25 April Thursday
26ന്‌ മന്ത്രി വി എൻ വാസവൻ ഭവനം കൈമാറും

പടുതാക്കീഴിലെ ദുരിതക്കൂടൊഴിഞ്ഞു; കരുവാലയിൽ ആഹ്ലാദപുഞ്ചിരി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 22, 2021

സിപിഐ എം കൊഴുവനാൽ ലോക്കൽ കമ്മിറ്റി തോടനാൽ നിർമ്മിച്ചു നൽകുന്ന പുതിയ വീടിനുമുന്നിൽ ഷാജിയും കുടുംബവും

പാലാ
വിഷ്‌ണുപ്രിയയ്ക്കും ശിവപ്രിയയ്‌ക്കും കൃഷ്‌ണപ്രിയയ്‌ക്കും സ്വസ്ഥമായി പഠിക്കാനും അന്തിയുറങ്ങാനും സുരക്ഷിത ഭവനമൊരുങ്ങി.  പടുത തുന്നിക്കെട്ടിയ കുടിലിലെ പരാധീനതകളിൽനിന്നാണ്‌  ഈ കുഞ്ഞുങ്ങൾക്ക്‌ മോചനം.   
തോടനാൽ കരുവാലയിൽ ഷാജി–-കുമാരി ദമ്പതിമാർ മൂന്ന്‌ പെൺമക്കളുമായി 26ന്‌ പുതിയ വീട്ടിലേക്ക്‌ പ്രവേശിക്കും. സിപിഐ എം കൊഴുവനാൽ ലോക്കൽകമ്മിറ്റിയാണ്‌ നിർധന കുടുംബത്തിന്റ   സ്വപ്‌നം സാക്ഷാൽക്കരിച്ചത്‌.  ഏഴരലക്ഷം രൂപ ചെലവഴിച്ച്‌ നിർമിച്ച  സ്‌നേഹഭവനം മന്ത്രി വി എൻ വാസവൻ താക്കോൽ നൽകി കുടുംബത്തിന്‌ കൈമാറും. രാവിലെ ഒമ്പതിനാണ്‌ ചടങ്ങ്‌.  ചെത്തുതൊഴിലാളിയായിരുന്ന ഷാജിയും കുടുംബവും ഏഴ്‌ വർഷമായി ടർപ്പോളിൻ മേഞ്ഞ ഒറ്റമുറി വീട്ടിലായിരുന്നു  ജീവിതം. കുടുംബവിഹിതവും 16 വർഷത്തെ ചെത്തുതൊഴിൽനിന്ന്‌ മിച്ചംവെച്ച തുകയിൽ വാങ്ങിയ അഞ്ചും സെന്റും ഉൾപ്പെടെ 15 സെന്റ്‌ ഭൂമി സ്വന്തമായുണ്ടെങ്കിലും വീടെന്ന സ്വപ്‌നം ബാക്കിയായി. ചെത്തുതൊഴിൽ ഇല്ലാതായതോടെ റബർ ടാപ്പിങ്‌ ജോലിയായിരുന്നു ഷാജിയുടെ വരുമാനം.  കോളേജ്‌ പഠനത്തിനൊരുങ്ങുന്ന മൂത്തമകൾ വിഷ്‌ണുപ്രിയയും പത്താംക്ലാസിൽ മികച്ചവിജയം നേടിയ ശിവപ്രിയയും ഒൻപതാം ക്ലാസുകാരിയായ കൃഷ്‌ണപ്രിയയും ഒറ്റമുറി വീട്ടിലിരുന്നായിരുന്നു പഠനം.  കുട്ടികൾക്ക്‌ ഓൺലൈൻ പഠനത്തിന്‌ സിപിഐ എം നേതൃത്വത്തിൽ ടിവിയും ലഭ്യമാക്കിയിരുന്നു.  
കുടുംബത്തിന്റെ ദൈന്യത കണ്ട്‌ സിപിഐ എം തോടനാൽ ബ്രാഞ്ച്‌ നടത്തിയ ഇടപെടലാണ്‌ ലോക്കൽ കമ്മിറ്റിയുടെ ഭവനപദ്ധതിയിൽ പുതിയ വീട്‌ നിർമിക്കാൻ നടപടിയായത്‌.  650 ചതുരശ്രയടിയിൽ നിർമാണം പൂർത്തിയാക്കിയ കോൺക്രീറ്റ്‌ ഭവനത്തിൽ രണ്ട്‌ മുറി, അടുക്കള, ഹാൾ, സിറ്റൗട്ട്‌, ശുചിമുറി സൗകര്യങ്ങളുമുണ്ട്‌.  പാർടി അംഗങ്ങൾ, വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരുടെയും സഹായത്തോടെയാണ്‌ പൂർത്തിയാക്കിയത്‌. നിർമാണ കമ്മിറ്റി കൺവീനർ എം ശ്രീകുമാർ, ലോക്കൽ സെക്രട്ടറി സെന്നി സെബാസ്‌റ്റ്യൻ, എ ആർ ശിവശങ്കരൻനായർ എന്നിവർ ഭാരവാഹികളായ സമിതിയ്‌ക്കായിരുന്നു നിർമാണ ചുമതല. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ലാലിച്ചൻ ജോർജ്‌, ജില്ലാ കമ്മിറ്റിയംഗം ആർ ടി മധുസൂദനൻ, പാലാ ഏരിയ സെക്രട്ടറി പി എം ജോസഫ്‌, ഏരിയ കമ്മിറ്റിയംഗം ടി ആർ വേണുഗോപാൽ എന്നിവരും സഹായമേകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top