26 April Friday

നിതി ആയോഗ്‌ വന്നതോടെ 
കൂടിയാലോചന ഇല്ലാതായി: മുഖ്യമന്ത്രി

പ്രത്യേക ലേഖകൻUpdated: Monday May 22, 2023

ജില്ലാ ആസൂത്രണ സമിതി ഓഫീസ് മുഖ്യമന്ത്രി പിണറായി വിജയൻ നാട മുറിച്ച് ഉദ്ഘാടനംചെയ്യുന്നു

 

 
കോട്ടയം
ബിജെപി ഭരണത്തിൽ ആസൂത്രണ കമീഷൻ പിരിച്ചുവിട്ട്‌ നിതി ആയോഗ്‌ നടപ്പാക്കിയപ്പോൾ ആസൂത്രണം സംബന്ധിച്ച്‌ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ കൂടിയാലോചന ഇല്ലാതായെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയറ്റ്‌ മന്ദിരം ഉദ്‌ഘാടനംചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
  പ്രാദേശിക തനത്‌ വികസന മാതൃകകൾ കടുത്ത വെല്ലുവിളി നേരിടുകയാണ്‌. എന്നാൽ കേരളം സമതുലിത വികസന പാതയിലാണ്‌. ഇവിടെ സംസ്ഥാന ആസൂത്രണ ബോർഡ്‌ തുടരും. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ ഇല്ലാതാക്കി ജനാധിപത്യ –- മതനിരപേക്ഷ –- ഫെഡറൽ തത്വങ്ങളെ വെല്ലുവിളിക്കുന്നതിനെതിരായ ചെറുത്തുനിൽപ്പ്‌ കൂടിയാണത്‌.  അടുത്ത 25 വർഷം കൊണ്ട്‌ കേരളത്തെ വികസിത രാഷ്‌ട്രങ്ങൾക്ക്‌ തുല്യമായ വികസനത്തിലെത്തിക്കുകയാണ്‌  നമ്മുടെ ലക്ഷ്യം. ഇതിനാണ്‌  ജില്ല ആസൂത്രണ സമിതികൾക്ക്‌ സെക്രട്ടറിയറ്റ്‌ മന്ദിരം സ്വന്തമായി വേണമെന്ന്‌ സർക്കാർ തീരുമാനിച്ചത്‌. സംസ്ഥാനത്ത്‌ ഇത്തരത്തിൽ നിർമിച്ച 11–-ാ മത്‌ ജില്ല ആസൂത്രണ സമിതി സെക്രട്ടറിയറ്റാണ്‌ കോട്ടയത്തേത്‌. തദ്ദേശഭരണ സ്ഥാപനങ്ങൾക്ക്‌ സർക്കാർ നീക്കിവയ്‌ക്കുന്ന തുക നോക്കിയാൽ അത്‌ കൈകാര്യം ചെയ്യേണ്ടുന്ന ഈ മന്ദിരങ്ങളുടെ പ്രാധാന്യം മനസിലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അടുത്ത കേരളപ്പിറവി ദിനത്തിന്‌ മുമ്പായി കേരളം അതിദാരിദ്ര്യത്തിൽനിന്ന്‌ മോചനം നേടിയ ആദ്യ സംസ്ഥാനമാകണമെന്നതാണ്‌ സർക്കാർ ലക്ഷ്യമെന്നും പിണറായി വിജയൻ പറഞ്ഞു.
 മന്ത്രി വി എൻ വാസവൻ അധ്യക്ഷനായി. ചീഫ്‌ വിപ്പ്‌ ഡോ. എൻ ജയരാജ്‌, തോമസ്‌ ചാഴികാടൻ എംപി, എംഎൽഎമാരായ ജോബ്‌ മൈക്കിൾ, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, ആസൂത്രണ ബോർഡംഗം ജിജു പി അലക്‌സ്‌ തുടങ്ങിയവർ പങ്കെടുത്തു. കലക്ടർ ഡോ. പി കെ ജയശ്രീ റിപ്പോർട്ട്‌ അവതരിപ്പിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top