കോട്ടയം
കോട്ടയത്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയ വ്യാജ സഹകരണ സൊസൈറ്റി ജില്ലയിലും എറണാകുളത്തും ശാഖകൾ തുടങ്ങിയതായി വിവരം. ഇവിടങ്ങളിൽ എത്ര പേരെ ജോലിക്ക് നിയമിച്ചെന്നും സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കും. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കാരാപ്പുഴ മാതൃഭവനത്തിൽ എം എസ് അരുൾ ശശിധരൻ, ബിജെപി പ്രവർത്തകൻ മുട്ടമ്പലം കുളങ്ങര വി കെ ശ്രീകുമാർ, തിരുവനന്തപുരം തൈക്കാട് സ്വദേശി ഷംസുദ്ദീൻ മരയ്‌ക്കാർ, മുട്ടമ്പലം രാജവിലാസിൽ അനൂപ്‌കുമാർ എന്നിവർക്കെതിരെയാണ് കോട്ടയം വെസ്‌റ്റ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഇവർ ആരംഭിച്ച, എൻആർഐ ആൻഡ് ആർഐ എന്ന കോഓപറേറ്റീവ് സൊസൈറ്റി ഏറ്റുമാനൂർ, പാലാ, വൈക്കം എന്നിവിടങ്ങളിലും എറണാകുളം ജില്ലയിലും അനധികൃതമായി ശാഖകൾ തുടങ്ങിയതായി പൊലീസിന് വിവരമുണ്ട്. കോട്ടയം കാരാപ്പുഴയിൽ തുടങ്ങിയ ശാഖ അധികൃതർ പൂട്ടിച്ചതോടെ മറ്റ് ശാഖകളും പൂട്ടുകയായിരുന്നു. കാരാപ്പുഴ ശാഖയിൽ 25 പേരെ നിയമിക്കുകയും ഇവരിൽനിന്ന് ലക്ഷക്കണക്കിന് രൂപ വാങ്ങി കബളിപ്പിച്ചെന്നുമാണ് കേസ്.
കേസിൽ നാല് പ്രതികൾക്കും മുൻകൂർ ജാമ്യം കിട്ടിയിട്ടുണ്ട്. ആഴ്‌ചയിൽ രണ്ട് ദിവസം സ്‌റ്റേഷനിൽ വന്ന് ഒപ്പിടണം എന്നതടക്കം കർശന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..