കോട്ടയം
ദിവസവും ഓരോ നിറങ്ങളാൽ കൗതുകം നിറയ്ക്കുകയാണ് വനിതാ ശിശുവികസന വകുപ്പ്. മേളയിൽ വ്യത്യസ്തനിറങ്ങളാൽ സ്റ്റാളുകൾ ഒരുക്കിയാണ് കുട്ടികളെ ആകർഷിക്കുന്നത്. ആറാംദിവസം കൗമാരക്കാർക്കായി ബാലസൗഹൃദകേരളം എന്ന വിഷയത്തിൽ ചിത്രരചന മത്സരം, ക്വിസ് മത്സരം, കുസൃതി ചോദ്യങ്ങൾ, സ്‌പോട്ട് ഡാൻസ്, പാട്ട് തുടങ്ങി നിരവധി പരിപാടികൾ സംഘടിപ്പിച്ചു. പങ്കെടുക്കുന്ന കുട്ടികൾക്കെല്ലാം സമ്മാനവും നൽകുന്നുണ്ട്. ഇതിനെല്ലാം പുറമെ കുട്ടികളുമായി കെഎസ്ആർടിസിയുടെ ഡബിൾ ഡെക്കർ ബസിൽ കോട്ടയം സിറ്റിയിൽ ഒരുകറക്കവും ഒരുക്കിയിരുന്നു. വനിതാശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സൈക്കോ സോഷ്യൽ കൗൺസിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഉപ്പ്മാവ് മുതൽ പുഡിങ് വരെ രുചിയേറും പല വിഭവങ്ങൾ അങ്കണവാടിയിലുണ്ട്. അമൃതംപൊടി കൊണ്ടുള്ള തകർപ്പൻ വിഭവങ്ങളാണ് നിരന്നിട്ടുള്ളത്. കേക്ക്, ഹൽവ, ലഡു എന്നുവേണ്ട എന്തും സ്വാദിഷ്ടമാക്കാൻ അമൃതം പൊടി മതിയെന്ന് അടിവരയിടുന്നു. അമൃതം പൊടി കഴിക്കാൻ കുട്ടികൾ മടി കാണിക്കുന്നതിനാൽ പ്രയോഗിച്ച സൂത്രമാണ് സ്വാദൂറും വിഭവങ്ങളായത്. അങ്കണവാടി ജീവനക്കാരും കുട്ടികളുടെ അമ്മമാരുമാണ് പാചകക്കാർ. വിഭവങ്ങളുടെ പാചകക്കുറിപ്പും പ്രദർശിപ്പിച്ചിട്ടുണ്ട്. അതിനോടൊപ്പം, പോഷക ഗുണമാർന്ന വ്യത്യസ്തമാർന്ന ജ്യൂസുകളും ഇവിടെയുണ്ട്. സ്റ്റാൾ സന്ദർശിക്കുന്നവർക്ക് ഇത് രുചിച്ച് നോക്കാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..