20 April Saturday

വെള്ളം ഉയരുന്നതും കാത്തിരുന്നു: 
പക്ഷേ വീട്ടിലേക്ക്‌ കയറുമെന്ന് കരുതിയില്ല

വെബ് ഡെസ്‌ക്‌Updated: Friday Oct 22, 2021
കൂട്ടിക്കൽ
"പുല്ലകയാറിൽ ജലനിരപ്പ് ഉയരുന്നത് നോക്കിയാണ് നിന്നത്, മുൻവാതിൽ തുറക്കുമ്പോൾ വെള്ളം ഇരച്ച് കയറുമെന്ന് കരുതിയില്ല". ശനിയാഴ്‌ചയുണ്ടായ ദാരുണ സംഭവത്തെക്കുറിച്ച് പറയുമ്പോൾ റിട്ട. എസ്ബിഐ ഉദ്യോഗസ്ഥൻ ഗുരുമന്ദിരത്തിൽ ശശിചന്ദ്രന് ഇപ്പോഴും പരിഭ്രമം.
 നിർത്താതെ പെയ്യുന്ന മഴയിൽ ആറ്റിലെ ജലനിരപ്പ് ഉയരുന്നുണ്ടോ എന്ന്‌ ശ്രദ്ധിച്ചിരുന്നു. പക്ഷേ ഇടയ്ക്ക് മുൻവാതിൽ തുറന്നപ്പോൾ വെള്ളം ശക്തമായി ഇരച്ച് വീടിനകത്തേക്ക് കയറി. ആറ്റിൽ കാര്യമായി വെള്ളം ഉയരാതെ ആറ് വഴിതെറ്റ് റോഡിലൂടെ എത്തുമെന്ന് കരുതിയില്ല. ഞൊടിയിടയിൽ വീട് മുഴുവൻ വെള്ളത്തിനടിയിലായി. രണ്ടാം നിലയുടെ ജനൽപ്പൊക്കത്തിലും വെള്ളമെത്തി. ഒന്നാംനില വെള്ളത്തിനടിയിലായപ്പോൾ കൈയിൽ കിട്ടിയതും എടുത്ത് മുകളിൽ കയറി. നിമിഷനേരത്തിനുള്ളിൽ വെള്ളം അവിടെയും എത്തി. തൂവാലപോലും അവശേഷിപ്പിക്കാതെ എല്ലാം വെള്ളം കവർന്നു. ഉടുതുണി മാത്രമാണ് ബാക്കിവച്ചത്.
 കൂട്ടിക്കൽ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള കൂട്ടുവാല പാലത്തിൽ മരക്കഷണങ്ങളും മാലിന്യവും വന്നടിഞ്ഞതാണ് ആറിന്റെ ഗതിമാറാൻ കാരണമായത്. ആറ്റിൽ കൂടി ഒഴുകേണ്ട വെള്ളം വഴിവെട്ടി റോഡിലൂടെയെത്തി കൂട്ടിക്കൽ ടൗണിനെയാകെ വിഴുങ്ങി. താഴേയ്ക്ക് ഒഴുകാൻ നേരിട്ട തടസം ടൗണിനെ വെള്ളത്തിലാഴ്ത്തി. മഴതുടങ്ങി മൂന്ന് മണിക്കൂറിൽ വെള്ളം വീട്ടിൽകയറി. പിന്നെ നാല് മണിക്കൂറ് നീണ്ട് നിന്ന ഭയമായിരുന്നെന്ന് ശശി ചന്ദ്രൻ പറയുന്നു. 
 മഴവെള്ളപ്പാച്ചിലിൽ അലമാരകളും വീട്ടുപകരണങ്ങളും ശശിചന്ദ്രന്റെ വീട്ടിൽ വന്നടിഞ്ഞിരുന്നു. അലമാരയ്ക്കുള്ളിലെ രേഖകളിൽനിന്ന് അഡ്രസ് ലഭിച്ച ഉടമസ്ഥരെ വിളിച്ച് കാര്യമറിയിച്ചു. ഉടമസ്ഥർ ആരെന്നറിയാത്ത അലമാര ഇനിയും ഇവിടെ ബാക്കിയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top