20 April Saturday

അഞ്ചാമത്‌ ആർഐഎൻഎഫ്‌എഫ്‌ മൂവാറ്റുപുഴയിൽ നാളെ മുതൽ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023

 

കോട്ടയം
അഞ്ചാമത്‌ റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്‌റ്റിവൽ (ആർഐഎൻഎഫ്‌എഫ്‌) മൂവാറ്റുപുഴ നിർമല കോളേജിൽ 23, 24 തീയതികളിൽ സംഘടിപ്പിക്കുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ 23 ന് രാവിലെ പത്തിന്‌ ചേരുന്ന യോഗത്തിൽ ഈ വർഷം പ്രകൃതി പുരസ്‌കാരത്തിന്‌ അർഹനായ ഡോ. ഇ ഉണ്ണികൃഷ്‌ണൻ(കാവുണ്ണി) മേള ഉദ്‌ഘാടനം ചെയ്യും. സംവിധായകൻ രഞ്‌ജി പണിക്കർ മുഖ്യാതിഥിയാകും. പ്രിൻസിപ്പൽ ഡോ. കെ വി തോമസ് അധ്യക്ഷനാകും. ‘ദി ഹാർട് ഓഫ് ബെയ്ക്കൽ’ എന്ന റഷ്യൻ ചിത്രം പ്രദർശിപ്പിച്ച്‌ മേള ആരംഭിക്കും. 
ബേർഡ്‌സ്‌ ക്ലബ്‌ ഇന്റർനാഷണലുമായി സഹകരിച്ച്‌, പ്രകൃതി സംരക്ഷണം ഇതിവൃത്തമാക്കിയ സിനിമകളുടെ അന്താരാഷ്‌ട്ര മത്സരവേദിയാണിത്‌. 23 ഫീച്ചർ സിനിമകൾ മത്സരിക്കുന്ന ഇന്റർനാഷണൽ വിഭാഗത്തിന്റെ ജൂറി ചെയർമാൻ സംവിധായകൻ ഗിരീഷ് കാസറവള്ളിയാണ്. നടി ബിജയാ ജേന, സംവിധായകൻ കവിയൂർ ശിവപ്രസാദ് എന്നിവരാണ്‌ അംഗങ്ങൾ. ഫിലിം ജേണലിസ്റ്റ് ഡോ. ഖാലിദ് അലിയാണ് ഇന്റർനാഷണൽ പ്രോഗ്രാമർ. സ്കൂൾ –- കോളേജ് വിദ്യാർത്ഥികൾക്ക്‌ വേണ്ടി ഹ്രസ്വ ചിത്രം, ഡോക്യുമെന്ററി മത്സരവും അരങ്ങേറും. മികച്ച സ്കൂൾ ചിത്രത്തിന് ഗോൾഡൻ ഔൾ –- മികച്ച കോളേജ് ചിത്രത്തിന് ഗോൾഡൻ ഹോൺബിൽ പുരസ്കാരങ്ങൾ നൽകും. പ്രത്യേക ജൂറി പരാമർശം നേടുന്ന  ചിത്രത്തിന്‌ ഗോൾഡൻ ബട്ടർഫ്‌ളൈ പുരസ്കാരം നൽകും. ആദ്യ വർഷം മൂന്നാറിലും തുടർന്ന് കുമരകത്തും ലോക്ഡൗൺ സമയത്ത്  ഓൺലൈനായും കഴിഞ്ഞ വർഷം കോട്ടയം സിഎംഎസ് കോളേജിലും നടന്ന ഫെസ്റ്റിവൽ വൻ വിജയമായി. വാർത്താസമ്മേളനത്തിൽ സംവിധായകരായ ജയരാജ്‌, പ്രദീപ്‌ എം നായർ എന്നിവർ പങ്കെടുത്തു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top