20 April Saturday

സന്നദ്ധസേവനങ്ങൾ നയിച്ച്‌ 
കെ ജെ തോമസും വി എൻ വാസവനും

സ്വന്തം ലേഖകൻUpdated: Friday Oct 22, 2021

കേരള സംസ്ഥാന ചുമട്ടുതൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ കുട്ടിക്കൽ, മുണ്ടക്കയം പഞ്ചായത്തുകളിൽ നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾക്ക് മുന്നോടിയായി ചേർന്ന യോഗത്തിൽ മന്ത്രി വി എൻ വാസവൻ സംസാരിക്കുന്നു

മുണ്ടക്കയം
പ്രകൃതി കലിതുള്ളി കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ച കൂട്ടിക്കലിലെ സന്നദ്ധസേവനങ്ങൾ നയിച്ച്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസും മന്ത്രി വി എൻ വാസവനും. 
സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കൂടിയായ കെ ജെയുടെ ഇടപെടലിൽ തൊഴിലാളികളും സേവനസന്നദ്ധരായി രംഗത്തുണ്ട്‌. നൂറുകണക്കിന്‌ തൊഴിലാളി വളണ്ടിയർമാർ വ്യാഴാഴ്‌ചത്തെ ശുചീകരണത്തിൽ വ്യാപൃതരായി. മുണ്ടക്കയം കോസ്‌വെ ജങ്‌ഷനിൽ കെ ജെ തോമസ്‌ ഉദ്‌ഘാടനംചെയ്‌തു. മന്ത്രി വി എൻ വാസവൻ സംസാരിച്ചു. തുടർന്ന്‌ ഇരുവരും വിവിധ ക്യാമ്പുകൾ സന്ദർശിച്ചു. കലക്ടർ പി കെ ജയശ്രീയും ഒപ്പമുണ്ടായി. ചുമട്ടുതൊഴിലാളി യൂണിയൻ(സിഐടിയു) സ്വരൂപിച്ച 200 ചാക്ക് അരി ദുരിതമേഖലയിൽ എത്തിച്ചു. ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കുന്നുണ്ട്‌. കോട്ടയം മെഡിക്കൽ കോളേജ്‌ ആർഎംഒ ഡോ. ആർ പി രഞ്ജിന്റെ നേതൃത്വത്തിലുള്ള സംഘം ക്യാമ്പിലുള്ളവരെ പരിശോധിച്ച്‌ മരുന്നുകൾ നൽകി. 
ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ യൂത്ത്‌ ബ്രിഗേഡ്‌ സഹായ ഹസ്‌തവുമായി ദിവസങ്ങളായി ദുരന്തഭൂമിയിൽ സജീവമാണ്‌. കെഎസ്ടിഎ, കെജിഒഎ, എൻജിഒ യൂണിയൻ, മഹിളാ അസോസിയേഷൻ, എസ്എഫ്ഐ, കർഷകസംഘം തുടങ്ങിയ സംഘടനകളുടെ സഹായവും സേവനവും നിറഞ്ഞുനിൽക്കുന്നു.  സർക്കാർ സംവിധാനങ്ങൾ ഒന്നാകെ ദുരന്തബാധിത പ്രദേശങ്ങളിൽ രംഗത്തുണ്ട്‌. 
തൊഴിലാളികളുടെ സംഘം കൂട്ടിക്കൽ, മുണ്ടക്കയം പഞ്ചായത്തുകളിലെ വീടുകളിലും സ്ഥാപനങ്ങളിലും അടിഞ്ഞുകുടിയ മാലിന്യങ്ങൾ നീക്കംചെയ്‌തു. ആവശ്യമായ സ്ഥലങ്ങളിൽ സംരക്ഷണഭിത്തി നിർമിക്കുകയും ചെയ്‌തു. 
 മൃതദേഹങ്ങൾ കണ്ടെത്താനും യഥാസമയം പോസ്റ്റ്മോർട്ടം നടത്തി സംസ്കരിക്കാനുള്ള സഹായവും ചെയ്തുനൽകി. കൂട്ടിക്കൽ, മുണ്ടക്കയം, കൊക്കയാർ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലായി ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനും ഇവിടെ ഭക്ഷണവും മരുന്നുമെത്തിക്കാനും കഴിഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top