23 April Tuesday
അവലോകനയോഗം ഇന്ന്‌

ദുരിതാശ്വാസ ക്യാമ്പുകളിൽ 
സാന്ത്വനവുമായി മന്ത്രി വി എൻ വാസവൻ

വെബ് ഡെസ്‌ക്‌Updated: Friday Oct 22, 2021

കുറുവാ മുഴി സെന്റ് ജോസഫ് പള്ളി പാരിഷ് ഹാളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച്‌ മന്ത്രി വി എൻ വാസവൻ ക്യാമ്പിൽ കഴിയുന്നവരുമായി സംസാരിക്കുന്നു. ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ എന്നിവർ സമീപം

കോട്ടയം
കൂട്ടിക്കലടക്കം ദുരിതബാധിത മേഖലകളിൽ നടക്കുന്ന  പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വെള്ളി പകൽ രണ്ടിന് മുണ്ടക്കയം പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ ചേരുമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജിനും സെബാറ്റ്യൻ കുളത്തുങ്കൽ എംഎൽഎയ്ക്കുമൊപ്പം കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ നിയോജ കമണ്ഡലങ്ങളിൽ ദുരിതം നേരിട്ട പ്രദേശങ്ങളും ക്യാമ്പുകളും സന്ദർശിക്കുകയായിരുന്നു മന്ത്രി.   മണ്ണും ചെളിയുമടിഞ്ഞ റോഡുകളിൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടക്കുകയാണെന്നും മന്ത്രി പറഞ്ഞു. ക്യാമ്പുകളിൽ എല്ലാ സൗകര്യവും ഒരുക്കാൻ വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.  
മലവെള്ളപ്പാച്ചിലിൽ തകർന്ന വെള്ളനാടി വള്ളക്കടവ് കാവുംഭാഗം പാലവും കുറുവാമൂഴിയിൽ നദീതീരത്തിനടുത്ത് പൂർണമായി നശിച്ച വീടുകളും അഞ്ചിലിപ്പയിലെ അഭയഭവനും കടകളും പ്രളയത്തിൽ ബലക്ഷയം നേരിട്ട കാഞ്ഞിരപ്പള്ളി- റാന്നി റോഡിലെ കടവനാൽകടവ് പാലവും മന്ത്രി സന്ദർശിച്ചു.  ദുരന്തബാധിതരുമായും സംസാരിച്ചു. 
  കുറുവാമൂഴിയിലെ സെന്റ് ജോസഫ് പള്ളി പാരിഷ് ഹാളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി സൗകര്യങ്ങൾ വിലയിരുത്തി. 31 കുടുംബങ്ങളിലെ 114 പേരാണ് ക്യാമ്പിലുള്ളത്. നഷ്ടപ്പെട്ട രേഖകൾ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും സർക്കാർ എല്ലാ സഹായവും നൽകുമെന്നും മന്ത്രി പറഞ്ഞു. 14 കുടുംബങ്ങളിലെ 49 പേർ കഴിയുന്ന വിഴിക്കത്തോട് ചേനപ്പാടി ആർവിജി വിഎച്ച്എസ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പും മന്ത്രി സന്ദർശിച്ചു. 
കൊക്കയാറിൽ ഉരുൾപൊട്ടലിൽ മരിച്ച അംന, അമീൻ, ഇവരുടെ അമ്മ ഫൗസിയ എന്നിവരുടെ കാഞ്ഞിരപ്പള്ളിയിലെ ചേരിപുറത്ത് വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ഫൗസിയയുടെ ഭർത്താവ് സിയാദുമായി സംസാരിച്ചു. 
സിപിഐ എം ഏരിയ സെക്രട്ടറി കെ രാജേഷ്‌,പഞ്ചായത്ത്‌ പ്രസിഡന്റുമാരായ കെ ആർ തങ്കപ്പൻ, തങ്കമ്മ ജോർജുകുട്ടി,  പഞ്ചായത്തംഗങ്ങളായ വി എൻ രാജേഷ്, ശ്യാമള ഗംഗാധരൻ, റോസമ്മ തോമസ്, ബി ആർ  അൻഷാദ്, പി കെ തുളസി എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. മുണ്ടക്കയത്ത് ക്യാമ്പ് ചെയ്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മന്ത്രി നേതൃത്വംനൽകുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top