19 April Friday
ചിങ്ങവനം – ഏറ്റുമാനൂർ റെയിൽവേ ഇരട്ടപ്പാത

സുരക്ഷാ പരിശോധന നാളെ

സ്വന്തം ലേഖകൻUpdated: Sunday May 22, 2022
കോട്ടയം
ചിങ്ങവനം മുതൽ മുതൽ ഏറ്റുമാനൂർ വരെയുള്ള ഇരട്ടപ്പാത കമീഷൻ ചെയ്യാൻ സുരക്ഷാ പരിശോധനയുടെ ഭാഗമായി മോട്ടോർ ട്രോളി പരിശോധനയും വേഗ പരിശോധനയും തിങ്കളാഴ്‌ച രാവിലെ 8.30 ന് പാറോലിക്കൽ ലെവൽ ക്രോസിൽനിന്ന് ആരംഭിക്കുമെന്ന് തോമസ് ചാഴികാടൻ എംപി അറിയിച്ചു. റെയിൽവേ ചീഫ് എൻജിനിയർ (കൺസ്ട്രക്ഷൻ) രാജഗോപാൽ എംപിയുമായി കൂടിക്കാഴ്ച നടത്തി.
കമീഷൻ ഓഫ് റെയിൽവേ സേഫ്റ്റി അഭയകുമാർ റായി ആണ് പരിശോധനയ്ക്ക് നേതൃത്വം നൽകുക. പുതിയപാതയിൽ ഏഴ് മോട്ടോർ ട്രോളികൾ പരിശോധനയ്ക്ക് ഉപയോഗിക്കും.
പാറോലിക്കൽ ലെവൽ ക്രോസിൽ നിന്നാരംഭിച്ച്‌ കോട്ടയം റെയിൽവേ സ്റ്റേഷൻ വരെയും, മുട്ടമ്പലത്തുനിന്ന് ചിങ്ങവനം സ്റ്റേഷൻവരെയും പരിശോധന നടത്തും. 
റെയിൽവേ പാലങ്ങളുടെയും, ലെവൽ ക്രോസുകളുടെയും, ഇലക്ട്രിക്കൽ പോസ്റ്റുകളുടെയും പ്രവർത്തനക്ഷമതാ പരിശോധന പൂർത്തിയായി കഴിഞ്ഞാൽ ഉച്ചകഴിഞ്ഞ് ചിങ്ങവനം റെയിൽവേ സ്റ്റേഷനിൽ എംപിയും റെയിൽവേ ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന അവലോകന യോഗം നടക്കും.
ഉച്ചയ്ക്കുശേഷം പാറോലിക്കൽ ലെവൽ ക്രോസിൽ നിന്ന്‌ പാതയിലൂടെ 110 കിലോമീറ്റർ വേഗതയിൽ രണ്ട് ബോഗികളുള്ള ട്രാക്ക് റെക്കോർഡിങ് കാർ (ഓക്സിലേഷൻ മോണിറ്ററിങ് സിസ്റ്റം) ഉപയോഗിച്ച് വേഗ പരിശോധന നടത്തും. രണ്ടാമത്തെ വേഗ പരിശോധന മുട്ടമ്പലം ലെവൽക്രോസ് മുതൽ ചിങ്ങവനം വരെ നടത്തും. വൈകിട്ട് അഞ്ചിന് വേഗ പരിശോധന പൂർത്തിയാക്കുന്നതോടെ, സി ആർ എസ് സുരക്ഷാ സംബന്ധമായ കാര്യങ്ങൾ വിശകലനം ചെയ്യും. 28 ന് മുമ്പ് ഏറ്റുമാനൂർ, കോട്ടയം സ്റ്റേഷനുകളിലെ ലിങ്ക് കണക്ട് ചെയ്യും. തുടർന്ന്‌ ചിങ്ങവനം മുതൽ ഏറ്റുമാനൂർ വരെയുള്ള ഇരട്ടപ്പാതയ്ക്ക് അംഗീകാരം ലഭിക്കുകയും കമ്മീഷനിങ്‌ നടപടികൾ പൂർത്തിയാക്കുകയും ചെയ്യും.
28 നകം രണ്ട്, മൂന്ന്, നാല്, അഞ്ച് പ്ലാറ്റ്ഫോമുകൾ പ്രവർത്തനക്ഷമമാകും. 1, 1 A പ്ലാറ്റ്ഫോമുകൾ മൂന്ന്‌ ആഴ്ചകൾക്കുശേഷം പ്രവർത്തനക്ഷമമാകും. കോട്ടയം വഴി വടക്കോട്ട് പോകുന്ന എല്ലാ ട്രെയിനുകൾക്കുമായി ഒന്നാംനമ്പർ പ്ലാറ്റ്ഫോം 745 മീറ്ററായി നീട്ടിയിട്ടുണ്ട്. കോട്ടയത്തുനിന്ന് എറണാകുളത്തേക്ക് പോകുന്ന ട്രെയിനുകൾക്ക് ആയുള്ള 1 A പ്ലാറ്റ്ഫോമിന് 321 മീറ്റർ നീളമുണ്ട്. ചരക്ക് ഗതാഗതത്തിനായി മാത്രമുപയോഗിക്കുന്ന ആറാംനമ്പർ പ്ലാറ്റ്ഫോം ഉൾപ്പെടെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഏഴ് പ്ലാറ്റ്ഫോമുകൾ ഉണ്ടാകുമെന്ന്‌ എംപി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top