ലേജ്‌ പരിധിയിലാണ്‌ കോട്ടയത്തെ റെയിൽവേ സ്‌റ്റേഷനെങ്കിലും അത്‌ എവിടെവേണമെന്ന്‌ അന്തിമ തീരുമാനമായില്ല.
കല്ലിടൽ തടയുന്നത്‌ 
നഷ്ടപരിഹാരം കിട്ടില്ലെന്ന്‌ 
പറഞ്ഞ്‌ 
ഭൂമി ഏറ്റെടുത്താൽ അർഹമായ നഷ്ടപരിഹാരം കിട്ടില്ലെന്ന്‌ ഉടമകളെ തെറ്റിദ്ധരിപ്പിച്ചാണ്‌ കല്ലിടുന്ന ജോലികൾ തടസപ്പെടുത്തുന്നത്‌. കെ റെയിൽ ഭൂമി ഏറ്റെടുക്കൽ വസ്‌തു വിട്ടുകൊടുക്കുന്നവർക്ക്‌  കേരളത്തിൽ മുമ്പെങ്ങുമില്ലാത്ത വിധം നഷ്ടപരിഹാരം നൽകുന്നതാണ്‌ വസ്‌തുത. 
 വിപണി വിലയുടെ ഇരട്ടി തുകയാണ് നഷ്‌ട‌പരിഹാരമായി ഭൂവുടമകൾക്ക് നൽകുക.  2013ൽ സർക്കാർ പാസാക്കിയ നിയമപ്രകാരമാണ്‌ ഉയർന്ന നഷ്ടപരിഹാരം ലഭിക്കുന്നത്‌. പലരും ആധാരത്തിൽ വില കുറച്ചുകാണിച്ച്‌ വസ്‌തു രജിസ്‌ട്രേഷൻ നടത്തിയിട്ടുള്ളതിനാൽ പദ്ധതിയെ രാഷ്ട്രീയമായി എതിർക്കുന്നവരുടെ പ്രചാരണത്തിൽ ചിലരെങ്കിലും വീണുപോകുന്നുണ്ട്‌. ഏറ്റെടുക്കുന്ന ഭൂമിക്ക്‌ അഞ്ച്‌കിലോമീറ്റർ ചുറ്റളവിൽ മൂന്നുവർഷത്തിനിടെ നടന്ന വിലയാധാരം കണക്കാക്കിയാണ്‌ കെ റെയിലിന്റെ നഷ്ടപരിഹാരം. അതുകൊണ്ട്‌ ഭൂഉടമകൾക്ക്‌ വലിയതുക നഷ്ടപരിഹാരം ലഭിക്കും. കൂടാതെ സർക്കാർ മറ്റാനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്‌.--
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top